വിമര്‍ശിക്കാന്‍ വരട്ടേ, ആദ്യം ബാറ്റിങ് ഓര്‍ഡറില്‍ ധോനിക്ക് സ്ഥാനക്കയറ്റം നല്‍കണം; പിന്തുണയുമായി റെയ്‌ന

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് വിലയിരുത്തപ്പെടുന്ന ധോനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഓവറുകളിലായി നേരിട്ട 85 പന്തുകളില്‍ നേടിയതാവട്ടെ 69 റണ്‍സ്
വിമര്‍ശിക്കാന്‍ വരട്ടേ, ആദ്യം ബാറ്റിങ് ഓര്‍ഡറില്‍ ധോനിക്ക് സ്ഥാനക്കയറ്റം നല്‍കണം; പിന്തുണയുമായി റെയ്‌ന

അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താനുള്ള ബുദ്ധിമുട്ടും മോശം ഫോമും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ധോനിക്ക്  നേരെ വിമര്‍ശകരെ എത്തിക്കുന്നുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് വിലയിരുത്തപ്പെടുന്ന ധോനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഓവറുകളിലായി നേരിട്ട 85 പന്തുകളില്‍ നേടിയതാവട്ടെ 69 റണ്‍സ്.

ബാറ്റിങ്ങ് ഓര്‍ഡറില്‍ ആറാമതായും ഏഴാമതായുമായിരുന്നു ധോനി കളിക്കാനിറങ്ങിയിരുന്നത്. വിമര്‍ശകര്‍ ധോനിക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍ ഇന്ത്യന്‍ മുന്‍ നായകന് പിന്തുണയുമായി എത്തുകയാണ് സുരേഷ്  റെയ്‌ന. ധോനിയെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റണമെന്നാണ് റെയ്‌ന പറയുന്നത്. 

ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടുന്നതോടെ മികച്ച ഇന്നിങ്‌സുകള്‍ ധോനിയില്‍ നിന്നും പ്രതീക്ഷിക്കാം. ഇതിലൂടെ കൂടുതല്‍ സമയം അദ്ദേഹത്തിന് ലഭിക്കുകയും, അടിച്ചു കളിക്കാന്‍ സാധിക്കുകയും ചെയ്യും. ബാറ്റിങ് ഓര്‍ഡറില്‍ മുന്‍പില്‍ ഇറങ്ങിയാല്‍ ടീം സ്‌കോറിന് അടിത്തറപാകാന്‍ ശേഷിയുള്ള കളിക്കാരനാണ് ധോനിയെന്നും റെയ്‌ന പറയുന്നു. 

ബാറ്റിങ് ഓര്‍ഡറിലെ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ 45 തവണയാണ് ധോനി ബാറ്റ് ചെയ്തിരിക്കുന്നത്. ഈ പൊസിഷനില്‍ 64.47 ബാറ്റിങ് ശരാശരിയില്‍ 2321 റണ്‍സാണ് ധോനിയുടെ സമ്പാദ്യം. മൂന്ന് സെഞ്ചുറികളും, 18 അര്‍ധ ശകതങ്ങളും അദ്ദേഹം ഈ പൊസിഷനില്‍ ബാറ്റ് ചെയ്തപ്പോള്‍ നേടി. 

അഞ്ചാമനായി 68 തവണ ധോനി ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങി. 53.29 ശരാശരിയില്‍ 2718 റണ്‍സ് സ്‌കോര്‍ ചെയ്ത ധോനി, 4 സെഞ്ചുറിയും, 15 അര്‍ധ ശതകവും ഈ പൊസിഷനില്‍ നിന്നും സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com