രമേശ് പവാറിന് പകരം കുംബ്ലേ ആയിരുന്നെങ്കിലോ? കോഹ് ലിക്ക് കിട്ടാത്ത പിന്തുണ മിതാലിക്ക് കിട്ടുന്നത് എങ്ങിനെ? 

രമേശ് പവാറിന് പകരം കുംബ്ലേ ആയിരുന്നെങ്കിലോ? കോഹ് ലിക്ക് കിട്ടാത്ത പിന്തുണ മിതാലിക്ക് കിട്ടുന്നത് എങ്ങിനെ? 

രമേശ് പവാര്‍-മിതാലി കൊമ്പുകോര്‍ക്കല്‍ മറനീക്കി പുറത്തു വന്നപ്പോള്‍ മിതാലിക്കൊപ്പമായിരുന്നു ഭൂരിഭാഗം പേരും. ഇന്ത്യയ്ക്ക് മിതാലി നല്‍കിയ സംഭാവനകളില്‍ ഊന്നിയായിരുന്നു ആ പിന്തുണ. എന്നാല്‍, രമേശ് പവാറിന് പകരം അനില്‍ കുംബ്ലേ ആയിരുന്നു ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ എങ്കില്‍ ഇതേ വിവാദത്തില്‍ എന്തായിരിക്കും ഭൂരിഭാഗത്തിന്റെ അഭിപ്രായം? 

പവാറിന്റെ കരിയര്‍ സ്റ്റാറ്റ്‌സുകള്‍ ഒപ്പം ചേര്‍ത്തായിരുന്നു മിതാലിക്കൊപ്പം അവര്‍ നിന്നത്. എന്നാല്‍ രമേശ് പവാറിന് പൂര്‍ണ പിന്തുണയുമായി സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീതും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വന്നു കഴിഞ്ഞു. മിതാലി രാജിനെ ലോക കപ്പ് സെമിക്ക് ഇറങ്ങുന്ന പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുവാനുള്ള തീരുമാനത്തില്‍ ടീം അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്ന് വ്യക്തം. 

ഹര്‍മന്‍പ്രീത് ബിസിസിഐക്ക് അയച്ച കത്തില്‍ നിന്ന് തന്നെ വായിച്ചെടുക്കാം പവാര്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചുവെന്ന്. ടീമിന്റെ വിശ്വാസം നേടാന്‍ പവാറിനായി. മുതിര്‍ന്ന താരം എന്ന നിലയില്‍ കൂടുതല്‍ പ്രതീക്ഷ മിതാലിയില്‍ വെച്ച് നിര്‍ദേശങ്ങള്‍ പവാര്‍ മിതാലിക്ക് നല്‍കിയിരുന്നിരിക്കാം, ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തുന്നത് ഉള്‍പ്പെടെ. എന്നാല്‍ പവാര്‍ എടുത്ത നിലപാടുകളില്‍ നിന്നും ശ്രദ്ധ കൊടുക്കാതെ, മിതാലിയുടെ നേട്ടങ്ങളിലൂന്നിയാണ് ഉയര്‍ന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും. 

കോഹ് ലിയും കുംബ്ലേയും തമ്മിലുള്ള പ്രശ്‌നം പുറത്തറിഞ്ഞ സമയം കോഹ് ലിക്കെതിരെയായിരുന്നു പൊതുവികാരം, കോഹ് ലി ഇന്ത്യയുടെ മികച്ച കളിക്കാരന്‍ ആയിരുന്നിട്ടും. കോഹ് ലിയുടെ ധാര്‍ഷ്ട്യം, കൂടുതല്‍ അധികാരം നേടിയെടുക്കാന്‍ കോഹ് ലിയുടെ ശ്രമം എന്നെല്ലാം അന്ന് അഭിപ്രായം ഉയര്‍ന്നു. കുംബ്ലേയുടെ ഇതിഹാസ ക്രിക്കറ്റ് താരം എന്ന പ്രതിച്ഛായയായിരുന്നു അന്ന് അവിടെ കോഹ് ലിക്കെതിരെ വികാരം ഉണര്‍ത്തിയത്. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രമേശ് പവാറിന്റെ സ്ഥാനത്ത് കുംബ്ലേ ആയിരുന്നു എങ്കില്‍, ഈ വിവാദത്തില്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കുമോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ സ്വീകരിക്കുക? കുംബ്ലേയെ വിമര്‍ശിക്കുന്നതിന് മുന്‍പ്, അദ്ദേഹത്തിന് പറയുവാനുള്ള കേള്‍ക്കാന്‍ നമ്മള്‍ തയ്യാറാകുമായിരുന്നില്ലേ? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com