ഒറ്റയാനായി ശതകം തികച്ച് പുറത്താകാതെ പൂജാര; ഇന്ത്യക്ക് 27 റൺസ് ലീഡ്

ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ‍്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 273 റൺസിന് പുറത്തായി
ഒറ്റയാനായി ശതകം തികച്ച് പുറത്താകാതെ പൂജാര; ഇന്ത്യക്ക് 27 റൺസ് ലീഡ്

സതാംപ്ടണ്‍: ഇം​ഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ ലീഡ‍്. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 246 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 273 റൺസിന് പുറത്തായി. 27 റൺസിന്റെ നേരിയ മുൻതൂക്കമാണ് ഇന്ത്യക്ക് സ്വന്തമായത്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇം​ഗ്ലണ്ട് രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റൺസെന്ന നിലയിലാണ്. രണ്ട് റൺസുമായി അലിസ്റ്റർ കുക്കും നാല് റൺസുമായി കീറ്റൻ ജെന്നിങ്സുമാണ് ക്രീസിൽ. 

നേരത്തെ മികച്ച തുടക്കത്തിന് ശഷമാണ് ഇന്ത്യ തകർന്നുപോയത്. വൻ തകർച്ചയുടെ പടുകുഴിയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച ഇന്ത്യയെ കരകയറ്റിയത് ശതകവുമായി ഒരറ്റം കാത്ത് ഒറ്റയാൾ പോരാട്ടം പുറത്തെടുത്ത ചേതേശ്വർ പൂജാരയുടെ മികവാണ്. കൂട്ടുകാരെല്ലാം മടങ്ങി ഇന്ത്യയുടെ ഇന്നിങ്സിന് തിരശ്ശീല വീഴുമ്പോൾ 132 റൺസുമായി പൂജാര പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസുമായി മികച്ച സ്കോറിലേക്കു കുതിച്ച ഇന്ത്യ, 34 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി കൂട്ടത്തകർച്ച ചോദിച്ചുവാങ്ങി. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് പൂജാര ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. 

വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യം ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. സ്കോർ 37ൽ നിൽക്കുമ്പോഴായിരുന്നു രാഹുലിന്റെ പുറത്താകൽ. 24 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 19 റൺസെടുത്ത രാഹുലിനെ സ്റ്റുവർട്ട് ബ്രോഡ് എൽബിയിൽ കുരുക്കി. സ്കോർ 50ൽ എത്തിയപ്പോൾ ധവാനും പുറത്തായി. ഭേദപ്പെട്ട രീതിയിൽ ബാറ്റു ചെയ്തു വന്ന ധവാനെ ബ്രോഡ് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറിന്റെ കൈകളിലെത്തിച്ചു. പിന്നാലെ  ക്യാപ്റ്റൻ വിരാട് കോഹ്‍ലി- പൂജാര സഖ്യം നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ രക്ഷിച്ചത്. മൂന്നാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത ഇരുവരും ഇന്ത്യൻ സ്കോർ 100 കടത്തി. എന്നാൽ, സ്കോർ ബോർഡിൽ 142 റൺസുള്ളപ്പോൾ കോഹ്‍ലി പുറത്തായി. 71 പന്തിൽ ആറു ബൗണ്ടറികളോടെ 46 റൺസെടുത്ത കോഹ്‍ലിയെ സാം കുറൻ സ്ലിപ്പിൽ അലിസ്റ്റർ കുക്കിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റിൽ പൂജാര–കോഹ്‍ലി സഖ്യം 92 റൺസ് കൂട്ടിച്ചേർത്തു. 

210 പന്തിൽ 11 ബൗണ്ടറികളോടെയാണ് പൂജാര സെഞ്ച്വറി തികച്ചത്. ടെസ്റ്റിലെ താരത്തിന്റെ പതിനഞ്ചാം ശതകമാണിത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നടുവൊടിച്ചത്. കോഹ്‌ലി 71 പന്തിൽ 46 റൺസുമായി പുറത്തായി. ശിഖർ ധവാൻ (53 പന്തിൽ 23), ലോകേഷ് രാഹുൽ (24 പന്തിൽ 19), അജിൻക്യ രഹാനെ (14 പന്തിൽ 11), റിഷഭ് പന്ത് (29 പന്തിൽ 0), ഹാർദിക് പാണ്ഡ്യ (അഞ്ച് പന്തിൽ നാല്), അശ്വിൻ (ഏഴ് പന്തിൽ ഒന്ന്), മുഹമ്മദ് ഷമി (0), ഇഷാന്ത് ശർമ (27 പന്തിൽ 14), ജസ്പ്രിത് ബുമ്റ (24 പന്തിൽ ആറ്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ. എട്ടിന് 195 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇഷാന്ത് ശർമ, ബുമ്റ എന്നിവരെ കൂട്ടുപിടിച്ച് 78 റൺസ് കൂടി സ്കോർ ബോർ‍ഡിൽ ചേർത്താണ് പൂജാര ഇന്ത്യയെ നേരിയ ലീഡിലേക്ക് നയിച്ചത്. സ്റ്റുവർട്ട് ​ബ്രോഡ് മൂന്നും സാം കുറൻ, ബെൻ സ്റ്റോക്സ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com