ഓസീസ് കോച്ചിന്റെ കുത്തലിന് പിന്നാലെ കോഹ് ലിയെ കൂവി സ്വീകരിച്ച് കാണികള്‍; വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍

25ാം ഓവറില്‍ കെ.എല്‍.രാഹുല്‍ പുറത്തായതിന് പിന്നാലെയായിരുന്നു കോഹ് ലി ക്രീസിലേക്ക് എത്തിയത്
ഓസീസ് കോച്ചിന്റെ കുത്തലിന് പിന്നാലെ കോഹ് ലിയെ കൂവി സ്വീകരിച്ച് കാണികള്‍; വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍

അഡ്‌ലെയ്ഡില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ കയ്യടിയോടെയായിരുന്നു കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ കാണികളുടെ സ്വീകരണം കൂവലിന്റെ രൂപത്തിലായി. ഓസീസ് കാണികളുടെ മാന്യതയില്ലാത്ത നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 

25ാം ഓവറില്‍ കെ.എല്‍.രാഹുല്‍ പുറത്തായതിന് പിന്നാലെയായിരുന്നു കോഹ് ലി ക്രീസിലേക്ക് എത്തിയത്. ഈ സമയം മുപ്പതിനായിരത്തോളം വരുന്ന കാണികളില്‍ ഒരു വിഭാഗം കൂവലോടെയാണ് ഇന്ത്യന്‍ നായകനെ രണ്ടാം ഇന്നിങ്‌സിനായി വരവേറ്റത്. എന്നാല്‍ ഓസീസ് ആരാധകരുടെ ഈ പ്രതികരണം കോഹ് ലിയെ തെല്ലും തൊട്ടിട്ടുണ്ടാവില്ലെന്ന് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ് പറയുന്നു. 

നിങ്ങള്‍ കളിയിലെ പ്രകടനം എങ്ങിനെയായിരുന്നു എന്നാണ് ഈ കൂവല്‍ വ്യക്തമാക്കുന്നത്. 2009ല്‍ ആഷസ് പരമ്പരയ്ക്കിടെ ഇംഗ്ലീഷ് കാണികളില്‍ നിന്നും തനിക്കും ഇത്തരം അനുഭവം ഉണ്ടായതായും പോണ്ടിങ് പറയുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണിലും കോഹ് ലിക്ക് നേരെ ആരാധകര്‍ കൂവിയിരുന്നു എന്നും, 149 റണ്‍സിന്റെ കിടിലന്‍ ഇന്നിങ്‌സോടെയാണ് കോഹ് ലി അന്ന് മറുപടി നല്‍കിയെന്നും ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. 

ഫിഞ്ചിന്റെ വിക്കറ്റ് മുതല്‍ ഓരോ ഓസീസ് വിക്കറ്റ് വീഴുമ്പോഴും മറ്റ് താരങ്ങളേക്കാള്‍ കോഹ് ലി അത് ആഘോഷമാക്കിയിരുന്നു. ഇത് തന്നെയാകും ഓസീസ് കാണികളെ പ്രകോപിപ്പിച്ചിട്ടുണ്ടാവുക. ഓസീസ് കോച്ച് ലാംഗര്‍ തന്നെ കോഹ് ലിയുടെ ആഘോഷങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com