രമേഷ് പവാര്‍ പുറത്ത് ; കാലാവധി നീട്ടിനല്‍കിയില്ല ; വനിതാ ടീം പരിശീലകനായി ടോം മൂഡിയും ഡേവ് വാറ്റ്‌മോറും പരിഗണനയില്‍ ?

രണ്ട് വര്‍ഷ കാലയളവിലേക്കാണ് പരിശീലകനെ നിയമിക്കുന്നത്
രമേഷ് പവാര്‍ പുറത്ത് ; കാലാവധി നീട്ടിനല്‍കിയില്ല ; വനിതാ ടീം പരിശീലകനായി ടോം മൂഡിയും ഡേവ് വാറ്റ്‌മോറും പരിഗണനയില്‍ ?

മുംബൈ : ട്വന്റി-20 ലോകകപ്പ് മല്‍സരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഏകദിന വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജുമായുള്ള വഴക്ക് പരിശീലകന്‍ രമേഷ് പവാറിന് തിരിച്ചടിയായി. ഇടക്കാല പരിശീലകന്‍ രമേഷ് പവാറിനെ കോച്ചായി നിലനിര്‍ത്തിയേക്കുമെന്ന അഭ്യഹങ്ങള്‍ തള്ളി, ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചു. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഇന്റര്‍വ്യൂ ഈ മാസം 20 ന് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രണ്ട് വര്‍ഷ കാലയളവിലേക്കാണ് പരിശീലകനെ നിയമിക്കുന്നത്. അപേക്ഷകന്‍ 60 വയസ്സില്‍ താഴെയായിരിക്കണം. മുഴുവന്‍ സമയ പരിശീലകനായി ടീമിനൊപ്പം സേവനം അനുഷ്ഠിക്കണമെന്നും ബിസിസിഐ അപേക്ഷയില്‍ വ്യക്തമാക്കുന്നു. അപേക്ഷകന് അന്താരാഷ്ട്ര മല്‍സര പരിചയം ഉണ്ടായിരിക്കണമെന്നും, കളിക്കാരുമായി ഇടപഴകാനും അവരെ മാനേജ് ചെയ്യാനും കഴിവുണ്ടായിരിക്കണമെന്നും ബിസിസിഐ നിഷ്‌കര്‍ഷിക്കുന്നു. 

ഇന്ത്യയ്‌ക്കോ, മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കോ വേണ്ടി കളിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ ആഭ്യന്തര തലത്തില്‍ സി ലെവല്‍ കോച്ച് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കോച്ചിംഗ് സര്‍ട്ടിഫിക്കറ്റും 50 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളവര്‍ക്കും അപേക്ഷ നല്‍കാമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. 

നേരത്തെ ഇടക്കാല കോച്ചായ രമേഷ് പവാറിനെ വനിതാടീം പരിശീലക സ്ഥാനത്ത് നിലനിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് സെമി മല്‍സരത്തില്‍ നിന്നും സീനിയര്‍ താരമായ മിതാലി രാജിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് രമേഷ് പവാറിന് തിരിച്ചടിയായത്. പവാറിന്റെ കാലാവധി വെള്ളിയാഴ്ച (നവംബര്‍ 30 ന്) അവസാനിച്ചിരുന്നു

മിതാലിയെ പോലുള്ള സീനിയര്‍ താരത്തെ ഒഴിവാക്കുന്നതിന് മുമ്പ് കോച്ച് അവരുമായി കൂടിയാലോചന നടത്തണമായിരുന്നു. ബാഹ്യസമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ അത് ചെറുക്കാന്‍ മുഖ്യകോച്ച് എന്ന നിലയില്‍ ധൈര്യം കാണിക്കണമായിരുന്നു എന്നും ബിസിസിഐ അധികൃതര്‍ വിലയിരുത്തുന്നു. ടീമിന്റെ ഐക്യം തകര്‍ക്കുന്ന തലത്തിലേക്ക് വിവാദം വലിച്ചിഴച്ചതിലും ബിസിസിഐക്ക് അതൃപ്തിയുണ്ട്. 

ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, ഓസ്‌ട്രേലിയക്കാരനും ശ്രീലങ്കയെ ലോകചാമ്പ്യന്മാരാക്കിയ പരിശീലകനുമായ ഡേവ് വാറ്റ്‌മോര്‍ എന്നിവരെയാണ് ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. വാറ്റ്‌മോര്‍ ഇപ്പോള്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാണ്. കൂടാതെ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദിനെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com