ഓസീസിനെ കടന്നാക്രമിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; മൂന്നാം ദിനം ആതിഥേയര്‍ക്ക് 175 റണ്‍സ് ലീഡ്‌

മൂന്നാം ദിനത്തിന്റെ അവസാന സെഷനിലായിരുന്നു ഓസീസിന്റെ നാല് വിക്കറ്റും ഇന്ത്യ വീഴ്ത്തിയത്
ഓസീസിനെ കടന്നാക്രമിച്ച് ഇന്ത്യന്‍ പേസര്‍മാര്‍; മൂന്നാം ദിനം ആതിഥേയര്‍ക്ക് 175 റണ്‍സ് ലീഡ്‌

പെര്‍ത്തില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സുമായി ഓസ്‌ട്രേലിയ. 175 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്കിപ്പോള്‍. ഇന്ത്യന്‍ പേസര്‍മാരുടെ കനത്ത ആക്രമണമാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് നേരിടേണ്ടി വന്നത്. 

ഇഷാന്തും ഭൂമ്രയും ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. മൂന്നാം ദിനത്തിന്റെ അവസാന സെഷനിലായിരുന്നു ഓസീസിന്റെ നാല് വിക്കറ്റും ഇന്ത്യ വീഴ്ത്തിയത്. 35 റണ്‍സ് കൂട്ടുകെട്ടുമായി ഉസ്മാന്‍ ഖവാജയും ട്രവിസ് ഹെഡുമാണ് ഇപ്പോള്‍ ക്രീസില്‍. 

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍മാര്‍ ഓസീസ് ഭേദപ്പെട്ട തുടക്കം തന്നെങ്കിലും വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫിഞ്ചിന് മടങ്ങേണ്ടി വന്നത് തിരിച്ചടിയായി. 25 റണ്‍സ് എടുത്ത് നില്‍ക്കെ ഫിഞ്ച് റിട്ടയേര്‍ഡ് ഹട്ടായതിന് പിന്നാലെ ഹാരിസ്, ഷോണ്‍ മാര്‍ഷ്, ഹാന്‍ഡ്‌സ്‌കോമ്പ് എന്നിവര്‍ നിലയുറപ്പിക്കാനാവാതെ പവലിയനിലേക്ക് മടങ്ങി. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നില വന്നതോടെ ഖവാജയും ഹെഡും സൂക്ഷിച്ച് കളിച്ചെങ്കിലും മോശം ഷോട്ടിന് മുതിര്‍ന്ന് ഹെഡ് വിക്കറ്റ് കളഞ്ഞു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വളരെ വേഗത്തില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയ അവസാനിപ്പിച്ചിരുന്നു. മൂന്നാംദിനം കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ രഹാനെയെ മടക്കിയാണ് ഓസീസ് ആദ്യം പ്രഹരിച്ചത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എന്ന നിലയില്‍ നിന്നും 283 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. വാലറ്റം ചെറുത്ത് നില്‍ക്കാന്‍ തയ്യാറാവാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 

വലിയ കൂട്ടുകെട്ട് തീര്‍ക്കാന്‍ പന്തിനും വിഹാരിക്കും സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സിലെ നഥാന്‍ ലിയോണിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് മറ്റൊരു ഹൈലൈറ്റ്. പേസര്‍മാരെ തുണയ്ക്കുന്നതെന്ന് വിലയിരുത്തപ്പെട്ട പിച്ചില്‍ ഇന്ത്യ സ്പിന്നറെ ഇറക്കാതെ ഇറങ്ങിയപ്പോള്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തതെ കോഹ് ലിയെ ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് വ്യക്തം. എന്നാല്‍ നാലാം ദിനം ഓസീസ് ബാറ്റിങ് നിരയെ തകര്‍ന്ന് ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതിരുന്നാല്‍ നാല് പേസര്‍മാരെ ഇറക്കിയ കോഹ് ലിയുടെ നീക്കം ഫലിച്ചുവെന്ന് പറയാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com