ബൗളിങ് കൊടുങ്കാറ്റായി കേരളം; ഇന്നിങ്‌സ് തോല്‍വി മുന്നില്‍ കണ്ട് കരുത്തരായ ഡല്‍ഹി  

കരുത്തരായ ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് വിജയ പ്രതീക്ഷ
ബൗളിങ് കൊടുങ്കാറ്റായി കേരളം; ഇന്നിങ്‌സ് തോല്‍വി മുന്നില്‍ കണ്ട് കരുത്തരായ ഡല്‍ഹി  

തിരുവനന്തപുരം: കരുത്തരായ ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് വിജയ പ്രതീക്ഷ. ഒന്നാം ഇന്നിങ്‌സ് 320 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ഡല്‍ഹിയുടെ ഒന്നാം ഇന്നിങ്‌സ് വെറും 139 റണ്‍സില്‍ അവസാനിപ്പിച്ച് അവരെ ഫോളോ ഓണിന് വിട്ടിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ പരുങ്ങുന്നു. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഡല്‍ഹി 13 ഓവര്‍ പിന്നിടുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ വീണ് തപ്പിത്തടയുകയാണ്. കേരളത്തിനായി സന്ദീപ് വാര്യര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ധ്രുവ് ഷോറെ 13 റണ്‍സുമായും അനുജ് റാവത്ത് രണ്ട് റണ്‍സുമായും ക്രീസിലുണ്ട്. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയുടെ മാരക ബൗളിങിന് മുന്നില്‍ ഡല്‍ഹി നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റും സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ഒന്നു വീതം വിക്കറ്റും വീഴ്ത്തി ശേഷിച്ചവ പങ്കിട്ടു. ഡല്‍ഹി ടീമിലെ അഞ്ച് താരങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. 

41 റണ്‍സെടുത്ത ജോണ്ടി സിദ്ധുവാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ധ്രുവ് ഷോറെ 30 റണ്‍സെടുത്തു. 30 റണ്‍സുമായി വസിഷ്ഠ് പുറത്താകാതെ നിന്നു. 

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ കേരളത്തിന് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. വിനൂപ് മനോഹരന്‍ (77), സിജോമോന്‍ ജോസഫ് (5), ബേസില്‍ തമ്പി (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്്ടമായത്. 

ഒന്നാം ദിനം ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, അത്ര മികച്ച തുടക്കമല്ല ആതിഥേയര്‍ക്ക് ലഭിച്ചത്. വിഎ ജഗദീഷ് (0), അരങ്ങേറ്റക്കാരന്‍ വത്സല്‍ ഗോവിന്ദ് (4), സച്ചിന്‍ ബേബി (0), സഞ്ജു സാംസണ്‍ (24), വിഷ്ണു വിനോദ് (24) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് വേഗത്തില്‍ നഷ്ടമായി. വിക്കറ്റുകള്‍ ഒരുഭാഗത്ത് വീണപ്പോഴും ഓപണര്‍ പി രാഹുല്‍ (77) പിടിച്ചുനിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com