ട്രിപ്പിള്‍ അടിച്ചത് കാന്റീന്‍ ഇലവനോ വെയിറ്റര്‍മാരുടെ ടീമിനെതിരേയോ ആയിരിക്കും; മായങ്കിനെ അപമാനിച്ച് കമന്റേറ്റർമാർ; വിമർശിച്ച് ആരാധകർ

മത്സരത്തിനിടെ താരത്തിന്റെ നേട്ടത്തേയും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെയും പരിഹസിച്ച കമന്റേറ്റർമാരുടെ വാക്കുകൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്
ട്രിപ്പിള്‍ അടിച്ചത് കാന്റീന്‍ ഇലവനോ വെയിറ്റര്‍മാരുടെ ടീമിനെതിരേയോ ആയിരിക്കും; മായങ്കിനെ അപമാനിച്ച് കമന്റേറ്റർമാർ; വിമർശിച്ച് ആരാധകർ

മെല്‍ബണ്‍: കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി വരവറിയിച്ച മായങ്ക് അ​ഗർവാളായിരുന്നു ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ താരമായത്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യന്‍ എ ടീമുകള്‍ക്കായും നേരത്തേ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് മായങ്കിനെ ദേശീയ ടീമിലെത്തിച്ചത്. മത്സരത്തിൽ 76 റണ്‍സെടുത്താണ് താരം അരങ്ങേറ്റം അവിസ്മരണീയമാക്കിയത്. 

മത്സരത്തിനിടെ താരത്തിന്റെ നേട്ടത്തേയും ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെയും പരിഹസിച്ച കമന്റേറ്റർമാരുടെ വാക്കുകൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്. ദൃക്‌സാക്ഷി വിവരണത്തിനിടെ ഫോക്സ് സ്പോര്‍ട്സ് ചാനലിന്‍റെ ഓസ്ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെയുടെ വാക്കുകളാണ് വന്‍ വിവാദമായിരിക്കുന്നത്. ഒകീഫെയ്ക്കൊപ്പം മുൻ ഓസ്ട്രേലിയൻ ഓപണർ മാർക്ക് വോയുടെ പരിഹാസവും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ആരാധകര്‍ മാത്രമല്ല ചില മുന്‍ കളിക്കാരും ഒകീഫെയുടെയും വോയുടെയും പരാമര്‍ശങ്ങള്‍ അതിരു കടന്നുപോയെന്ന് ചൂണ്ടിക്കാട്ടുന്നു. 

ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയെയാണ് ഒകീഫെ കളിയാക്കിയത്. കാന്റീന്‍ ഇലവനോ വെയിറ്റര്‍മാരുള്‍പ്പെട്ട ടീമിനെതിരേയോ ആയിരിക്കാം മായങ്ക് ട്രിപ്പിള്‍ അടിച്ചതെന്നായിരുന്നു ഒകീഫെയുടെ പരിഹാസം. ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളര്‍മാരെക്കൂടി കളിയാക്കുന്നതായി മാറി ഒകീഫെയുടെ വാക്കുകള്‍. ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍.

കടുത്ത വിമര്‍ശനവുമായി നിരവധി പേരാണ് ഒകീഫെയ്‌ക്കെതിരേ രംഗത്തു വന്നത്. ഒകീഫെ കോമാളിയാണെന്നും വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച അയാളുടെ അവസാന കമന്ററി ആയിരിക്കും ഇതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com