ഓള്‍റൗണ്ടര്‍ മാത്രമല്ല; ഇതാ ഇന്ത്യന്‍ ക്രിക്കറ്റിലെ 'ബോബ് മര്‍ലി'

വിഖ്യാത ജമൈക്കന്‍ പാട്ടുകാരനും ഗാന രചയിതാവുമായ ബോബ് മര്‍ലിയോടാണ് തന്റെ രൂപത്തെ കാണികള്‍ ഉപമിച്ചതെന്ന് ഡോരിയക്ക് മനസിലായി
ഓള്‍റൗണ്ടര്‍ മാത്രമല്ല; ഇതാ ഇന്ത്യന്‍ ക്രിക്കറ്റിലെ 'ബോബ് മര്‍ലി'


 
ന്യോപങ്: നീട്ടി വളര്‍ത്തിയ മുടിയുമായി ക്രിക്കറ്റ് കളിക്കാനിറങ്ങിയപ്പോള്‍ കാണികള്‍ ബോബ് മര്‍ലി.... ബോബ് മര്‍ലി വിളികളുമായാണ് അവനെ എതിരേറ്റത്. അതാരാണെന്ന് അന്ന് ടെചി ഡോരിയ എന്ന അരുണാചല്‍ പ്രദേശ് ക്രിക്കറ്റ് താരത്തിന് അറിയില്ലായിരുന്നു. അപ്പോള്‍ അതാരാണെന്ന് അറിയാനുള്ള കൗതുകമായിരുന്നു ഡോരിയക്ക്. 

വര്‍ഷങ്ങള്‍ക്കിപ്പുറം ഡോരിയ ആ വിളി ആസ്വദിക്കുന്നു. വിഖ്യാത ജമൈക്കന്‍ പാട്ടുകാരനും ഗാന രചയിതാവുമായ ബോബ് മര്‍ലിയോടാണ് തന്റെ രൂപത്തെ കാണികള്‍ ഉപമിച്ചതെന്ന് ഡോരിയക്ക് മനസിലായി. അത് തനിക്കുള്ള അംഗീകാരമായി താരം കാണുന്നു. 

ന്യോപങ് ഗ്രാമത്തിലെ താരമാണ് ഡോരിയ. ക്രിക്കറ്റ് മൈതാനത്തെ തന്റെ ഓള്‍റൗണ്ട് മികവിലൂടെ താരം നിരവധി പേരെ തന്റെ ആരാധകരാക്കി മാറ്റിയിരുന്നു. 

ഈ സീസണില്‍ രഞ്ജിയില്‍ അരുണാചലിനായി അരങ്ങേറാന്‍ ഡോരിയക്ക് സാധിച്ചു. അരുണാചലിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ഡോരിയ 230 റണ്‍സും 13 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 

ബോബ് മര്‍ലിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതോടെയാണ് ഡോരിയ ആ വിളി തനിക്കുള്ള അംഗീകാരമാണെന്ന് പറഞ്ഞത്. ക്രിക്കറ്റ് താരമാണെങ്കിലും ബോബ് മര്‍ലിയെപ്പോലെ മുടിയില്‍ മാത്രമല്ല നൃത്തത്തിലും തെരുവ് ഡാന്‍സിലുമെല്ലാം ഡോരിയ തന്റെ കഴിവ് പ്രകടമാക്കാറുണ്ട്. ഒരു അത്‌ലറ്റിന് വേണ്ട ശാരീരിക മികവുകള്‍ എല്ലാം ഡോരിയക്ക് ആവോളമുണ്ട്. എളുപ്പത്തില്‍ വഴങ്ങുന്ന ശാരീരിക മികവ് സ്വയം തിരിച്ചറിഞ്ഞ ഡോരിയ 11ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ നൃത്തം ചെയ്യാന്‍ തുടങ്ങിയിരുന്നു. ക്രിക്കറ്റ് കളിക്കാനിറങ്ങുമ്പോള്‍ ഈ മികവ് കൂടുതല്‍ ഊര്‍ജം തരുന്നതായി ഡോരിയ പറയുന്നു. 

രഞ്ജിയിലെ തന്റെ സഹ താരങ്ങളെ നൃത്തം ചെയ്ത് സന്തോഷിപ്പിക്കാന്‍ ഡോരിയ ശ്രമിക്കാറുണ്ട്. ടീം വിജയിക്കുമ്പോള്‍ നൃത്തം ചെയ്ത് അത് ആഘോഷിക്കാറുണ്ടെന്നും താരം വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് തന്റെ ഇഷ്ട ക്രിക്കറ്റ് താരമെന്ന് ഡോരിയ പറയുന്നു. കോഹ്‌ലിയെപ്പോലെ മികച്ച താരമാകണം. അദ്ദേഹം സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്യുന്നത് ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. കളിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന താരമായി ഉയരാനാണ് ആഗ്രഹമെന്നും ഡോരിയ പറഞ്ഞു. തന്റെ തിരിച്ചറിയല്‍ അടയാളമായി മാറിക്കഴിഞ്ഞ നീണ്ട മുടി ജീവിതത്തിലൊരിക്കലും മുറിക്കില്ലെന്നും ടെചി ഡോരിയ കൂട്ടിച്ചേര്‍ത്തു. 

അരുണാചലിലെ പ്രധാന ഗോത്ര വര്‍ഗ വിഭാഗമായ നൈഷി സമുദായക്കാരനാണ് ഡോരിയ. പിതാവ് ടെചി സോണിയ കര്‍ഷകനും മാതാവ് ടെചി യാനിയ റൂറല്‍ വര്‍ക്‌സ് ഡിപാര്‍ട്‌മെന്റിലെ ജീവനക്കാരിയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com