അഡ്‌ലെയ്ഡില്‍ ഓസീസിനെ തുരത്തി ഇന്ത്യ, പൊരുതി നോക്കിയ ഓസ്‌ട്രേലിയ 31 റണ്‍സ് അകലെ വീണു

അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഓസീസ് താരങ്ങളെ ഒന്നിന് പിറകെ ഒന്നായി പവലിയനിലേക്ക് മടക്കി ഇന്ത്യ 31 റണ്‍സിന് ജയം പിടിച്ചു
അഡ്‌ലെയ്ഡില്‍ ഓസീസിനെ തുരത്തി ഇന്ത്യ, പൊരുതി നോക്കിയ ഓസ്‌ട്രേലിയ 31 റണ്‍സ് അകലെ വീണു

അഡ്‌ലെയ്ഡില്‍ ജയം പിടിച്ച് ഇന്ത്യ. ദുബൈയില്‍ പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ നടത്തിയ ചെറുത്ത് നില്‍പ്പ് അഡ്‌ലെയ്ഡിലും ആവര്‍ത്തിക്കുമെന്ന് പറഞ്ഞ ഓസീസ് താരങ്ങള്‍ക്ക് തെറ്റി. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഓസീസ് താരങ്ങളെ ഒന്നിന് പിറകെ ഒന്നായി പവലിയനിലേക്ക് മടക്കി 21 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ 31 റണ്‍സിന് ജയം പിടിച്ചു. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ1-0ന് ലീഡ് നേടി പരമ്പര സ്വന്തമാക്കി ചരിത്രം കുറിക്കാനുള്ള കുതിപ്പിന് തുടക്കമിട്ടു.

ഓസീസ് മണ്ണില്‍ ആദ്യമായിട്ടാണ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ ജയം പിടിക്കുന്നത്. വിജയ ലക്ഷ്യം മറികടക്കും എന്ന തോന്നല്‍ ഒരുവേള ഓസീസ് വാലറ്റം നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അതിന് അനുവദിച്ചില്ല. സ്റ്റാര്‍ക്കും, ലിയോണും, ഹസല്‍വുഡും പിടിച്ച് നിന്നപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയിലേത് പോലെ എതിരാളികളുടെ വാലറ്റം ഇന്ത്യയ്ക്ക് തലവേദന തീര്‍ത്തു. എന്നാല്‍ ഹസല്‍വുഡിനെ രാഹുലിന്റെ കൈകളില്‍ എത്തിച്ച് ഓസീസ് ചെറുത്ത് നില്‍പ്പിന് അശ്വിന്‍ തിരശീലയിട്ടു. ഷോണ്‍ മാര്‍ഷിനേയും നായകന്‍ പെയ്‌നിനേയും മടക്കി ഭൂമ്രയാണ് ഓസീസ് പ്രതീക്ഷകള്‍ അഡ്‌ലെയ്ഡിലെ അവസാന ദിനം തല്ലിക്കെടുത്തിയത്. ഹെഡിന്റെ തലവേദന തുടക്കത്തില്‍ തന്നെ തീര്‍ത്തായിരുന്നു അഞ്ചാം ദിനം ഇന്ത്യ കളി തുടങ്ങിയത്. 

കമിന്‍സിനെ കൂട്ടുപിടിച്ച് പ്രതിരോധ കോട്ട തീര്‍ക്കുവാനുള്ള പെയ്‌നിന്റെ ശ്രമം ഇന്ത്യ തകര്‍ത്തതോടെ ഓസ്‌ട്രേലിയ തോല്‍വി ഉറപ്പിച്ചു. 121 ബോളില്‍ നിന്നും 28 റണ്‍സ് നേടിയ കമിന്‍സിനേയും ഭൂമ്ര തന്നെ ഡ്രസിങ് റൂമിലേക്ക് മടക്കി. പ്രതീക്ഷിച്ചത് പോലെ തന്നെ അവസാന ദിനത്തിലെ രണ്ടാം സെഷന്‍ അതിജീവിക്കാന്‍ ഓസീസ് വാലറ്റത്തിന് കരുത്തുണ്ടായില്ല. ഏഴ് റണ്‍സ് എടുത്ത് നില്‍ക്കെ പന്ത് ലിയോണിന്റെ ക്യാച്ച് കൈവിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇതിലും നേരത്തെ ജയം പിടിക്കാമായിരുന്നു.

രണ്ട് ഇന്നിങ്‌സിലുമായുള്ള പൂജാരയുടെ ക്ലാസ്  ഇന്നിങ്‌സാണ്
ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പൂജാര, ബാറ്റിങ് കൂടുതല്‍ ദുഷ്‌കരമായ രണ്ടാം ഇന്നിങ്‌സില്‍ 71 റണ്‍സ് നേടി ഇന്ത്യയ്ക്ക് ഭേദപ്പെട്ട ലീഡ് നല്‍കി. രണ്ടാം ഇന്നിങ്‌സിലെ രഹാനേയുടെ ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായിരുന്നു.

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യയുടെ എല്ലാ പ്രധാന ബൗളര്‍മാര്‍ക്കുമായി. ഓസീസ് മണ്ണില്‍ ഒരിക്കല്‍ കൂടി അശ്വിന്‍ മികച്ച കളി പുറത്തെടുത്തതോടെ ആതിഥേയരുടെ ചെറുത്ത് നില്‍പ്പ് ഫലം കണ്ടില്ല. രണ്ടാം ഇന്നിങ്‌സില്‍ ഭൂമ്രയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ഓസീസ് വധത്തിന് നേതൃത്വം നല്‍കിയപ്പോള്‍ അശ്വിനും ഇഷാന്തും കട്ടയ്ക്ക് ഒപ്പം നിന്നു. ഭൂമ്രയും ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ രണ്ടും, ഇഷാന്ത് ഒന്നും വിക്കറ്റ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com