ബെര്‍ബ തിരിച്ചെത്തുന്നത് സ്‌ട്രൈക്കര്‍ പൊസിഷനിലേക്ക്? ഇതുവരെ കണ്ട കളിയായിരിക്കില്ല നാളെ

ഗുഡ്യോണിന്റെ കളിക്കളത്തിലെ പ്രകടനം, പുള്‍ഗയുടെ തിരിച്ചുവരവ്, ഇവര്‍ക്കൊപ്പം ബെര്‍ബയും ഹ്യൂമും കൂടി ചേരുന്നത് എന്നിവയെല്ലാം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നു
ബെര്‍ബ തിരിച്ചെത്തുന്നത് സ്‌ട്രൈക്കര്‍ പൊസിഷനിലേക്ക്? ഇതുവരെ കണ്ട കളിയായിരിക്കില്ല നാളെ

കൊച്ചി: അടുത്ത അഞ്ച് കളികള്‍ ജയിച്ചു കയറിയാല്‍ പോലും ഉറപ്പിക്കാനാവാത്ത പ്ലേഓഫ് സാധ്യതകള്‍. പക്ഷേ പ്രതികൂല ഘടകങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോഴും വിജയ വഴിയിലെ തിരിച്ചു വരവിനായി മഞ്ഞപ്പടയുടെ ശക്തി കൂട്ടുകയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. 

സീസണില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധമുള്ള ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇപ്പോള്‍. വെള്ളിയാഴ്ചത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേയിങ് ഇലവന്‍ എങ്ങിനെയാകും, ഗുഡ്യോണിന്റെ കളിക്കളത്തിലെ പ്രകടനം, പുള്‍ഗയുടെ തിരിച്ചുവരവ്, ഇവര്‍ക്കൊപ്പം ബെര്‍ബയും ഹ്യൂമും കൂടി ചേരുന്നത് എന്നിവയെല്ലാം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആകാംക്ഷ ഇരട്ടിയാക്കുന്നു. 

നാലാം സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ബെര്‍ബറ്റോവ് പരിക്കിന്റെ പിടിയില്‍ നിന്നും മുക്തമായി പുനെയ്‌ക്കെതിരായ മത്സരത്തില്‍ ബൂട്ടണിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തിരിച്ചു വരികയാണ് ബെര്‍ബറ്റോവെന്ന് ഡേവിഡ് ജെയിംസും പറയുന്നു. കഴിഞ്ഞ ദിവസം ടീമിനൊപ്പം ഏറെ നേരം ബെര്‍ബറ്റോവ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.  

ബെര്‍ബറ്റോവിനെ സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ പൊസിഷനില്‍ കളിപ്പിക്കണമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് ഡേവിഡ് ജെയിംസിന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് പ്രതികരണം ഉണ്ടാകുമോ എന്നും പുനെയ്‌ക്കെതിരെയുള്ള മത്സരത്തില്‍ നിന്നറിയാം. ഇതുവരെയുള്ള മത്സരങ്ങളില്‍ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ കളിച്ച ബെര്‍ബയ്ക്ക് തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ സ്‌ട്രൈക്കര്‍ പൊസിഷനില്‍ കളിച്ചാല്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. മ്യുലന്‍സ്റ്റീന്‍ രൂപപ്പെടുത്തിയ ടീമില്‍ അഴിച്ചു പണികള്‍ നടത്തിയ ഡേവിഡ് ജെയിംസ് ബെര്‍ബയുടെ പൊസിഷനില്‍ മാറ്റം വരുത്തിയേക്കും.

മധ്യനിരയില്‍ പുള്‍ഗ എത്തുന്നതോടെ ഹ്യൂമിന് അത് നല്‍കുന്ന സപ്പോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സ് പടയ്ക്ക് ഏറെ നിര്‍ണായകമാകും. പുള്‍ഗയും, ബെര്‍ബയും എത്തുന്നതോടെ ശക്തമാകുന്ന മധ്യ
നിരയ്ക്ക് പുറമെ, മധ്യനിരയിലേക്ക് ഇറങ്ങി വന്ന് പന്ത് റാഞ്ചിയെടുത്ത് ഗോളാക്കാന്‍ പാകത്തില്‍ ഗ്യൂഡ്യോണും മഞ്ഞപ്പടയ്‌ക്കൊപ്പമുള്ളത് ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന കരുത്ത് ചില്ലറയായിരിക്കില്ല. ഡല്‍ഹിക്കെതിരെ ഗ്യുഡ്യോണ്‍ ആസ്വദിച്ചായിരുന്നു കളിച്ചതെന്നും, അതിന്റെ തുടര്‍ച്ചയാണ് അടുത്ത കളിയിലും പ്രതീക്ഷിക്കുന്നതെന്നാണ് ഡേവിഡ് ജെയിംസ് പറയുന്നത്. 

ഹ്യും, ബെര്‍ബ, ഗുഡ്യോണ്‍, പുള്‍ഗ, വിനീത് എന്നിവര്‍ക്കൊപ്പം ബ്രസീലിയന്‍ താരം നില്‍മര്‍ പുനെയ്‌ക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങുമോ എന്നാണ് ആരാധകരുടെ മറ്റൊരു ആകാംക്ഷ. ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഇനിയും ചില താരങ്ങള്‍ വന്നേക്കാമെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. നില്‍മര്‍ വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. കിസിറ്റോയുടെ പരിക്കിനെ തുടര്‍ന്ന് മറ്റൊരു താരത്തെ കൊണ്ടുവന്നേക്കാം എന്നും ഡേവിഡ് ജെയിംസ് പറയുന്നു. 

മഞ്ഞപ്പടയുടെ പുതിയ താരോദയമായ നേഗിയെ കുറിച്ചും ഡേവിഡ്വ ജെയിംസ് പറയുന്നു. കളിക്കാര്‍ ഇന്ത്യനാണോ വിദേശിയാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. എന്റെ കളിക്കാരെയെല്ലാം എനിക്ക് വിശ്വാസമാണ്. ടീമില്‍ ഉള്ളതില്‍ മികച്ച കളിക്കാരെ പുറത്തിറക്കുകയാണ് ലക്ഷ്യം. എല്ലാവരും നേഗിയുടെ കളി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. എന്നാല്‍ എനിക്കൊരു അത്ഭുതവും തോന്നുന്നില്ലെന്നും ഡേവിഡ് ജെയിംസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com