രണ്ടാം ഇന്നിങ്‌സ് ജനപ്രതിനിധിയായി? നിന്നതത്രയും പൊരുതി പൊരുതിയെന്ന് ചരിത്രം പറയും

വിട്ടുകൊടുക്കാതെ പൊരുതിയ ആ പോക്ക് പക്ഷേ ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായം അണിയണം എന്ന ആഗ്രഹത്തിന് മുന്നില്‍ മാത്രം തോറ്റു
രണ്ടാം ഇന്നിങ്‌സ് ജനപ്രതിനിധിയായി? നിന്നതത്രയും പൊരുതി പൊരുതിയെന്ന് ചരിത്രം പറയും

നമ്മളില്‍ പലരുടേയും ഡ്രീം ഇലവനില്‍ ഗൗതം ഗംഭീര്‍ എന്ന പേരുണ്ടാവില്ല. ദാദയെ പോലെ പിഴവ് തെല്ലുമില്ലാതെ കവര്‍ ഡ്രൈവ് പായിക്കുന്ന ശോഭയുള്ള ഇടംകയ്യനല്ല. യുവിയെ പോലെ ബാറ്റ് സ്വിങ്ങ് ചെയ്യിക്കാനുള്ള മിടുക്കുമില്ല. സെവാഗിന്റേതുപോലെ അത്ഭുതപ്പെടുത്തില്ല. ധോനുയുടെ ശാന്തതയുമില്ല, കോഹ് ലിയുടെ കഴിവും. നെഞ്ചുറപ്പ് കൊണ്ട് പിടിച്ചു കയറുകയായിരുന്നു ഗൗതം ഗംഭീര്‍.

13 മണിക്കൂര്‍ നീണ്ട നാപ്പിയറിലെ മാരത്തോണ്‍ ഇന്നിങ്‌സും, ഗാംഗുലിയുടെ പുറത്താകലിന് ഈഡന്‍ ഗാര്‍ഡനിലെ രോക്ഷാകുലരായ കാണികള്‍ക്ക് മുന്‍പിലെ പ്രകടനവും ഗംഭീറെന്ന ബാറ്റ്‌സ്മാന്റെ ആഴം വ്യക്തമാക്കിയതാണ്. വാങ്കെടേയില്‍ ലോക കപ്പ് ഫൈനലില്‍ രണ്ട് വിക്കറ്റ് വീണ് നില്‍ക്കെയായിരുന്നു ഗംഭീര്‍ നമ്മളെ താങ്ങിപ്പിടിച്ചത്. വിട്ടുകൊടുക്കാതെ പൊരുതിയ ആ പോക്ക് പക്ഷേ ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായം അണിയണം എന്ന ആഗ്രഹത്തിന് മുന്നില്‍ മാത്രം തോറ്റു. 

പതിനൊന്നാം ഐപിഎല്‍ സീസണില്‍ ആറ് തോല്‍വികള്‍ക്ക് ശേഷം മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തന്നെ ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനം വ്യക്തമായിരുന്നു. കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച് പുറത്തുവിട്ട വീഡിയോ ആ അധ്യായം ഔദ്യോഗികമായി അടച്ചുവെന്ന് മാത്രം. 2007ലെ ലോക കപ്പ് ട്വന്റി20യിലും, 2011 ലോക കപ്പിലും ടോപ് സ്‌കോററായിരുന്നിട്ടും ധോനിക്ക് പിന്നിലായിരുന്നു നമ്മുടെ കണ്ണില്‍ ഗംഭീറിന്റെ സ്ഥാനം. 

2003 മുതല്‍ 2007 വരെ ഇന്ത്യ ഗംഭീറിനോട് നീതി കാണിച്ചിരുന്നില്ല. 2007-08 രഞ്ജി ട്രോഫി ഫൈനലില്‍ കൈപ്പടം മുറിഞ്ഞ വേദന അടക്കിപ്പിടിച്ച് നേടിയ ആ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് ഗംഭീറിനെ തിരികെ എത്തിച്ചത്. സെവാഗുമായി കിടിലന്‍ കൂട്ടുകെട്ട് തീര്‍ത്തതോടെ പിന്നീടുള്ള നാല് വര്‍ഷം ഗംഭീറിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 

ലോക കപ്പിന് ശേഷമുള്ള മോശം ഫേമായിരുന്നു വീഴ്ചയുടെ തുടക്കം. കൊല്‍ക്കത്തയെ രണ്ട് വട്ടം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ചുവെങ്കിലും ലോക കപ്പ് വരെ വിലയിരുത്തപ്പെട്ട ഇമേജ് പിന്നെ ഗംഭീറിന് ലഭിച്ചില്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലാതെ ഉഴറിയതോടെ കാര്യങ്ങള്‍ തിരികെ പിടിക്കാന്‍ വയ്യാത്ത വിധം കൈവിട്ടിരുന്നു. 

ക്രിക്കറ്റിലെ ആ നെഞ്ചുറപ്പ് തന്നെയാണ് പുറത്തും അദ്ദേഹത്തിന്. നിലപാടുകള്‍ ഗംഭീറിനോളം ഉറക്കെ പറഞ്ഞിരിക്കുന്ന മറ്റ് ക്രിക്കറ്റ് താരങ്ങളുണ്ടാവില്ല. അജയ് ജഡേജയുടേയും മനോജ് പ്രഭാകറിന്റേയും പരിശീലനത്തിന് കീഴില്‍ കളിക്കില്ലെന്ന് ഗംഭീര്‍ തുറന്നു പറഞ്ഞിരുന്നു. സ്‌കോര്‍ കണ്ടെത്താന്‍ വിഷമിച്ചിരുന്ന ഒരു ഡല്‍ഹി താരത്തെ സമ്മര്‍ദ്ദത്തിലാക്കുന്ന വാക്കുകളുമായെത്തിയ സെലക്ടറെ ശകാരിക്കാന്‍ ഗംഭീര്‍ ഭയപ്പെട്ടില്ല. 

സമൂഹമാധ്യമങ്ങളിലൂടെ എന്നും രാഷ്രീയ നിലപാടുകളും ഗംഭീര്‍ വ്യക്തമാക്കി പോന്നു. ആരേയും പേടിക്കാത്ത, എന്നും ഉറച്ച നിലപാടുകള്‍ ചേര്‍ത്തു പിടിക്കുന്ന ഗംഭീറിന്റെ രണ്ടാം ഇന്നിങ്‌സ് എങ്ങിനെയാവും? ബിസിസിഐയുടെ ബോര്‍ഡ് റൂമിലാകുമോ, അതോ ജനപ്രതിനിധിയായി പാര്‍ലമെന്റിനുള്ളിലാകുമോ എന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com