ജയം മുന്നില്‍ വെച്ച് നാലാം ദിനം കളി നിര്‍ത്തി ഇന്ത്യ; ഓസീസിന് കളി പിടിക്കാന്‍ വേണ്ടത് 219 റണ്‍സ്‌

അഞ്ചാം ദിനമാകുമ്പോഴേക്കും ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിച്ചില്‍ നിന്നും ഒരു സാധ്യതയും ലഭിക്കാതെ വരുന്നതോടെ മുന്‍തൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്
ജയം മുന്നില്‍ വെച്ച് നാലാം ദിനം കളി നിര്‍ത്തി ഇന്ത്യ; ഓസീസിന് കളി പിടിക്കാന്‍ വേണ്ടത് 219 റണ്‍സ്‌

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ജയം മുന്നില്‍ കണ്ട് ഇന്ത്യ.  നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഇപ്പോള്‍. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ അഞ്ചാം ദിനം 219 റണ്‍സ് എടുത്താല്‍ ഓസീസിന് ജയം പിടിക്കാം. അഞ്ചാം ദിനമാകുമ്പോഴേക്കും ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിച്ചില്‍ നിന്നും ഒരു സാധ്യതയും ലഭിക്കാതെ വരുന്നതോടെ മുന്‍തൂക്കം ഇന്ത്യയ്ക്ക് തന്നെയാണ്. 

ഉച്ചഭക്ഷണത്തിന് ശേഷം സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു ഇന്ത്യ. 29 ബോളിനിടയില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കവെ നാല് വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞത്. 71 റണ്‍സെടുത്ത പൂജാരയും, 70 റണ്‍സ് എടുത്ത രഹാനേയും മനോഹരമായ ഇന്നിങ്‌സ് സമ്മാനിച്ചപ്പോള്‍ തുടരെ ബൗണ്ടറി പറത്തി മടങ്ങുകയായിരുന്നു പന്ത്. റോഹിത്തിനേയും ലിയോണ്‍ വന്നപാടെ മടക്കി. 

രണ്ടാം ഇന്നിങ്‌സില്‍ 323 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് വേണ്ടി ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ തുടങ്ങി. എന്നാല്‍ അശ്വിന്‍ കളി തുടങ്ങിയപ്പോള്‍ ഫിഞ്ച് ആദ്യം ക്രീസിലേക്ക് മടങ്ങി. ഫിഞ്ചിന്റെ പാഡില്‍ തട്ടിയെത്തിയ ബോള്‍ പന്ത് കൈപ്പിടിയിലാക്കി. എന്നാല്‍ റിവ്യു അപ്പീല്‍ ചെയ്യാന്‍ നില്‍ക്കാതെ ഗ്രീന്‍ റൂമിലേക്ക് മടങ്ങിയാണ് ഫിഞ്ച് നാലാം ദിനം ഞെട്ടിച്ചത്. 

ഫിഞ്ച് മടങ്ങിയതിന് പിന്നാലെ ഷമിയുടെ ബോളില്‍ ഹാരിസ് സെക്കന്‍ഡ് സ്ലിപ്പില്‍ പൂജാരയുടെ കൈകളില്‍ എത്തിയെങ്കിലും പൂജാര കൈവിട്ടു. തുടരെ ബൗണ്ടറി അടിച്ച് കിട്ടിയ ജീവന്‍ ആഘോഷിച്ച ഹാരിസിനെ ഷമി തന്നെ മടക്കി. ഒന്നാം ഇന്നിങ്‌സില്‍ നന്നായി ചെറുത്ത് നിന്ന ഖവാജയായിരുന്നു അശ്വിന്റെ അടുത്ത ഇര. 42 ബോളില്‍ നിന്നും എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ്പില്‍ രോഹിത്തിന്റെ കൈകളിലേക്ക് അശ്വിന്‍ ഖവാജയെ  എത്തിച്ചു. 

നാലാം ദിനം ഹാന്‍ഡ്‌സ്‌കോമ്പിനെ പൂജാരയുടെ കൈകളില്‍ എത്തിച്ച് ഷമി ഇന്ത്യയ്ക്ക് വീണ്ടും മുന്‍തൂക്കം നേടിത്തന്നു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് ടോപ് സ്‌കോററായ ട്രവിസ് ഹെഡിലാണ് ഓസീസിന്റെ പ്രതീക്ഷ. നായകന്‍ പെയ്‌നില്‍ നിന്നും നല്ല ഇന്നിങ്‌സ് കൂടി ലഭിച്ചാലേ ഓസീസിന് ജയ പ്രതീക്ഷയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com