സന്ദേശ് ജിങ്കനും സികെ വിനീതും പുറത്തേക്ക്; അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നു

ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തകളാണ് ബ്ലാസ്റ്റേഴ്‌സ് പാളയത്തില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്
സന്ദേശ് ജിങ്കനും സികെ വിനീതും പുറത്തേക്ക്; അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിരാശാജനകമായ പ്രകടനങ്ങളെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങളാണ് ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടത്തിയത്. ടീമിന്റെ മോശം ഫോം സ്റ്റേഡിയത്തിലേക്കുള്ള ഫാന്‍സിന്റെ ഒഴുക്കിനും കുറവ് വരുത്തി. പിന്നാലെ കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി സഹ പരിശീലകന്‍ താങ്‌ബോയ് സിങ്‌ദോയ്ക്ക് താത്കാലിക ചുമതല നല്‍കി ടീമിനെ തിരിച്ച് വിജയ വഴിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്‌മെന്റ് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

കിരീട സാധ്യതകളൊക്കെ ഏതാണ്ട് അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് മുഖം രക്ഷിച്ച് സീസണ്‍ അവസാനിപ്പിക്കുകയാണ് മുന്നില്‍ കാണുന്നത്. ടീമിനെ അടിമുടി മാറ്റാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും മികച്ച യുവ താരങ്ങളില്‍ ഒരാളായ 18കാരന്‍ നോന്‍ങ്ഡംബ നെയ്‌റോമിനെ ടീമിലെത്തിച്ചിരുന്നു. 

എന്നാല്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തകളാണ് ബ്ലാസ്റ്റേഴ്‌സ് പാളയത്തില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെടുംതൂണായി കളിക്കുന്ന താരമാണ് നായകന്‍ കൂടിയായ സന്ദേശ് ജിങ്കന്‍. സന്ദേശ് ജിങ്കനും സികെ വിനീതും അടക്കമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇവരുടെ കൈമാറ്റം നടക്കുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. 

സന്ദേശ് ജിങ്കന്‍, സികെ വിനീത്, ഹാലിചരണ്‍ നര്‍സരി, ഗോള്‍ കീപ്പര്‍മാരായ ധീരജ് സിങ്, നവീന്‍ കുമാര്‍ എന്നിവരാണ് ടീം വിടാനൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐഎസ്എല്ലിലെ തന്നെ മറ്റ് ടീമുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 

തുടര്‍ച്ചയായി അഞ്ചാം സീസണിലും മഞ്ഞപ്പടയ്‌ക്കൊപ്പമുള്ള ജിങ്കന് ഇനി ഒരു വര്‍ഷവും അഞ്ച് മാസവും കൂടി കരാര്‍ ബാക്കിയുണ്ട്. എന്നാല്‍ പരസ്പര ധാരണയില്‍ ക്ലബുമായി പിരിയാനാണ് ജിങ്കന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ എടികെ വന്‍ ഓഫറുമായി താരത്തെ സമീപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ നില്‍ക്കാനായിരുന്നു ജിങ്കന്റെ തീരുമാനം. 

സീസണിന്റെ തുടക്കത്തില്‍ ക്ലബ് വിടാനൊരുങ്ങിയ താരമായിരുന്നു സികെ വിനീത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 

നര്‍സരി, ധീരജ്, നവീന്‍ എന്നിവര്‍ ഈ സീസണില്‍ കളത്തിലിറങ്ങിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. ഇവരെ ഒഴിവാക്കാന്‍ ക്ലബ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com