തേര്‍ഡ് അമ്പയര്‍ കണ്ടത് ശരിയായ ദൃശ്യങ്ങളോ? കോഹ് ലിയുടെ വിവാദ ഔട്ടില്‍ വില്ലന്‍ ബ്രോഡ്കാസ്റ്റര്‍

ടെലിവിഷന്‍ റിപ്ലേകളില്‍ പന്ത് ഗ്രൗണ്ടില്‍ കുത്തിയെന്ന് വ്യക്തമാണ്. പക്ഷേ തേര്‍ഡ് അമ്പയര്‍ എന്തുകൊണ്ട് ഔട്ട് വിധിച്ചു?
തേര്‍ഡ് അമ്പയര്‍ കണ്ടത് ശരിയായ ദൃശ്യങ്ങളോ? കോഹ് ലിയുടെ വിവാദ ഔട്ടില്‍ വില്ലന്‍ ബ്രോഡ്കാസ്റ്റര്‍

ക്രിക്കറ്റ് ലോകത്തിന്റെ വിശ്വാസം നേടിയെടുക്കുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. ഇതിനായി ഓസീസ് താരങ്ങള്‍ക്ക് ക്രിക്കറ്റിന് അപ്പുറമുള്ള പാഠങ്ങളാണ് ഡ്രസിങ് റൂമില്‍ നല്‍കുന്നത്. അതിലൊന്നാണ് സത്യസന്ധത. എന്നാല്‍ പെര്‍ത്തിലെ ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലിയുടെ വിക്കറ്റ് വീണതോടെ സത്യസന്ധത എന്നത് ഓസീസ് താരങ്ങള്‍ക്ക് അത്രവേഗം എത്തിപ്പിടിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കൈകളില്‍ എത്തുന്നതിന് മുന്‍പ് പന്ത് ഗ്രൗണ്ടില്‍ കുത്തിയെന്ന് ടെലിവിഷന്‍ റിപ്ലേകളില്‍ വ്യക്തമായിരുന്നു. എന്നിട്ടും അത് ഔട്ട് തന്നെയെന്ന് ഓസീസ് താരങ്ങള്‍ നിലപാടെടുക്കുന്നു. ഇതിനെതിരെ വലിയ വിമര്‍ശം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. എന്നാല്‍ ഓസീസ് താരങ്ങളെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയോ? ടെലിവിഷന്‍ റിപ്ലേകളില്‍ പന്ത് ഗ്രൗണ്ടില്‍ കുത്തിയെന്ന് വ്യക്തമാണ്. പക്ഷേ തേര്‍ഡ് അമ്പയര്‍ എന്തുകൊണ്ട് ഔട്ട് വിധിച്ചു?

ആരാണ് റിവ്യു ചെയ്യേണ്ട വീഡിയോ തേര്‍ഡ് അമ്പയര്‍ക്ക് നല്‍കുന്നത്? ബ്രോഡ്കാസ്റ്ററിനാണ് അതിന്റെ ഉത്തരവാദിത്വം. അങ്ങിനെ വരുമ്പോള്‍ ഔട്ട് ആണോ അല്ലയോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന എല്ലാ പ്രധാനപ്പെട്ട ദൃശ്യങ്ങളും തേര്‍ഡ് അമ്പയറുടെ മുന്നിലേക്ക് എത്തിക്കേണ്ടത് ബ്രോഡ്കാസ്റ്ററാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തേര്‍ഡ് അമ്പയര്‍ കണ്ടിരുന്നു എങ്കില്‍ കോഹ് ലി ഔട്ട് അല്ലെന്ന് തേര്‍ഡ് അമ്പയറും പറഞ്ഞേനെ.

ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ കണ്‍ട്രോള്‍ റൂമില്‍ ഐസിസിയുടെ സാന്നിധ്യമില്ലെന്നാണ് ടൈംസ് ഓഫഅ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫുട്‌ബോളിലെ വാര്‍ നടപ്പില്ലാക്കുന്നത് ഇതുപോലെയല്ല. ബ്രോഡ്കാസ്‌റ്റേഴ്‌സ് നല്‍കുന്ന ഫൂട്ടേജില്‍ തേര്‍ഡ് അമ്പയര്‍ക്ക് എത്രമാത്രം വിശ്വാസം അര്‍പ്പിക്കാം എന്ന ചോദ്യമാണ് കോഹ് ലിയുടെ വിക്കറ്റ് വീണതോടെ ഉയരുന്നത്. 

സാങ്കേതിക വിദ്യ ക്രിക്കറ്റില്‍ പ്രയോജപ്പെടുത്തുന്നതിന് ഐസിസി വലിയ മുതല്‍മുടക്ക് നടത്തുമ്പോള്‍, ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ കണ്‍ട്രോള്‍ റൂമിലല്ല തേര്‍ഡ് അമ്പയറുടെ സ്ഥാനം എന്നത് പോലും ഐസിസി അറിയുന്നുണ്ടോ എന്നാണ് വിമര്‍ശനം വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com