ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞു; മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയില്‍ പിന്മാറ്റം

അഞ്ചാം ഐഎസ്എല്‍ സീസണില്‍ 12 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്
ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞു; മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയില്‍ പിന്മാറ്റം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഡേവിഡ് ജെയിംസ്. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പിന്മാറ്റം. മാനേജ്‌മെന്റും ഡേവിഡ് ജെയിംസും തമ്മിലുള്ള പരസ്പര ധാരണയിലാണ് തീരുമാനം. ഡിസംബര്‍ അവസാനം വരെയുള്ള മത്സരങ്ങളില്‍ ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സിന് നയിക്കും.

അഞ്ചാം ഐഎസ്എല്‍ സീസണില്‍ 12 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ആറ് കളികള്‍ സമനിലയിലായപ്പോള്‍ അഞ്ച് കളിയില്‍ തോറ്റു. ഇതോടെ ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയിരുന്നു. തന്ത്രങ്ങള്‍ മെനയുന്നതിലെ ഡേവിഡ് ജെയിംസിന്റെ പോരായ്മകള്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ താരം ഐ.എം.വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മനോഹരമായ നിമിഷങ്ങള്‍ തന്നതിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി പറയുന്നതായി ഡേവിഡ് ജെയിംസ് പറഞ്ഞു. ക്ലബിന് ഒപ്പമുള്ള നാളുകളില്‍ നന്ന പിന്തുണയ്ക്ക് ടീമിനും മാനേജ്‌മെന്റിനും നന്ദി പറഞ്ഞാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

ഐഎസ്എല്‍ നാലാം സീസണില്‍ റെനി മ്യുലന്‍സ്റ്റീന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ജയം പിടിക്കാതെ കുരുങ്ങിയപ്പോഴായിരുന്നു മാനേജ്‌മെന്റ് ഡേവിഡ് ജെയിംസിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെ കൊണ്ടുവരുന്നത്. ജെയിംസിന്റെ വരവ് ടീമിന് പുത്തനുണര്‍വ് നല്‍കിയെങ്കിലും നാലാം സീസണില്‍ ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. അഞ്ചാം സീസണില്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് വലിയ പ്രതീക്ഷ ഡേവിഡ് ജെയിംസ് തന്നുവെങ്കിലും തുടരെ തുടരെ സമനിലകളും തോല്‍വിയും വാങ്ങിയതോടെ ആരാധകരുടെ ക്ഷമ നശിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com