തൊലിയുടെ നിറത്തിന്റ പേരില്‍ അധിക്ഷേപിക്കുന്നവരേക്കാള്‍ വിവേകം കുരങ്ങന്‍മാര്‍ക്കുണ്ട്- ബെലോട്ടെല്ലി

ഫുട്‌ബോള്‍ മൈതാനത്തെ വംശീയ അധിക്ഷേപം വിഷയമാക്കി ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നു
തൊലിയുടെ നിറത്തിന്റ പേരില്‍ അധിക്ഷേപിക്കുന്നവരേക്കാള്‍ വിവേകം കുരങ്ങന്‍മാര്‍ക്കുണ്ട്- ബെലോട്ടെല്ലി

പാരിസ്: ലോകം മുഴുവന്‍ ലിംഗ സമത്വത്തിനും വര്‍ണ വിവേചനങ്ങള്‍ക്കെതിരെയും പോരാടുന്ന കാലമാണിത്. നിറത്തിന്റെ പേരില്‍ മനുഷ്യനെ അകറ്റി നിര്‍ത്തുന്ന മനോഭാവം ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തും യാഥാര്‍ഥ്യമായി നില്‍ക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫുട്‌ബോള്‍ മൈതാനങ്ങള്‍. സമീപ ദിവസങ്ങളിലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്റ്റെര്‍ലിങിന് നേരെ സ്റ്റേഡിയത്തിലെ ഒരുകൂട്ടം ആളുകള്‍ വംശീയമായ ആക്രോശങ്ങള്‍ നടത്തിയതാണ് ഇതില്‍ ഏറ്റവും അവസാനമുണ്ടായത്. 

ഫുട്‌ബോള്‍ മൈതാനത്തെ വംശീയ അധിക്ഷേപം വിഷയമാക്കി ഒരു ഡോക്യുമെന്ററി ഒരുങ്ങുന്നു. 'അയാം നോട്ട് എ മങ്കി' എന്ന് പേരിട്ടിരിക്കുന്ന ഫ്രഞ്ച് ഡോക്യുമെന്ററിയാണ് പുറത്തിറങ്ങാനൊരുങ്ങുന്നത്. ജനുവരി ആറിന് ഇത് റിലീസ് ചെയ്യും. മാര്‍ക്ക് സൗവോരലും മുന്‍ ഫ്രഞ്ച്, റോമ താരം ഒലിവിയര്‍ ഡക്കോര്‍ട്ടുമാണ് ഡോക്യുമെന്ററിയുടെ പിന്നണിയില്‍.  

വര്‍ണ വിവേചനത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ മൈതാനത്ത് ഏറ്റവും കൂടുതല്‍ നേരിട്ട താരമാണ് ഇറ്റലിയുടെ മരിയോ ബെലോട്ടെല്ലി. ഇറ്റലിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ആഫ്രിക്കന്‍ വംശജരായ താരങ്ങളെ കുരങ്ങന്മാര്‍ എന്ന് എതിര്‍ ടീമിന്റെ ആരാധകര്‍ അധിക്ഷേപിക്കാറുണ്ട്. ബെലോട്ടെല്ലിയെപ്പോലെ നിരവധി പേരാണ് ഇത്തരത്തില്‍ ആക്ഷേപത്തിന് ഇരയാകാറുള്ളത്. 

തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ വളരെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്ന ബലോട്ടെല്ലിയുടെ അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയിലുണ്ട്. കുരങ്ങന്‍മാര്‍ക്കെതിരെ താന്‍ പറയില്ലെന്ന് ബെലോട്ടെല്ലി വ്യക്തമാക്കി. തൊലിയുടെ നിറത്തിന്റ പേരില്‍ അധിക്ഷേപിക്കുന്നവരേക്കാള്‍ വിവേകം കുരങ്ങന്‍മാര്‍ക്കുണ്ടെന്ന് തനിക്കുറപ്പുണ്ടെന്നും ബെലോട്ടെല്ലി പറയുന്നു. 

ബലോട്ടെലിയെ കൂടാതെ സാമുവല്‍ എറ്റൂ, പാട്രിക്ക് വിയേര എന്നിവരും ഈ ഫ്രഞ്ച് ഡോക്യുമെന്ററിയില്‍ പങ്കെടുക്കുന്നുണ്ട്. യുവേഫ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും ഇന്നും വര്‍ണവിവേചനം ഫുട്ബാളില്‍ യാഥാര്‍ഥ്യമായി തുടരുകതന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com