പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം; ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഷമി

പേസ് ആക്രമണവും, നഥാന്‍ ലിയോണിന്റെ പ്രഹരങ്ങളും ജയിച്ചു കയറുക ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്
പെര്‍ത്തില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം; ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഷമി

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 243 റണ്‍സിന് പുറത്ത്. 287 റണ്‍സ് എടുത്താല്‍ പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ജയം പിടിക്കാം. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ ഉച്ചഭക്ഷണത്തിന് ശേഷം 243 റണ്‍സിലേക്ക് സ്‌കോര്‍ എത്തിയപ്പോഴേക്കും ഓള്‍ ഔട്ടായി. 

എന്നാല്‍ പെര്‍ത്തില്‍ ബാറ്റിങ് ദുഷ്‌കരമായിരിക്കെ പേസ് ആക്രമണവും, നഥാന്‍ ലിയോണിന്റെ പ്രഹരങ്ങളും അതിജീവിച്ച്‌ ജയിച്ചു കയറുക ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലി-രഹാനേ കൂട്ടുകെട്ട് മാത്രമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്വത്തോടെ കളിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് കളി ജയിക്കാനോ, സമനിലയാക്കാനോ സാധിക്കില്ല. 

പെയ്‌നിനേയും ഫിഞ്ചിനേയും തുടരെ മടക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടാം ഇന്നിങ്‌സിലേക്ക് വരുമ്പോള്‍ 
താന്‍ പുലി തന്നെയെന്ന് ഷമി ഒരിക്കല്‍ കൂടി തെളിയിച്ചു. പിച്ചില്‍ നിന്നുമുള്ള ബൗണ്‍സിന്റെ അനുകൂല്യം മുതലെടുത്തായിരുന്നു ഷമിയുടെ കളി. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ ഓവറില്‍ തന്നെ ഖവാജ-പെയ്ന്‍ കൂട്ടുകെട്ട് ഷമി തകര്‍ത്തു. ഷമിയുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ പതറിയ പെയ്ന്‍ സെക്കന്‍ഡ് സ്ലിപ്പില്‍ കോഹ് ലിക്ക് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം ദിനം പരിക്കിനെ തുടര്‍ന്ന് മടങ്ങിയ ഫിഞ്ചായിരുന്നു പിന്നെ ഷമിയുടെ ഇര. ഷമിയുടെ ഷോര്‍ട്ട് പിച്ച് ഡെലിവറിയില്‍ ബാറ്റ് വെച്ച് ഫിഞ്ച് പന്തിന് ഈസി ക്യാച്ച് നല്‍കി. 

ഫിഞ്ചിനെ മടക്കിയതിന് ശേഷവും ഷമി വിക്കറ്റ് വേട്ട തുടര്‍ന്നു. നിലയുറപ്പിച്ച് നിന്നിരുന്ന ഉസ്മാന്‍ ഖവാജയെ മടക്കിയാണ് ഷമി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. 72 റണ്‍സ് എടുത്തായിരുന്നു ഖവാജയുടെ മടക്കം. അതോടെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യന്‍ പേസാക്രമണം ഷമി നയിച്ചു. ഷമിക്ക് ശേഷം പിന്നെ ഭൂമ്രയുടെ ഊഴമായിരുന്നു. കമിന്‍സിനെ ഭൂമ്ര മടക്കിയതോടെ 198 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഓസീസ് കൂപ്പുകുത്തി. നഥാന്‍ ലിയോണിനെ മടക്കി വീണ്ടും ഷമിയുടെ പ്രഹരം വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com