ജയിച്ചാലും ശരി തോറ്റാലും ശരി; കോണ്‍സ്റ്റന്റൈന് ഇനി അവസരമില്ല; നോട്ടം ആല്‍ബര്‍ട്ട് റോക്കയില്‍

ജനുവരി അഞ്ചിന് ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് നിര്‍ണായകമാണ്
ജയിച്ചാലും ശരി തോറ്റാലും ശരി; കോണ്‍സ്റ്റന്റൈന് ഇനി അവസരമില്ല; നോട്ടം ആല്‍ബര്‍ട്ട് റോക്കയില്‍

ന്യൂഡല്‍ഹി: ജനുവരി അഞ്ചിന് ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് പോരാട്ടം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് നിര്‍ണായകമാണ്. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാനുള്ള അവസാനത്തെ അവസരമാണ് ഈ ഇംഗ്ലീഷ് കോച്ചിന്. 

2019 മാര്‍ച്ചോടെ കോണ്‍സ്റ്റന്റൈന്റെ കരാര്‍ കാലാവധി അവസാനിക്കുകയാണ്. ഇംഗ്ലീഷ് കോച്ചിന് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനം. 2015ല്‍ രണ്ടാം തവണയും ഇന്ത്യന്‍ പരിശീലക സ്ഥാനമേറ്റ കോണ്‍സ്റ്റന്റൈന് കീഴില്‍ ടീം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുണ്ട്. റാങ്കിങില്‍ 100 താഴെ ടീമിനെ എത്തിക്കാനും കോണ്‍സ്റ്റന്റൈന് സാധിച്ചു. 

എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയടക്കമുള്ള മുതിര്‍ന്ന താരങ്ങളില്‍ പലരും കോണ്‍സ്റ്റന്റൈന്റെ പ്രതിരോധ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നില്ല. ആരാധകരും കോച്ചിന്റെ ശൈലിയെ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല സമീപ കാലത്ത് കോണ്‍സ്റ്റന്റൈന്‍ ടീം തിരഞ്ഞെടുക്കുന്നതും വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വര്‍ഷമാദ്യം ടീമിലെ ചില മുതിര്‍ന്ന താരങ്ങള്‍ കോണ്‍സ്റ്റന്റൈനെ പുറത്താക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ചുരുക്കത്തില്‍ ഏഷ്യന്‍ കപ്പില്‍ ജയിച്ചാലും ശരി തോറ്റാലും ശരി കോണ്‍സ്റ്റന്റൈനെ ഒഴിവാക്കാനുള്ള തീരുമാനം അധികൃതര്‍ ഉറപ്പാക്കി കഴിഞ്ഞു. മുന്‍ ബംഗളൂരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയെ ടീമിലെത്തിക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ ആലോചിക്കെന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com