മൈക്ക് നിന്റെ പിന്തുണ ഞങ്ങൾക്ക് പ്രചോദനം; അന്ധനായ ആരാധകന്റെ മനസ് നിറച്ച് ലിവർപൂൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അപരാജിത കുതിപ്പ് തുടരുകയാണ് ലിവർപൂൾ
മൈക്ക് നിന്റെ പിന്തുണ ഞങ്ങൾക്ക് പ്രചോദനം; അന്ധനായ ആരാധകന്റെ മനസ് നിറച്ച് ലിവർപൂൾ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ അപരാജിത കുതിപ്പ് തുടരുകയാണ് ലിവർപൂൾ. ടീമിന്റെ മിന്നും കുതിപ്പിൽ ആരാധകർക്കും ആവേശം. ലിവർപൂളിന്റെ മത്സരങ്ങൾ കാണാനായി സ്റ്റേഡിയങ്ങളിലെത്തി ടീമിന്റെ മുന്നേറ്റത്തിൽ ആവേശം കൊള്ളുന്ന ഒരു ആരാധകൻ ലോകത്തിന്റെ ശ്രദ്ധ നേടിയിരുന്നു. ജന്മനാ അന്ധനായ മൈക് കേർണിയെന്ന ആരാധകൻ ഇപ്പോൾ ലിവർപൂൾ ടീമിനും പ്രിയപ്പെട്ടവൻ.

കഴിഞ്ഞ ദിവസം മൈക് കേർണി ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ നേടിയ ഗോൾ ആഘോഷിക്കുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരുടെ മനസിൽ ഇടം നേടാനും മൈക്കിന് സാധിച്ചു. ഇപ്പോഴിതാ മൈക്കിനെ ലിവർപൂൾ പരിശീലനം കാണാൻ മെൽവുഡിലേക്ക് ക്ഷണിക്കുകയും പ്രിയ താരങ്ങളെ നേരിൽ കാണാൻ ഉള്ള അവസരം നൽകുകയും ചെയ്തിരിക്കുകയാണ് മുഹമ്മദ് സല. 

ക്ഷണം സ്വീകരിച്ച് കസിനുമൊത്ത് ലിവർപൂൾ ക്ലബിൽ എത്തിയ മൈക്ക് പരിശീലകൻ യുർ​ഗൻ ക്ലോപ്പുമായി സൗഹൃദം പങ്കിട്ടു. പിന്നീട് തന്റെ പ്രിയ താരം മുഹമ്മദ് സലായുമായി കുശലാന്വേഷണം നടത്തുവാനും മൈക്കിന് അവസരം ലഭിച്ചു. മൈക്കിന് തന്റെ ഒരു ജേഴ്‌സി സമ്മാനിക്കാനും മുഹമ്മദ് സല മറന്നില്ല. പിന്നീട് ടീമിന്റെ പരിശീലന മൈതാനത്തെത്തിയ മൈക്കിന് സമീപമെത്തി കുശലാന്വേഷണം നടത്താൻ മറ്റു താരങ്ങളും സമയം കണ്ടെത്തി. താരങ്ങളിൽ നിന്ന് ഓട്ടോഗ്രാഫും വാങ്ങിയാണ് മൈക്ക് തിരിച്ചുപോയത്.

മൈക്കിന്റെ സന്ദർശനം വീഡിയോയിൽ പകർത്തി ലിവർപൂൾ തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. മൈക്ക് നിന്റെ പിന്തുണ ഞങ്ങൾക്ക് പ്രചോദനമാണെന്ന് ക്ലബ് വീഡിയോക്ക് താഴെ കുറിച്ചു. 

തന്നെ നേരിൽ കണാൻ സമയം കണ്ടെത്തിയതിനും ടീമിലേക്ക് ക്ഷണിച്ചതിലും ജേഴ്സി സമ്മാനിച്ചതിലും മൈക്ക് തന്റെ ട്വിറ്റർ പേജിലൂടെ മുഹമ്മദ് സലയ്ക്ക് നന്ദി പറഞ്ഞിരുന്നു. മനോഹരമായ ദിവസമായിരുന്നുവെന്നും ലിവർപൂളിൽ മികച്ച വരവേൽപ്പാണ് കിട്ടിയതെന്നും എല്ലാവരേയും കാണാൻ സാധിച്ചത് ഉജ്ജ്വല അനുഭവമായിരുന്നുവെന്നും മൈക്ക് കുറിച്ചു. എന്നെ പരി​ഗണിക്കാൻ അവർ മറന്നില്ലെന്നും അതിൽ അങ്ങേയറ്റം നന്ദിയുണ്ടെന്നും മൈക്ക് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com