നിങ്ങളുടെ പ്രശംസ വേണ്ട, സ്വപ്ന ലോകത്ത് ജീവിക്കാനും ഞാന്‍ ഇല്ല; മാധ്യമങ്ങള്‍ക്ക് നേരെ വാളെടുത്ത് കോഹ് ലി

നിങ്ങളുടെ പ്രതികരണങ്ങള്‍, അത് പ്രശംസ ആയാലും വിമര്‍ശനം ആയാലും എനിക്ക് വിഷയമല്ല
നിങ്ങളുടെ പ്രശംസ വേണ്ട, സ്വപ്ന ലോകത്ത് ജീവിക്കാനും ഞാന്‍ ഇല്ല; മാധ്യമങ്ങള്‍ക്ക് നേരെ വാളെടുത്ത് കോഹ് ലി

തലക്കെട്ടുകള്‍ സൃഷ്ടിക്കുകയല്ല, ക്രിക്കറ്റ് കളിക്കുകയാണ് ഞങ്ങളുടെ ജോലി. അത് ഇവിടെ ഭംഗിയായി ഞങ്ങള്‍ ചെയ്തു. ദക്ഷിണാഫ്രിക്കയിലെ പരമ്പര ജയം കോഹ് ലിയുടെ ക്രിക്കറ്റ് കരിയറിലെ വലിയ ജയമാണോ എന്ന ചോദ്യത്തില്‍ പ്രകോപിതനായിട്ടായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി. 

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ മാധ്യമ പടയുമായുള്ള കോഹ് ലിയുടെ അസ്വാരസ്യം നിറഞ്ഞു നിന്നായിരുന്നു ഏകദിന പരമ്പരയ്ക്ക് പിന്നാലെയുള്ള പ്രസ് കോണ്‍ഫറന്‍സും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളില്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങളുടേത്  മോശം ടീമാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഞങ്ങളിപ്പോള്‍ ഏകദിന പരമ്പര ജയിച്ചിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടേത് മികച്ച ടീമാണോ എന്ന് നിങ്ങള്‍ പറയണം. 

ഞങ്ങളുടെ ചിന്താഗതിയില്‍ ഒരു മാറ്റവും ഞങ്ങള്‍ വരുത്തിയില്ല. ക്രിക്കറ്റില്‍ മാത്രമാണ് ഞങ്ങള്‍ ശ്രദ്ധ കൊടുത്തത്. ഇത് വലിയ പരമ്പര ജയമായാലും അല്ലെങ്കിലും കളിക്കുക, കഠിനാധ്വാനം ചെയ്ത് മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ജോലി. എല്ലാ കളിയും ജയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നുംകോഹ് ലി പറയുന്നു. 

ആറാം ഏകദിനത്തിലെ കോഹ് ലിയുടെ സെഞ്ചുറിയെ പുകഴ്ത്തിയെ മാധ്യമപ്രവര്‍ത്തകന് നേരെയും വന്നു ഇന്ത്യന്‍ നായകന്റെ ദയയില്ലാത്ത മറുപടി. രണ്ട് ടെസ്റ്റുകളില്‍ പരാജയപ്പെട്ട് നിന്ന് ഞങ്ങള്‍ക്ക് ഒരു സാധ്യതയും 90 ശതമാനം പേരും നല്‍കിയിരുന്നില്ല. അന്ന് നിങ്ങള്‍ ഞങ്ങളെ വിമര്‍ശിച്ച അതേ റൂമില്‍ തന്നെയാണ് നമ്മളിപ്പോഴും. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് കയറി വന്നതെന്ന് ഞങ്ങള്‍ക്കറിയാം. 

നിങ്ങളുടെ പ്രശംസകള്‍ എല്ലാം കേട്ട് സ്വപ്ന ലോകത്ത് ജീവിക്കാന്‍ ഞാന്‍ ഇല്ല. നിങ്ങളുടെ പ്രതികരണങ്ങള്‍, അത് പ്രശംസ ആയാലും വിമര്‍ശനം ആയാലും എനിക്ക് വിഷയമല്ല. 2-0ന് ടെസ്റ്റില്‍ പിന്നിട്ട് നിന്നപ്പോള്‍ ആയാലും, 5-1ന് ഏകദിനത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോഴായാലും നിങ്ങളെ ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു. 

ഡുപ്ലസിയുടെ സാന്നിധ്യമില്ലായ്മ ഒരു അവസരത്തിലും ഇന്ത്യയ്ക്ക് ഗുണം ചെയ്തതായി തോന്നിയിട്ടില്ലെന്നും കോഹ് ലി പറയുന്നു. ശ്രീലങ്കയെ 9-0ന് തോല്‍പ്പിച്ചപ്പോള്‍ അവര്‍ ശക്തരല്ലാത്ത ടീമാണെന്നാണ് എല്ലാവരും പറഞ്ഞത്. പിന്നെ ഞങ്ങള്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. അപ്പോള്‍ പലരും പറഞ്ഞത് ഓസ്‌ട്രേലിയ നല്ല ഏകദിന ടീം അല്ലെന്നാണ്. എന്നാല്‍ ഞങ്ങള്‍ പിന്നാലെ ന്യൂസിലാന്‍ഡിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചു, ഇപ്പോള്‍ ദക്ഷിണാഫ്രിക്കയേയും. ഇതിനര്‍ഥം ഞങ്ങള്‍ ടീമിനെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ്. എതിര്‍ ടീമില്‍ ആര് കളിക്കുന്നു, ആര് വിട്ടു നില്‍ക്കുന്നു എന്നത് ഞങ്ങള്‍ക്ക് വിഷയമല്ലെന്നും കോഹ് ലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com