ആരായിരിക്കും 2019 ലോക കപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ്? കളി തുടങ്ങും മുന്‍പ് തന്നെ സുരേഷ് റെയ്‌ന പറഞ്ഞു കഴിഞ്ഞു, അത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ആയിരിക്കുമെന്ന്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്ന വേളയിലായിരുന്നു സുരേഷ് റെയ്‌ന കോഹ് ലിയെ പ്രശംസ കൊണ്ട് മൂടിയത്.
ലോക കപ്പില്‍ കോഹ് ലിയുടെ റണ്‍സിനായുള്ള ദാഹം അദ്ദേഹത്തിന്റെ വ്യക്തിഗത നേട്ടങ്ങള്‍ക്കും, ടീമിനും ഗുണം ചെയ്യും. റണ്‍സിനായി ദാഹിക്കുകയാണ് കോഹ് ലി. അത് അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നു തന്നെ വ്യക്തമാണ്. ഫിറ്റ്‌നസിന്റെ കാര്യത്തിലും കോഹ് ലി മുന്നിലാണ്.
സ്‌ട്രൈക്ക് കോഹ് ലി മാറ്റിക്കൊണ്ടിരിക്കും. ലൂസ് ബോളുകള്‍ കിട്ടിയാല്‍ തക്ക ശിക്ഷ കൊടുക്കും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് കോഹ് ലി. അതില്‍ ഒരു സംശയവുമില്ല. ലോക കപ്പ് ജയിക്കാനുള്ള ആഗ്രഹം കോഹ് ലിക്കുള്ളില്‍ തീവ്രമാണെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറയുന്നു.
മികച്ച പ്രകടനം നടത്തിയിട്ടും തന്നെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന നടപടി ഏറെ വേദനിപ്പിച്ചിരുന്നുവെന്നും റെയ്‌ന തുറന്നു പറയുന്നു. എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെ യോ യോ ടെസ്റ്റ് പാസായി. ഈ കാലയളവിലെല്ലാം ഇന്ത്യക്കായി കളിക്കുക എന്ന ആഗ്രഹം കൂടുതല്‍ ശക്തമായി വളരുകയാണ് ചെയ്തത്. എനിക്ക് 31 വയസായി എന്നത് സത്യമാണ്. എന്നാല്‍ പ്രായം ഒരു സംഖ്യമാത്രമാണ്. എനിക്കിനിയും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. 2019ലെ ലോക കപ്പ് കളിക്കാനും താന്‍ ആഗ്രഹിക്കുന്നതായി റെയ്‌ന പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