ആത്മകഥയുടെ പേര് മാറ്റാന്‍ ലക്ഷ്മണിനോട് പറഞ്ഞു, ടീമില്‍ നിന്ന് ഒഴിവാക്കിയത് തെറ്റ്; ഗാംഗുലി തുറന്നു പറയുന്നു

ആ 281 റണ്‍സ് ഇല്ലായിരുന്നു എങ്കില്‍ നമ്മള്‍ ടെസ്റ്റ് തോല്‍ക്കുകയും, എന്റെ നായക സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു
ആത്മകഥയുടെ പേര് മാറ്റാന്‍ ലക്ഷ്മണിനോട് പറഞ്ഞു, ടീമില്‍ നിന്ന് ഒഴിവാക്കിയത് തെറ്റ്; ഗാംഗുലി തുറന്നു പറയുന്നു

മുംബൈയിലെ തോല്‍വിയോടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നില്‍ നില്‍ക്കുന്നു. ജയം അനിവാര്യമായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഫോളോഓണ്‍ ചെയ്യാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കുമ്പോഴായിരുന്നു ദ്രാവിഡിന്റേയും ലക്ഷ്മണിന്റേയും ആ ഐതിഹാസിക ഇന്നിങ്‌സ്. അഞ്ചാം വിക്കറ്റില്‍ 376 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യയ്ക്ക് 171 റണ്‍സിന്റെ ജയം. വിവിഎസ് ലക്ഷ്മണ്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കൊല്‍ക്കത്തയിലെ ആ 281 റണ്‍സ് ഇന്നിങ്‌സായിരിക്കും ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് വരിക. 

തന്റെ ആത്മകഥയ്ക്കും ലക്ഷ്മണ്‍ നല്‍കിയത് ആ ഇന്നിങ്‌സിന്റെ ഓര്‍മ തന്നെ, 281 ആന്‍ഡ് ബിയോണ്ട്. എന്നാല്‍ തലക്കെട്ട് മാറ്റി, 281 ആന്‍ഡ് ബിയോണ്ട് ആന്‍ഡ് സേവ്ഡ് ഗാംഗുലീസ് കരിയര്‍ എന്നാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത്. ഇതാണ് ശരിയായ തലക്കെട്ട് എന്ന് ഞാന്‍ ലക്ഷ്മണിനോട് പറഞ്ഞതാണ്. എന്നാല്‍ ലക്ഷ്മണ്‍ മറുപടി നല്‍കിയില്ല. 

ആ 281 റണ്‍സ് ഇല്ലായിരുന്നു എങ്കില്‍ നമ്മള്‍ ടെസ്റ്റ് തോല്‍ക്കുകയും, എന്റെ നായക സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു എന്ന് ഗാംഗുലി പറയുന്നു. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ലക്ഷ്മണിനെ ഏകദിന ടീമില്‍ നിന്നും ഒഴിവാക്കി. 86 ഏകദിനം മാത്രമാണ് ലക്ഷ്മണ്‍ കളിച്ചത്. 2003 ലോക കപ്പിന് മുന്‍പായി ലക്ഷ്മണിനെ ഏകദിന ടീമില്‍ നിന്നും മാറ്റുകയായിരുന്നു. 

എന്നാല്‍ ലക്ഷ്മണിലെ ഏകദിനത്തില്‍ നിന്നും ഒഴിവാക്കുവാനുള്ള തീരുമാനം തെറ്റായിരുന്നിരിക്കാം എന്നും ഗാംഗുലി പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ സാധിക്കുന്ന താരമാണ് ലക്ഷ്മണ്‍. നായകന്‍ എന്ന നിലയില്‍ നമ്മള്‍ തീരുമാനം എടുക്കണം, അത് ശരിയാവാം തെറ്റാകാം എന്നും ഗാംഗുലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com