കമന്റേറ്ററെ, ആ ഗോള്‍ വിമര്‍ശനത്തിനല്ല... വംശീയമായി അധിക്ഷേപിച്ചതിനുള്ള ഉത്തരമാണ്

കമന്റേറ്ററെ, ആ ഗോള്‍ വിമര്‍ശനത്തിനല്ല... വംശീയമായി അധിക്ഷേപിച്ചതിനുള്ള ഉത്തരമാണ്

താരത്തിന്റെ ഗോള്‍ നേട്ടത്തെക്കുറിച്ച് സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ പറഞ്ഞ വാചകങ്ങളെ വിമര്‍ശിച്ച് നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോള്‍ രംഗത്തെത്തിയതാണ് ശ്രദ്ധേയമായിരിക്കുന്നത 

ലണ്ടന്‍: വംശീയാധിക്ഷേപത്തിന്റെ നെറികെട്ട സമീപനങ്ങള്‍ എക്കാലത്തും ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. 2018ലും അതിന് മാറ്റം വന്നിട്ടില്ല എന്നത് സമീപ കാലത്തെ പല സംഭവങ്ങളും കാണിക്കുന്നു. ഇറ്റാലിയന്‍ താരം മരിയോ ബെലോട്ടെല്ലി, ബ്രസീല്‍ താരം ഡാനി ആല്‍വ്‌സ് തുടങ്ങി നിരവധി താരങ്ങള്‍ ഇത്തരത്തില്‍ മത്സരത്തിനിടെ വംശീയമായി അധിക്ഷേപിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തരം അധിക്ഷേപങ്ങളിലൂടെ നിരന്തരം വേട്ടയാടപ്പെടുന്ന താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് താരം റഹിം സ്റ്റെര്‍ലിങ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും സ്റ്റെര്‍ലിങിന് തന്റെ നിറത്തിന്റെ പേരില്‍ അപമാനമേല്‍ക്കേണ്ടി വന്നിരുന്നു. ഇതിനൊക്കെ താരം തന്റെ പ്രകടന മികവിലൂടെയാണ് ഉത്തരം നല്‍കിയിരുന്നത്. 

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ടേബിളില്‍ വീണ്ടും തലപ്പത്തെത്തി. ഗബ്രിയേല്‍ ജീസസ് നേടിയ ഇരട്ട ഗോളുകളും റഹിം സ്‌റ്റെര്‍ലിങ് നേടിയ ഒരു ഗോളുമാണ് സിറ്റിക്ക് ജയമൊരുക്കിയത്. 

പകരക്കാരനായി ഇറങ്ങി ടീമിന്റെ മൂന്നാം ഗോള്‍ നേടി ജയമുറപ്പിക്കാന്‍ സ്റ്റെര്‍ലിങിന് സാധിച്ചു. താരത്തിന്റെ ഗോള്‍ നേട്ടത്തെക്കുറിച്ച് സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ പറഞ്ഞ വാചകങ്ങളെ വിമര്‍ശിച്ച് നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോള്‍ രംഗത്തെത്തിയതാണ് ശ്രദ്ധേയമായിരിക്കുന്നത്. 

ലിറോയ് സനയ്ക്ക് പകരമാണ് സ്്‌റ്റെര്‍ലിങ് കളത്തിലെത്തിയത്. എത്തിയതിന് തൊട്ടുപിന്നാലെ മത്സരത്തില്‍ സിറ്റിക്കായി മൂന്നാം ഗോളും താരം വലയിലാക്കി. ഈ ഗോള്‍ നേട്ടത്തെ സ്‌കൈ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍ വിശേഷിപ്പിച്ചത് സ്റ്റെര്‍ലിങ് തന്റെ കളിയെ വിമര്‍ശിച്ചവര്‍ക്ക് ഗോളിലൂടെ മറുപടി നല്‍കിയെന്നായിരുന്നു. എന്നാല്‍ ഈ പ്രയോഗം വിചിത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. 

സീസണിലെ ആദ്യ തോല്‍വി സിറ്റി ഏറ്റുവാങ്ങിയ ചെല്‍സിക്കെതിരായ മത്സരത്തിനിടെ ചെല്‍സി ആരാധകര്‍ സ്‌റ്റെര്‍ലിങിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഈ സംഭവത്തെ വിമര്‍ശനമെന്നാണ് കമന്റേറ്റര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് വിചിത്രമായ വാദമാണെന്നും സ്റ്റെര്‍ലിങിനെ വംശീയമായി അധിക്ഷേപിക്കുകയാണ് ഉണ്ടായതെന്നും അതിനുള്ള മറുപടിയാണ് ഈ ഗോളെന്നും ആരാധകര്‍ പറയുന്നു. കമന്റേറ്റര്‍ വിഡ്ഢിത്തമാണ് പുലമ്പിയതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com