ഫിഫ്റ്റിയടിച്ച് ഇന്ത്യ; മിക്‌സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീമിന് വെള്ളി

ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. മെഡല്‍ നേട്ടം 50ലെത്തിച്ചാണ് ഇന്ത്യ പത്താം ദിനം ആഘോഷിച്ചത്
ഫിഫ്റ്റിയടിച്ച് ഇന്ത്യ; മിക്‌സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീമിന് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനത്തില്‍ ഇന്ത്യന്‍ മുന്നേറ്റം തുടരുന്നു. മെഡല്‍ നേട്ടം 50ലെത്തിച്ചാണ് ഇന്ത്യ പത്താം ദിനം ആഘോഷിച്ചത്. പ്രതീക്ഷിച്ച ചില ഇനങ്ങളില്‍ സ്വര്‍ണം നേടാന്‍ സാധിക്കാഞ്ഞത് മാത്രമാണ് ഇന്ത്യക്ക് നിരാശയുണ്ടാക്കിയത്. 

പത്താം ദിനമായ ഇന്ന് ഒരു സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഒന്‍പത് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഒന്‍പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

4- 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ മലയാളി താരം മുഹമ്മദ് അനസ് ഉള്‍പ്പെട്ട ടീം വെള്ളി നേടി. അനസിനെ കൂടാതെ പൂവമ്മ, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവരാണ് റിലേ ടീമിലുണ്ടായിരുന്നത്. 3:15.71 മിനുട്ടിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. 3:11.89ല്‍ ഫിനിഷ് ചെയ്ത ബഹ്‌റൈനാണ് സ്വര്‍ണം. കസാഖിസ്ഥന്‍ വെങ്കലം നേടി. 

നേരത്തെ പുരുഷ വിഭാഗം 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മന്‍ജിത് സിങ്ങാണ് (1:46.15) ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ (1:46.35) വെള്ളി നേടി. കുറാഷ് വനിതാ വിഭാഗത്തില്‍ (52 കിലോ) പിങ്കി ബല്‍ഹാരയും വെള്ളി നേടി. ഇതേ ഇനത്തില്‍ മാലപ്രഭാ യാദവ് വെങ്കലവും നേടി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവും അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തില്‍ പുരുഷ, വനിതാ ടീമുകളും പത്താം ദിനം ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചു.

ടേബിള്‍ ടെന്നിസ് ടീം ഇനത്തില്‍ സെമിയില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ പുരുഷ ടീമും ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ടേബിള്‍ ടെന്നിസ് മെഡലാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com