ഐപിഎല്‍ ലേലത്തില്‍ ഞെട്ടിയ അഞ്ച് താരങ്ങള്‍, നേടിയത് അര്‍ഹിക്കുന്നതിലും അധികം?

വലിയ വില നേടിയ ചില താരങ്ങള്‍ക്ക് നേരെ ആരാധകര്‍ നെറ്റി ചുളിക്കുന്നുണ്ട്
ഐപിഎല്‍ ലേലത്തില്‍ ഞെട്ടിയ അഞ്ച് താരങ്ങള്‍, നേടിയത് അര്‍ഹിക്കുന്നതിലും അധികം?

ഐപിഎല്‍ താര ലേലത്തില്‍ യുവിയിലേക്കായിരുന്നു ആരാധകരുടെ കണ്ണത്രയും. ഒടുവില്‍ മുംബൈ യുവിയുടെ രക്ഷയ്‌ക്കെത്തി. ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ ചില താരങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അവരെ ഞെട്ടിച്ച വില കേട്ട് ആരാധകരും ഞെട്ടി. അവര്‍ ഇത്രയും വില അര്‍ഹിക്കുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം..വലിയ വില നേടിയ ചില താരങ്ങള്‍ക്ക് നേരെ ആരാധകര്‍ നെറ്റി ചുളിക്കുന്നുണ്ട്...

ബരിന്ദര്‍ ശ്രാന്‍

3.4 കോടി രൂപയ്ക്കാണ് ബരിന്ദറിനെ മുംബൈ സ്വന്തമാക്കിയത്. ബൗളിങ് യൂണിറ്റിലെ പോരായ്മയാണ് കഴിഞ്ഞ സീസണില്‍ മുംബൈയെ പിന്നോട്ടടിച്ചതില്‍ ഒന്ന്. ഭൂമ്രയില്‍ ടീം കൂടുതല്‍ ആശ്രയിച്ചു. ഈ കുറവ് പരിഹരിക്കാന്‍ ഉറച്ചാണ് ഇത്തവണ ലേലത്തിന് അവരെത്തിയത്. പേസര്‍മാരെ ലക്ഷ്യം വെച്ച്. അങ്ങിനെ മുംബൈയിലേക്ക് ബരിന്ദറെത്തി. 

2015ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ബരിന്ദര്‍ കളിച്ചു തുടങ്ങിയത്. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലും താരം അരങ്ങേറി. 2016 ഐപിഎല്ലില്‍ 14 വിക്കറ്റ് നേടി ബരിന്ദര്‍ ശ്രദ്ധ നേടി. 2018ല്‍ പഞ്ചാബിനൊപ്പം ബരിന്ദര്‍ നിന്നുവെങ്കിലും മികച്ച കളി പുറത്തെടുക്കാനായില്ല. ആറ് മത്സരങ്ങള്‍ പഞ്ചാബിന് വേണ്ടി കളിച്ചപ്പോള്‍ നേടിയത് നാല് വിക്കറ്റ്. അതും 10.40 എന്ന ഇക്കണോമി റേറ്റിലും. ഇങ്ങനെ, സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ സാധിക്കാത്ത താരത്തെ 3.4 കോടി രൂപയ്ക്ക് സ്വന്തമാക്കണമായിരുന്നുവോ എന്നാണ് ചോദ്യം. 

മോഹിത് ശര്‍മ

ധേനിയാണ് മോഹിത്തിനെ ശരിക്കും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയ്ക്ക് കീഴിലെ മികച്ച കളി ഇന്ത്യന്‍ ടീമിലേക്കും മോഹിതിന് വാതില്‍ തുറന്നു നല്‍കി. ചെന്നൈയ്ക്ക് രണ്ട് വര്‍ഷം വിലക്ക് കിട്ടിയപ്പോള്‍ മോഹിത് 2016ല്‍ പഞ്ചാബിലേക്കെത്തി. പിന്നെ 2016, 17 സീസണില്‍ 13, 14 വിക്കറ്റുകള്‍ മോഹിത് വീഴ്ത്തി. എന്നാല്‍ 2018ല്‍ എത്തിയപ്പോള്‍ ഏഴ് വിക്കറ്റ് മാത്രം വീഴ്ത്താനാണ് മോഹിത്തിനായത്. അതും 10.85 എന്ന ഇക്കണോമി റേറ്റില്‍. 

ചെന്നൈയ്ക്ക് ഇപ്പോള്‍ തന്നെ ശക്തമായ ബൗളിങ് നിരയുണ്ട്. എന്‍ഗിഡി, ഡേവിഡ് വില്ലി, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, പിന്നെ മറ്റ് ഇന്ത്യന്‍ ബൗളര്‍മാരുമുള്ളപ്പോള്‍ മോഹിത്തിന് വേണ്ടി ഇത്രയും പണം മുടക്കിയത് അനാവശ്യമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. 

വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ ലേലത്തില്‍ ഞെട്ടിച്ച പേരുകളില്‍ ഒന്നാണ് വരുണ്‍ ചക്രവര്‍ത്തിയുടേത്. മാന്ത്രിക സ്പിന്നര്‍മാര്‍ക്ക് എന്നും ഐപിഎല്ലില്‍ ഡിമാന്റ് കൂടുതലാണ്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ പത്ത് കളിയില്‍ നിന്നും 9 വിക്കറ്റ് നേടിയാണ് വരുണ്‍ ശ്രദ്ധയിലേക്കെത്തുന്നത്. 4.7 ആയിരുന്നു വരുണിന്റെ ഇക്കണോമി റേറ്റ്. വിജയ് ഹസാരെ ട്രോഫിയില്‍ 9 കളിയില്‍ നിന്നും 22 വിക്കറ്റും വരുണ്‍ വീഴ്ത്തി. 

പ്രതീക്ഷ വയ്ക്കാവുന്ന താരമാണ് വരുണ്‍ എങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വേണ്ട പരിചയം ഇല്ലാത്ത താരത്തിന് 8.4 കോടി രൂപ ചിലവിട്ടത് ഉചിതമായിരുന്നുവോ എന്ന ചോദ്യത്തിന് പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ ഉത്തരം നല്‍കും. പഞ്ചാബിന് ഇപ്പോള്‍ തന്നെ മുജീബും, അശ്വിനുമുണ്ട്. എങ്ങിനെ വരുണിനെ പഞ്ചാബ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തും എന്നതും കണ്ടറിയണം. 

കാര്‍ലോസ് ബ്രാത്വെയ്റ്റ്

2016ല്‍ ഡല്‍ഹിക്ക് വേണ്ടി ഐപിഎല്ലില്‍ ബ്രാത്വെയ്റ്റ് അരങ്ങേറുമ്പോള്‍ പ്രതീക്ഷകള്‍ വലുതായിരുന്നു. ട്വന്റി20 ലോക കപ്പ് ഫൈനലിലെ കളിയും, കരിബിയന്‍ ലീഗിലെ ഫോമും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നിടുള്ള മൂന്ന് ഐപിഎല്‍ സീസണിലും ഒന്നും ചെയ്യാന്‍ വിന്‍ഡിസിന്റെ ട്വന്റി20 നായകന് സാധിച്ചില്ല. 

മൂന്ന് സീസണിലായി കളിച്ചത് 14 കളികള്‍ മാത്രം. നേടിയത് 170 റണ്‍സ്. വീഴ്ത്തിയത് 13 വിക്കറ്റ്. 8.89 എന്ന ഇക്കണോണി റേറ്റില്‍. 2018 സീസണിന്റെ അവസാനം ഹൈദരാബാദിന് വേണ്ടി മികച്ച കളി പുറത്തെടുത്തുവെങ്കില്‍ കൂടി താരത്തെ നിലനിര്‍ത്താന്‍ ടീം തയ്യാറായില്ല. ഇപ്പോള്‍ 5 കോടി രൂപയ്ക്കാണ്ബ്രാത്വെയ്റ്റിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഈ വട്ടം എങ്കിലും ബ്രാത്വെയ്റ്റിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുമോ എന്നാണ് അറിയേണ്ടത്. 

ഉനദ്ഖട്ട്

ഭാഗ്യം വീണ്ടും ഉനദ്ഖട്ടിനെ തുണച്ചു. കഴിഞ്ഞ സീസണില്‍ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ താരമായിരുന്നു. ഇത്തവണ വലിയ വിലയ്ക്ക് രാജസ്ഥാന്‍ തന്നെ ഉനദ്ഘട്ടിനെ സ്വന്തമാക്കി. ഇത്രയും വലിയ വില താരം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം കഴിഞ്ഞ സീസണ്‍ മുതലേ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. 

2017ല്‍ പുനെ ഫൈനലില്‍ എത്തിയതിന് പിന്നില്‍ ഉനദ്ഖട്ടിന്റെ മികച്ച കളിയായിരുന്നു. ഇതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം 11.5 കോടി രൂപയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കി. എന്നാല്‍ 15 കളിയില്‍ നിന്നും ഉനദ്ഖട്ട് വീഴ്ത്തിയത് 11 വിക്കറ്റ്. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തത് മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാന്‍ വകയുള്ളത്. എട്ട് കളിയില്‍ നിന്നും അവിടെ ഉനദ്ഖട്ട് 16 വിക്കറ്റ് വീഴ്ത്തി. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ കളി വിലയിരുത്തുമ്പോള്‍ 8.4 കോടി കൂടിയ വില തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com