മുന്‍ നിര ശോകം, കൂട്ടുകെട്ട് ഉയര്‍ത്താനാവാതെ മധ്യനിര; പൂജാരയുടെ ചെറുത്ത് നില്‍പ്പില്‍ ആദ്യ ദിനം തടിതപ്പി ഇന്ത്യ

ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്നിടത്ത് നിന്നാണ് പൂജാര ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്
മുന്‍ നിര ശോകം, കൂട്ടുകെട്ട് ഉയര്‍ത്താനാവാതെ മധ്യനിര; പൂജാരയുടെ ചെറുത്ത് നില്‍പ്പില്‍ ആദ്യ ദിനം തടിതപ്പി ഇന്ത്യ

പൂജാരയിലൂടെ അഡ്‌ലെയ്ഡില്‍ ആദ്യ ദിനം പിടിച്ചു കയറി ഇന്ത്യ. ഒരറ്റത്ത് പിടിച്ചു നിന്ന് പൂജാര ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ ആദ്യ ദിനം ഇന്ത്യയുടെ സ്‌കോര്‍ 250 റണ്‍സിലേക്ക് എത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്നിടത്ത് നിന്നാണ് പൂജാര ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ആ ഒറ്റയാള്‍ പോരാട്ടത്തിന് ഇടയില്‍ ഓസീസ് മണ്ണിലെ ആദ്യ സെഞ്ചുറിയും പൂജാര പിന്നിട്ടു. ഒടുവില്‍ റണ്‍ഔട്ടിലൂടെ പൂജാരയെ ഡ്രസിങ് റൂമിലേക്ക് മടക്കേണ്ടി വന്നു ഓസീസിന്.രാഹുലും മുരളി വിജയിയും കോഹ് ലിയും പൂര്‍ണ പരാജയമായപ്പോള്‍ രോഹിത്തിനേയും പന്തിനേയും അശ്വിനേയും വാലറ്റത്തേയും കൂട്ടുപിടിച്ച് സാധ്യമായ റണ്‍സ് എല്ലാം പൂജാര കൂട്ടിച്ചേര്‍ത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് രോഹിത്ത് വിക്കറ്റ് കളഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ഭദ്രമായ സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് എത്താനാകുമായിരുന്നു. 

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലേതിന് സമാനമായി ഇന്ത്യന്‍ ബാറ്റിങ് നിര വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഓസീസ് ബൗളിങ് നിര ഇന്ത്യയെ കൂടുതല്‍ വരിഞ്ഞു മുറുക്കി. ഓസീസ് ബൗളിങ് നിരയില്‍ ഇക്കണോമി റേറ്റ് മൂന്നിന് മുകളിലുള്ളത് മിച്ചല്‍ സ്റ്റാര്‍ക്കിന് മാത്രം. സ്റ്റാര്‍ക്കും ഹസല്‍വുഡും. കമിന്‍സും ലയോണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസീസ് ബൗളര്‍മാര്‍ വിട്ടുനല്‍കിയത് ഒരു എക്‌സ്ട്രാ റണ്‍ മാത്രം. 

ഏഴാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ നില്‍ക്കുമ്പോഴായിരുന്നു കോഹ് ലി ക്രീസിലേക്ക് എത്തുന്നത്. പതിനാറ് ബോളില്‍ നിന്നും മൂന്ന് റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത് നില്‍ക്കെ കമിന്‍സിന്റെ ബോളില്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ ഉഗ്രന്‍ ക്യാച്ചെടുത്ത് ഖവാജ കോഹ് ലിയെ ഡ്രസിങ് റൂമിലേക്ക് മടക്കി.

പൂജാരയോടൊപ്പം ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിന് ഇടയിലാണ് അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് രോഹിത് പവലിയനിലേക്ക് മടങ്ങിയത്.മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ രോഹിത്തിനായില്ല. തുടരെ സിക്‌സ് പറത്തുവാനുള്ള ശ്രമമാണ് രോഹിത്തിന്റെ വിക്കറ്റ് തെറിപ്പിച്ചത്. 61 ബോളില്‍ നിന്നും 37 റണ്‍സുമായി രോഹിത്തിന് മടങ്ങേണ്ടി വന്നു. നഥാനെ പ്രഹരിക്കാന്‍ ശ്രമിച്ചാണ് രോഹിത്ത് കുടുങ്ങിയത്. ഡീപ് സ്‌ക്വയറിലൂടെ സ്ലോഗ് സ്വീപ്പ് കളിച്ച രോഹിത്തിനെ ഹാരിസ് പിഴവേതുമില്ലാതെ കയ്യിലൊതുക്കി.

സന്നാഹ മത്സരത്തില്‍ മികച്ച കളി പുറത്തെടുത്ത മുരളി വിജയ് പക്ഷേ നിലയുറപ്പിക്കാനാവാതെ മടങ്ങി. കെ.എല്‍.രാഹുല്‍ പതിവ് പോലെ വന്നപാടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്ന പതിവ് ആവര്‍ത്തിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് ബൗണ്ടറികളിലൂടെ പൂജാര റണ്‍സ് കണ്ടെത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 250ല്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com