മറ്റ് രാജ്യത്തിനായി കളിക്കാന്‍ ശ്രീശാന്ത്; ആജീവനാന്ത വിലക്കില്‍ നിലപാടറിയിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി

2013ലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് മേല്‍  ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു
മറ്റ് രാജ്യത്തിനായി കളിക്കാന്‍ ശ്രീശാന്ത്; ആജീവനാന്ത വിലക്കില്‍ നിലപാടറിയിക്കാന്‍ ബിസിസിഐയോട് സുപ്രീംകോടതി

വാതുവയ്പ്പ് വിവാദത്തില്‍ കുടിങ്ങിയ ഇന്ത്യന്‍ മുന്‍ താരം ശ്രീശാന്തിന് മേല്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കില്‍ പ്രതികരണം അറിയിക്കാന്‍ ബിസിസിഐയോട് നിര്‍ദേശിച്ച് സുപ്രീംകോടതി. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

മറ്റ് രാജ്യത്തിനായി കളിക്കാനുള്ള ശ്രീശാന്തിന്റെ നീക്കത്തിന് ബിസിസിഐ തടയിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരള താരം സുപ്രീംകോടതിയെ സമീപിച്ചത്. ശ്രീശാന്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടറിയിക്കാന്‍ വ്യക്തമാക്കി കോടതി ബിസിസിഐയ്ക്ക് നോട്ടീസയച്ചിരിക്കുന്നത്. 

2013ലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് മേല്‍  ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ വിലക്ക് തുടരുമെന്ന് വ്യക്തമാക്കിയായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. ഇതിന് പിന്നാലെ മറ്റ് രാജ്യത്തിനായി കളിക്കുന്നതിന്റെ സാധ്യതകള്‍ ശ്രീശാന്ത് തേടുകയായിരുന്നു. 

ബിസിസിഐയാണ് എന്നെ വിലക്കിയിരിക്കുന്നത് ഐസിസി അല്ല എന്നതായിരുന്നു ശ്രീശാന്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ശ്രീശാന്തിന്റെ നീക്കത്തെ ബിസിസിഐ തടഞ്ഞു. ഐസിസിയിലെ അംഗം വിലക്കിയ ഒരു താരത്തെ ഐസിസിയിലെ മറ്റൊരു അംഗത്തിനോ, അസോസിയേഷനോ കളിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഐസിസി ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു  ബിസിസിഐ ആക്റ്റിങ് സെക്രട്ടറിയായ അമിതാഭ് ചൗധരിയുടെ പ്രതികരണം. 

നേരത്തെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കുന്നതിനും ശ്രീശാന്ത് ശ്രമിച്ചിരുന്നില്ല. എന്നാല്‍ ബിസിസിഐയില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com