ആനയെ കുളിപ്പിച്ചും, കായല്‍ സവാരി നടത്തിയും ഹ്യും; ആരാധകരുടെ സ്‌നേഹക്കൂടുതല്‍ തീര്‍ത്ത ബുദ്ധിമുട്ടിനേയും കുറിച്ച് പറയാനുണ്ട്‌

ഐഎസ്എല്ലില്‍ എത്തിയതിന് ശേഷം പരിചയപ്പെട്ട ഒരു ഇന്ത്യന്‍ താരം പോലും എന്നെ സ്വാധീനിക്കാതെ കടന്നു പോയിട്ടില്ല
ഫോട്ടോ; ആല്‍ബിന്‍ മാത്യു
ഫോട്ടോ; ആല്‍ബിന്‍ മാത്യു

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഎസ്എല്ലിന് വിസില്‍ മുഴങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ നെഞ്ചിനുള്ളിലേക്ക് ഇങ്ങനെ ചേക്കേറുമെന്ന്. പക്ഷേ ആദ്യ വിസില്‍ മുതല്‍ ഓടിക്കളിച്ച ഒരു മുട്ടത്തലയന്‍ മഞ്ഞപ്പടയിലേക്ക് അവരെ വലിച്ചടുപ്പിക്കുകയായിരുന്നു. കളം നിറഞ്ഞങ്ങിനെ അധ്വാനിച്ചു കളിക്കുന്ന ഇയാന്‍ ഹ്യൂമെന്ന താരത്തെ മഞ്ഞപ്പടയുടെ ആരാധകര്‍ പിന്നെ സ്‌നേഹിച്ചു കൊല്ലുകയായിരുന്നു, ഹ്യൂം തിരിച്ചും. 

പുനെയ്‌ക്കെതിരായ മത്സരത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് ഐഎസ്എല്‍ നാലാം സീസണില്‍ ഇനി ഹ്യും മഞ്ഞപ്പടയ്ക്കായി കളത്തിലുണ്ടാകില്ല.  എന്നാലിപ്പോള്‍ കളിക്കളത്തിനകത്തും പുറത്തുമുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഇയാന്‍ ഹ്യും ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസുമായി. ഐഎസ്എല്ലില്‍ എത്തിയതിന് ശേഷം പരിചയപ്പെട്ട ഒരു ഇന്ത്യന്‍ താരം പോലും എന്നെ സ്വാധീനിക്കാതെ കടന്നു പോയിട്ടില്ല. 

ഒരുപാട് സ്‌നേഹം ഉള്ളിലുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍. അവര്‍ കൂടുതല്‍ വൈകാരികമായി ചിന്തിക്കുന്നു. എന്നാല്‍ പുറന്തോടിനുള്ളില്‍ നിന്നും പുറത്തുവരാന്‍ അവര്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. വന്നുകഴിഞ്ഞാല്‍ അവരേക്കാള്‍ സൗഹൃദം പകരാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും ഹ്യും പറയുന്നു. 

കൊല്‍ക്കത്തയിലേയും കൊച്ചിയിലേയും ആരാധകരുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശമാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ നമുക്ക് ആ സ്‌നേഹം അനുഭവിക്കാനാവും. ഹൃദയം മുഴുവന്‍ നല്‍കിയാണ് അവര്‍ ഫുട്‌ബോളിനേയും നാടിനേയും നാടിന്റെ പേരിലുള്ള ക്ലബിനേയും സ്‌നേഹിക്കുന്നത്. 

എന്നാല്‍ ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ക്കുള്ള നിരാശ ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. നിരുപാധകമായാണ് ടീമിനെ അവര്‍ പിന്തുണയ്ക്കുന്നത്. പക്ഷേ വിജയം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോകത്ത് എല്ലായിടത്തുമുള്ള ആരാധകരുടെ കാര്യം അങ്ങിനെയാണ്. ഞങ്ങളും ജയം പ്രതീക്ഷിച്ചാണ് കളിക്കുന്നത്. അധ്വാനത്തിന്റെ  കുറവു കൊണ്ടല്ല തോല്‍ക്കുന്നത്. നിരവധി ഘടകങ്ങള്‍ നമുക്ക് എതിരെ വന്നിരുന്നു. എന്നാല്‍ എത്രമാത്രം കഠിനപ്രയത്‌നം ചെയ്യാന്‍ പറ്റുമോ അത്രത്തോളം ഞങ്ങള്‍ ചെയ്യുന്നുണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരക്കാരന്‍ വ്യക്തമാക്കുന്നു. 

