ഇന്ത്യ ചരിത്രമെഴുതി; കൊഹ് ലിയും സംഘവും പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയുടെ പ്രകടനവും നിര്‍ണായകമായി. കുല്‍ദീപ് യാദവ്  57 റണ്‍സ് വഴങ്ങി നാലും ചാഹല്‍  രണ്ടു വിക്കറ്റും വീഴ്ത്തി
ഇന്ത്യ ചരിത്രമെഴുതി; കൊഹ് ലിയും സംഘവും പരമ്പര സ്വന്തമാക്കി

പോര്‍ട്ട് എലിസബത്ത്:  ഒരു മല്‍സരം മാത്രം നീണ്ട കാത്തിരിപ്പിനൊടുവില്‍ പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കോഹ്ലിയും സംഘവും ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യ, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറില്‍ 201 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്ക് 41ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തം.

കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുല്‍ദീപ് യാദവ്‌യുസ്‌വേന്ദ്ര ചാഹല്‍ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശില്‍പികളാകുന്നതിനും മല്‍സരം സാക്ഷ്യം വഹിച്ചു. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ ഉഴുതുമറിച്ച മണ്ണിലായിരുന്നു കുല്‍ദീപ്-ചാഹല്‍ സഖ്യത്തിന്റെ വിളവെടുപ്പ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയുടെ പ്രകടനവും നിര്‍ണായകമായി. കുല്‍ദീപ് യാദവ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലും ചാഹല്‍ 9.2 ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒന്‍പത് ഓവറില്‍ 30 റണ്‍സിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ബുംമ്ര ഒരു വിക്കറ്റ് നേടി.

 ഹാഷിം അംലയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 92 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സെടുത്ത അംലയെ തകര്‍പ്പന്‍ ത്രോയിലൂടെ പുറത്താക്കിയ ഹാര്‍ദിക്, ഫീല്‍ഡിങ്ങിലും താരസാന്നിധ്യമായി. ഇന്ത്യന്‍ കൈക്കുഴ സ്പിന്നര്‍മാരെ മെരുക്കാന്‍ ദക്ഷിണാഫ്രിക്ക അവതരിപ്പിച്ച ഹെന്റിക് ക്ലാസന്‍ അവസാനം വരെ ചെറുത്തുനിന്നെങ്കിലും കുല്‍ദീപിന്റെ പന്തില്‍ ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്ങില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവും തീര്‍ന്നു. ക്ലാസന്‍ 42 പന്തില്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 39 റണ്‍സെടുത്തു.


നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഹൈലൈറ്റ്. 17–ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സും സഹിതം 115 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ലുങ്കി എന്‍ഗിഡി ഒന്‍പത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ്!ലി, 23 പന്തില്‍ എട്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത് ശ്രേയസ് അയ്യര്‍ക്കു മാത്രം. അയ്യര്‍ 37 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 30 റണ്‍സെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com