അഡ്‌ലെയ്ഡിലെ ജയത്തിന് പ്രത്യേകതകളേറെ, നേട്ടം കൊയ്യുന്നത് കോഹ് ലി

ജനുവരിയില്‍ ജോഹന്നാസ്ബര്‍ഗിലും, ഓഗസ്റ്റില്‍നോട്ടിങ്ഹാമിലും, ഇപ്പോള്‍ ഡിസംബര്‍ അഡ്‌ലെയ്ഡിലുമാണ് കോഹ് ലി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്
അഡ്‌ലെയ്ഡിലെ ജയത്തിന് പ്രത്യേകതകളേറെ, നേട്ടം കൊയ്യുന്നത് കോഹ് ലി

സ്ലിപ്പില്‍ രാഹുലിന്റെ കൈകളിലേക്ക് ഹസല്‍വുഡിനെ അശ്വിന്‍ എത്തിച്ചതോടെ 31 റണ്‍സിന്‌ ആദ്യ ടെസ്റ്റ് ജയിച്ച് മൂന്‍ തൂക്കം നിലനിര്‍ത്തി ഇന്ത്യ.അത് മാത്രമല്ല അഡ്‌ലെയ്ഡ് ടെസ്റ്റിലെ പ്രത്യേകത. പത്ത് വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓസീസ് മണ്ണില്‍ ഇന്ത്യ ടെസ്റ്റ് ജയിക്കുന്നത്. ഓസീസ്  മണ്ണിലെ ആറാമത്തെ മാത്രം ജയം. 

ഓസീസ് മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായിട്ടാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയം പിടിക്കുന്നതും. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. 1978-79 പരമ്പരയില്‍ പാകിസ്താനാണ് ഇതിന് മുന്‍പ് ഓസീസ് മണ്ണില്‍ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ചത്. എംസിജിയിലായിരുന്നു അത്. 

അഡ്‌ലെയ്ഡിലെ ജയത്തോടെ ഓസ്‌ട്രേലിയയിലും, ഇംഗ്ലണ്ടിലും, ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് ജയിക്കുന്ന നായകന്‍ എന്ന നേട്ടവും വിരാട് കോഹ് ലി സ്വന്തമാക്കി. ജനുവരിയില്‍ ജോഹന്നാസ്ബര്‍ഗിലും, ഓഗസ്റ്റില്‍
നോട്ടിങ്ഹാമിലും, ഇപ്പോള്‍ ഡിസംബര്‍ അഡ്‌ലെയ്ഡിലുമാണ് കോഹ് ലി ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷം ഓസ്‌ട്രേലിയ,സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യവുമായി ഇന്ത്യ.

മാത്രമല്ല, ഓസ്‌ട്രേലിയ, സൗത്ത്ആഫ്രിക്കക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ജയങ്ങള്‍ ഇന്ത്യയ്ക്ക് നേടിത്തന്ന നായകന്മാരുടെ കൂട്ടത്തില്‍ പട്ടൗഡി, ധോനി എന്നിവര്‍ക്കൊപ്പവും കോഹ് ലി എത്തി. മൂന്ന് വിജയങ്ങള്‍ വീതമാണ് മൂവരും നേടിയത്. ധോനി നയിച്ച ഇന്ത്യന്‍ സംഘം 2011-12ല്‍ 4-0ന് തോല്‍ക്കുകയും, 2014-15ല്‍ 2-0ന് അടിയറവ് പറയുകയും ചെയ്തിരുന്നു. 2008ല്‍ അനില്‍ കുബ്ലേയായിരുന്നു ഓസീസ് മണ്ണില്‍ അവസാനമായി ടെസ്റ്റ് ജയിച്ച ഇന്ത്യന്‍ നായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com