ജയിക്കാന്‍ വേണ്ടിയാണ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. വിജയിച്ചു മുന്നേറുക അല്ല, വെറുതെ പങ്കെടുക്കുക മാത്രം ലക്ഷ്യം വെച്ചാണ് ചാമ്പ്യന്‍ഷിപ്പില്‍ എത്തുന്നതെന്ന് പറയുന്നത് കള്ളമാണ്. ഫുട്‌ബോളിനോടുള്ള സ്‌നേഹം കൊണ്ട് നിങ്ങള്‍ കളിക്കാം. സ്‌പോര്‍ട്‌സ് എന്നാല്‍ പോരാട്ടമാണ്. രണ്ടാമതും മൂന്നാമതുമെല്ലാം എത്തുന്ന ടീമിനെ ആരും ഓര്‍ക്കില്ല. എല്ലാവര്‍ക്കും ജയത്തിന്റെ കൊടുമുടി തന്നെ കയറണം. 

സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മ്മനി എന്നിവിടങ്ങളിലെ ഫുട്‌ബോള്‍ ലീഗുകള്‍ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.ഐഎസ്എല്‍ ആവട്ടെ നാല് വര്‍ഷംമാത്രമാണ് പിന്നിട്ടിട്ടുള്ളത്. പക്ഷേ പ്രാദേശിക താരങ്ങളില്‍ ഈ കാലയളവില്‍ തന്നെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും ഹ്യും ചൂണ്ടിക്കാണിക്കുന്നു.

കളിക്കളത്തിലെ കാര്യങ്ങള്‍ മാറ്റി വെച്ചാല്‍ വീട്ടുവിശേഷവും പറയാനുണ്ട് ഹ്യൂമിന്. അവധി ആഘോഷത്തിനായി ഭാര്യ ക്രിസിയും, മകള്‍ കേയ് രയും അലിസയും കൊച്ചിയിലുണ്ട്. ആനകളെ ഒരുപാടിഷ്ടമുള്ള ഹ്യും കുടുംബവുമായി കോടനാട് ആന സങ്കേതത്തിലും പോയി. കണ്ണുനിറയെ ആനയെ അടുത്തു കണ്ട്, അതിനെ കുളിപ്പിച്ചെല്ലാമാണ് തിരിച്ചുവന്നതെന്ന് ഹ്യൂം പറയുന്നു. ഇംഗ്ലണ്ടില്‍ മൃഗശാലയില്‍ മാത്രമാണ് ഞങ്ങള്‍ക്ക് ആനയെ കാണാനാവുക. കൊടനാട്ടെ അനുഭവും അതിശയിപ്പിക്കുന്നതായിരുന്നു. കായലില്‍ ചിലവഴിച്ച സമയമായിരുന്നു കുടുംബത്തിന് ഏറെ ഇഷ്ടമായതെന്നും ഹ്യും. 

മലയാളികള്‍ക്ക് ഹ്യൂമിനോടുള്ള സ്‌നേഹത്തെ കുറിച്ച്  പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ ആ സ്‌നേഹം ഹ്യൂമിനെ ചെറുതായി കുഴയ്ക്കുന്നുമുണ്ട്. മാരിയറ്റ് ഹോട്ടലിലാണ് താമസിക്കുന്നതെങ്കിലും തൊട്ടടുത്തുള്ള ലുലു മാളില്‍ ഒരിക്കല്‍ മാത്രമാണ് ഈ മൂന്ന് മാസത്തില്‍ തനിക്ക് പോകാന്‍ സാധിച്ചിട്ടുള്ളത്. പക്ഷേ  ആരാധകരുടെ സ്‌നേഹത്തെ  കുറ്റം പറയാനും അദ്ദേഹം തയ്യാറല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com