ഇഷാന്തും ജഡേജയും തമ്മില്‍ വാക്കേറ്റം, പിന്തിരിപ്പിച്ചത് കുല്‍ദീപും ഷമിയുമെത്തി

ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും, പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്ന രവീന്ദ്ര ജഡേജയും ഡ്രിങ്ക്‌സ് ബ്രേക്കിനിടയില്‍ ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു
ഇഷാന്തും ജഡേജയും തമ്മില്‍ വാക്കേറ്റം, പിന്തിരിപ്പിച്ചത് കുല്‍ദീപും ഷമിയുമെത്തി

പെര്‍ത്തില്‍ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മുതല്‍ തിരിച്ചടിയായിരുന്നു ഇന്ത്യയ്ക്ക്. ടീം വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്നതിന് ഇടയില്‍ നാലാം ദിനം ഇന്ത്യന്‍ ടീമിനുള്ളിലെ പ്രശ്‌നങ്ങളും ഗ്രൗണ്ടിലേക്കെത്തി. ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയും, പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാതിരുന്ന രവീന്ദ്ര ജഡേജയും ഡ്രിങ്ക്‌സ് ബ്രേക്കിനിടയില്‍ ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. 

90 സെക്കന്‍ഡോളം നീണ്ടു നിന്നു അവരുടെ വാക്കുതര്‍ക്കം. പരസ്പരം കൈചൂണ്ടി സംസാരിക്കുന്ന ഇരുവരേയും ഒടുവില്‍ ഡ്രിങ്ക്‌സുമായി എത്തിയ കുല്‍ദീപ് യാദവും, ബൗള്‍ ചെയ്യാന്‍ ഒരുങ്ങി നിന്ന മുഹമ്മദ് ഷമിയും ചേര്‍ന്ന് സമാധാനിപ്പിച്ച് വിട്ടു. എന്ത് കാര്യത്തിന്റെ പേരിലാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നതെന്ന് വ്യക്തമല്ല. 

മനസില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്ന പ്രകൃതമാണ് ജഡേജയുടേത്. ഫീല്‍ഡിലും പുറത്തും ഒരിക്കലും വിട്ടുകൊടുക്കാന്‍ ഇഷാന്ത് ശര്‍മയും തയ്യാറായിട്ടില്ല. ഇന്ത്യന്‍ ടീമിലെ കാര്യങ്ങള്‍ പന്തിയല്ലെന്നതിന്റെ സൂചനയാണ് പെര്‍ത്തില്‍ നിന്നും വരുന്നത്. പേസര്‍മാരെ തുണയ്ക്കുന്ന പിച്ച് എന്ന് വിലയിരുത്തി സ്പിന്നറെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. അതിന്റെ വില ഇന്ത്യയ്ക്ക് നല്‍കേണ്ടി വന്നു. മറുവശത്ത് ലിയോണ്‍ തകര്‍ത്തു കളിക്കുകയും ചെയ്തു. ജഡേജയെ എങ്കിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ ഇന്ത്യയ്ക്ക് അതിന്റെ മുന്‍തൂക്കം ലഭിക്കുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com