ഇപ്പോഴാണ് തിരിച്ചറിയുന്നത് ഇത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണെന്ന്; മൗറിഞ്ഞോയെ കുത്തി,പുതുജന്മത്തില്‍ ആര്‍മാദിച്ച്‌ പോഗ്ബ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2018 11:31 AM  |  

Last Updated: 31st December 2018 11:31 AM  |   A+A-   |  

united

മൗറിഞ്ഞോ ഓള്‍ഡ് ട്രഫോര്‍ഡ് വിട്ടതിന് പിന്നാലെ കിട്ടിയ പുതുജന്മം തകര്‍ത്താഘോഷിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും പോഗ്ബയും. പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍ത്തപ്പോള്‍ ഇരട്ട ഗോളുമായി വീണ്ടും പോഗ്ബ ആര്‍മാദിക്കുകയായിരുന്നു. 

മൗറിഞ്ഞോ ക്ലബ് വിട്ടതിന് പിന്നാലെ ഇത് രണ്ടാം വട്ടമാണ് പോഗ്ബ ഇരട്ട ഗോള്‍ നേടുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റേതാവട്ടെ തുടര്‍ച്ചയായ മൂന്നാം ജയവും. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ വല കുലുക്കിയായിരുന്നു പോഗ്ബ ഇനി തന്റെ കുതിപ്പായിരിക്കുമെന്ന് വിളിച്ചു പറഞ്ഞത്. റഷ്‌ഫോര്‍ഡില്‍ നിന്നെത്തിയ ക്രോസ് ഡ്രിബിള്‍ ചെയ്ത് വലക്കകത്താക്കിയ പോഗ്ബ 33ാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 

ബോക്‌സിങ് ഡേയില്‍ ഹഡഴ്‌സ്ഫീല്‍ഡിനെതിരേയും പോഗ്ബ ഇരട്ടഗോള്‍ നേടിയിരുന്നു. ഞങ്ങള്‍ക്ക് ആക്രമിക്കണമായിരുന്നു. മാനേജര്‍ ആവശ്യപ്പെട്ടതും അതാണ്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ കളിക്കാരുടെ പ്രതികരണം കണ്ടില്ല. എല്ലാവരും ആസ്വദിക്കുകയാണ്. ഇപ്പോഴാകും ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലാണ് എന്നും മൗറിഞ്ഞോയെ കുത്തി പോഗ്ബ മത്സരത്തിന് ശേഷം പറഞ്ഞു.

45ാം മിനിറ്റില്‍ റഷ്‌ഫോര്‍ഡില്‍ നിന്നായിരുന്നു യുനൈറ്റഡിന്റെ മറ്റൊരു ക്ലാസ് ഗോള്‍ പിറന്നത്. ഒന്നാം പകുതിയുടെ അധിക സമയത്ത് ബേണ്‍മൗത്തും വല കുലുക്കിയെങ്കിലും 72ാം മിനിറ്റില്‍ ലുക്കാക്കുവും കൂടി വല കുലുക്കിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ കോച്ചിന് കീഴില്‍ തകര്‍പ്പന്‍ ജയവുമായി ഓള്‍ഡ് ട്രഫോര്‍ഡില്‍ തിരികെ കയറി. പാസുകളുടെ കൃത്യതയിലും പന്ത് കൈവശം വയ്ക്കുന്നതിലും ഓണ്‍ ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളിലുമെല്ലാം മികച്ച് നിന്നായിരുന്നു യുനൈറ്റഡിന്റെ കളി.