മെസിയെ ബെഞ്ചിലിരുത്തി കുട്ടിഞ്ഞോയെ ഇറക്കി;  ഇറങ്ങിയപ്പോള്‍ പന്തുമായി പറന്ന് മിശിഹ

മൈതാനത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് എസ്പ്യാനോള്‍ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ഡ്രിബിള്‍ ചെയ്തു പറക്കുന്ന കാഴ്ചയായിരുന്നു ഫുട്‌ബോള്‍ ലോകം കണ്ടത്
മെസിയെ ബെഞ്ചിലിരുത്തി കുട്ടിഞ്ഞോയെ ഇറക്കി;  ഇറങ്ങിയപ്പോള്‍ പന്തുമായി പറന്ന് മിശിഹ

ദുര്‍ബലരായ എസ്പ്യാനോളിനോട്  സമനില വഴങ്ങുകയായിരുന്നു മെസിയും സംഘവും മഴ അകമ്പടിയായെത്തിയ എസ്പ്യാനോളിന്റെ മണ്ണില്‍ നടന്ന മത്സരത്തില്‍. 66ാം മിനിറ്റില്‍ എസ്പ്യാനോളിന്റെ മൊറേനോ വല കുലിക്കിയപ്പോള്‍ സമനില ഗോളിനായി 82ാം മിനിറ്റ് വരെ ബാഴ്‌സയ്ക്ക് കാത്തു നില്‍ക്കേണ്ടി വന്നു. 

എഴ് ഡിഗ്രിയിലെത്തിയ കാലാവസ്ഥയും, തുടക്കം മുതല്‍ അകമ്പടിയായെത്തിയ മഴയും ബാഴ്‌സയെ തളര്‍ത്തിയ കളിയില്‍ പിക്വെയിലൂടെയായിരുന്നു ബാഴ്‌സ സമനില ഗോള്‍ നേടിയത്. മെസിയെ ബെഞ്ചിലിരുത്തി കുട്ടിഞ്ഞോയെ മുന്നില്‍ നിര്‍ത്തിയായിരുന്നു വാല്‍വെര്‍ദെ ബാഴ്‌സയുടെ ആക്രമണങ്ങള്‍ക്ക് തന്ത്രം മെനഞ്ഞത്. 

അവസരം മുതലാക്കി ആക്രമിച്ചു കളിക്കാന്‍ കുട്ടിഞ്ഞോ ഒരുങ്ങിയപ്പോള്‍ അവസരവും പിറന്നിരുന്നു. എന്നാല്‍ വലത് കാലു കൊണ്ടു കുട്ടിഞ്ഞോ ഉതിര്‍ത്ത ലോങ് റേഞ്ച് ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. എസ്പ്യാനോളിനെതിരെ പിക്വെയുടെ  ഭാഗത്ത് നിന്നുമുണ്ടായ പരാമര്‍ശത്തിന് പിന്നാലെ നടന്ന മത്സരത്തില്‍ പിക്വെയുടെ കാലുകളിലേക്ക് പന്തെത്തുമ്പോഴേല്ലാം ആതിഥേയ ടീമിന്റെ ആരാധകര്‍ കൂകി കൊണ്ടുമിരുന്നു. 

ആദ്യ പകുതിയില്‍ പിന്നില്‍ നിന്നിരുന്ന ബാഴ്‌സയ്ക്കായി മെസി എത്തിയതോടെ കളി മാറിയിരുന്നു. മൈതാനത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് എസ്പ്യാനോള്‍ പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ഡ്രിബിള്‍ ചെയ്തു പറക്കുന്ന കാഴ്ചയായിരുന്നു ഫുട്‌ബോള്‍ ലോകം കണ്ടത്.

മഴയും മൈതാനത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലും മെസിക്ക് പന്തുമായി കുതിക്കുന്നതിന് തടസമുണ്ടായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com