മലക്കം മറിഞ്ഞ് മഞ്ഞപ്പട, ഇനി സ്റ്റേഡിയം നിറയ്ക്കണം എന്ന്; നന്നായി കളിച്ചാല്‍ താനേ നിറഞ്ഞോളുമെന്ന് ആരാധകര്‍

നിറയാത്ത ഗ്യാലറിക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ജംഷഡ്പൂരിനെതിരെ ആവനാഴിയിലെ അമ്പെല്ലാം പുറത്തെടുത്ത് കളിച്ചത്
മലക്കം മറിഞ്ഞ് മഞ്ഞപ്പട, ഇനി സ്റ്റേഡിയം നിറയ്ക്കണം എന്ന്; നന്നായി കളിച്ചാല്‍ താനേ നിറഞ്ഞോളുമെന്ന് ആരാധകര്‍

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ കളിക്കുമ്പോള്‍ ഗ്യാലറിയില്‍ മഞ്ഞപ്പട ആര്‍ത്തിരമ്പുകയാണ് പതിവ്. പക്ഷേ ജംഷഡ്പൂരിനെതിരെ അഞ്ചാം സീസണിലെ പത്താം മത്സരം കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയപ്പോള്‍ അങ്ങിനെയായിരുന്നില്ല കാര്യങ്ങള്‍. നിറയാത്ത ഗ്യാലറിക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ജംഷഡ്പൂരിനെതിരെ ആവനാഴിയിലെ അമ്പെല്ലാം പുറത്തെടുത്ത് കളിച്ചത്. 

ജര്‍മന്‍ താരം മത്തേവൂസ് എത്തുമ്പോള്‍ കൊച്ചിയിലെ കാണികള്‍ നിങ്ങളുടെ ഹൃദയത്തില്‍ തൊടുമെന്ന് വിനീത് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ചാണ് മാത്തേവൂസ് മടങ്ങിയത്. കളിയില്‍ എപ്പോഴും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണം എന്നില്ലെന്ന് മാത്തേവൂസ് ആരാധകരെ ഓര്‍മിപ്പിച്ചു. 

തുടരെ സമനില വഴങ്ങിയും തോറ്റും വരുന്നതിലെ നിരാശയെ തുടര്‍ന്നായിരുന്നു സ്‌റ്റേഡിയം ഒഴിച്ചിടല്‍ പ്രതിഷേധവുമായി ആരാധകരെത്തിയത്. കളി കാണണം എന്നുള്ളവര്‍ക്ക് അവരുടെ വ്യക്തിപരമായ തീരുമാനം അനുസരിച്ച് കാണാം. ആരാധക കൂട്ടമായ മഞ്ഞപ്പട അതില്‍ ഇടപെടില്ല. എന്നാല്‍ പ്രതിഷേധം പ്രകടിപ്പിക്കുകയാവും ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ തങ്ങളെന്ന് മഞ്ഞപ്പട വ്യക്തമാക്കിയിരുന്നു. 

എന്നാലിപ്പോള്‍ നിലപാട് മാറ്റി വരികയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ. പുനെയ്‌ക്കെതിരായ മത്സരത്തില്‍ സ്റ്റേഡിയം നിറച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സന്തോഷിപ്പിക്കുവാനാണ് മഞ്ഞപ്പടയുടെ ആഹ്വാനം. ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ അവര്‍ നമ്മളെ സന്തോഷിപ്പിച്ചു. പൂനെയ്‌ക്കെതിരെ സ്റ്റേഡിയം നിറച്ച് നമുക്കവരെ തിരിച്ച് സന്തോഷിപ്പിക്കാം എന്നാണ് മഞ്ഞപ്പട പറയുന്നത്. 

312 ദിവസമായി സ്വന്തം മണ്ണില്‍ നമ്മള്‍ ജയിച്ചിട്ടില്ല. വെള്ളിയാഴ്ച നമുക്ക് ഹോം മത്സരമാണ്. സ്വന്തം തട്ടകത്തിലെ തോല്‍വിയുടെ ചരിത്രം മാറ്റി എഴുതേണ്ടതുണ്ട്. വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്‌റ്റേഡിയത്തില്‍ വിസ്‌ഫോടനം തീര്‍ക്കേണ്ടതുണ്ട് എന്നും മഞ്ഞപ്പട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ആദ്യം കളി ജയിക്കട്ടേ, എന്നിട്ട് കളി കാണാന്‍ വരാം എന്നാണ് ആരാധകരുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com