പിരിയാതെ കോഹ് ലിയും ലിയോണും; പരസ്പരം പ്രഹരിച്ച് നേടുന്ന നേട്ടങ്ങള്‍

പെര്‍ത്തില്‍ ചില പ്രത്യേകതകള്‍ സൃഷ്ടിച്ചാണ് ഇരുവരും പോകുന്നത്
പിരിയാതെ കോഹ് ലിയും ലിയോണും; പരസ്പരം പ്രഹരിച്ച് നേടുന്ന നേട്ടങ്ങള്‍

ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോഴായിരുന്നു നാലാം ദിനം ചായയ്ക്ക് പിരിഞ്ഞത്. ചായയ്ക്ക് പിരിഞ്ഞെങ്കിലും ഇന്ത്യന്‍ നായകന്‍ വിശ്രമിക്കാന്‍ തയ്യാറായില്ല. നെറ്റ്‌സില്‍ ബാറ്റ് ചെയ്ത് കഠിനാധ്വാനം ചെയ്ത് വന്നുവെങ്കിലും കോഹ് ലിക്ക് രക്ഷയുണ്ടായില്ല. വീണ്ടും കോഹ് ലിയും നഥാന്‍ ലിയോണും ആ പതിവ് ആവര്‍ത്തിച്ചു. 

പെര്‍ത്തില്‍ ഒന്നാം ഇന്നിങ്‌സിലെ പോലെ ചെറുത്ത് നില്‍ക്കാന്‍ ഇന്ത്യന്‍ നായകനായില്ല. 17 റണ്‍സ് എടുത്ത് കോഹ് ലി ഡ്രസിങ് റൂമിലേക്ക് മടങ്ങി. കോഹ് ലിയെ മടക്കിയത് ഇത്തവണയും ലിയോണ്‍ തന്നെ. ഔട്ട്‌സൈഡ് ഓഫായി എത്തിയ ലിയോണിന്റെ ഡെലിവറിയില്‍ കോഹ് ലി ടേണ്‍ പ്രതീക്ഷിച്ച് ബാറ്റ് വെച്ചുവെങ്കിലും ഫസ്റ്റ് സ്ലിപ്പില്‍ ഖവാജയുടെ കൈകളില്‍ കോഹ് ലിക്ക് ഒതുങ്ങേണ്ടി വന്നു. 

പെര്‍ത്തില്‍ ചില പ്രത്യേകതകള്‍ സൃഷ്ടിച്ചാണ് ഇരുവരും പോകുന്നത്. ലിയോണിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം കോഹ് ലിയായി. കോഹ് ലിയെ ഏറ്റവും കൂടുതല്‍ വട്ടം പുറത്താക്കുന്ന ബൗളര്‍ ലിയോണുമായി. 

ഇത് ഏഴാം വട്ടമാണ് ലിയോണ്‍ കോഹ് ലിയെ പുറത്താക്കുന്നത്. കോഹ് ലിയെ ഏറ്റവും കൂടുതല്‍ വട്ടം പുറത്താക്കുന്നതിന്റെ റെക്കോര്‍ഡ് അഡ്‌ലെയ്ഡില്‍ തന്നെ ലിയോണ്‍ തന്റെ പേരിലാക്കിയിരുന്നു. എന്നാല്‍ കോഹ് ലിയെ ഇരയാക്കുന്നത് ലിയോണ്‍ അവസാനിപ്പിക്കുന്നില്ല. പെര്‍ത്തിലേക്ക് വരുമ്പോഴേക്കും 593 ഡെലിവറികളാണ് ലിയോണ്‍ കോഹ് ലിക്കെതിരെ എറിഞ്ഞത്. കോഹ് ലിക്ക എതിരെ ഏറ്റവും കൂടുതല്‍ ബോള്‍ ചെയ്ത ബൗളറുമാണ് ലിയോണ്‍. 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വട്ടം ലിയോണ്‍ പുറത്താക്കിയത് ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റെയര്‍ കുക്കാണ്. എട്ട് വട്ടമാണ് കുക്കിനെ ലിയോണ്‍ മടക്കിയത്. എന്നാല്‍ ഇന്ത്യാ-ഓസീസ് പരമ്പര തീരുമ്പോഴേക്കും ലിയോണിന്റെ ഇരകളില്‍ ഒന്നാമതായി കോഹ് ലി എത്തുവാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com