ആരെങ്കിലും എന്നെ തിരികെ ഒന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിക്കൂ, കരഞ്ഞ് പറഞ്ഞ് ജര്‍മ്മന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2018 02:27 PM |
Last Updated: 22nd February 2018 02:27 PM | A+A A- |
നാലാം സീസണ്‍ തുടരെ മൂന്ന് സമനിലകളും, തോല്‍വിയുമായി ബ്ലാസ്‌റ്റേഴ്‌സ് ആരംഭിച്ചപ്പോള്‍ തന്നെ ആരാധകര്‍ മിസ് ചെയ്തതാണ് അന്റോണിയോ ജര്‍മന്‍ എന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ താരത്തെ. മൂന്നാം സീസണില്‍ ജര്‍മ്മന്‍ ഗ്രൗണ്ടിലിറങ്ങുമ്പോഴും, ട്രിബ്ലിങ്ങുകളിലൂടെ ബോക്‌സിനുള്ളിലേക്ക് കയറുമ്പോഴുമെല്ലാം ആരവം തീര്‍ത്തിരുന്ന ആരാധകര്‍ക്ക് അദ്ദേഹത്തെ മിസ് ചെയ്തില്ലങ്കിലല്ലേ അത്ഭുതമുള്ളു.
ആരാധകര്‍ക്ക് മിസ് ചെയ്യുന്നത് പോലെ തന്നെ ജര്‍മ്മനും ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെയങ്ങ് മിസ് ചെയ്യുന്നു. അങ്ങിനെ ജര്‍മന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു, എന്നെ ആരെങ്കിലും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരികെ എത്തിക്കൂ എന്ന്.
ഒരു തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായ താരങ്ങള്‍ക്കെല്ലാം ബ്ലാസ്‌റ്റേഴ്‌സുമായി ഉടലെടുക്കുന്ന അടുപ്പം നമുക്കറിയാവുന്നതാണ്. ഹോസുവും, ബെല്‍ഫോര്‍ട്ടുമെല്ലാം അതിന് തെളിവാണ്. ഇതിന് പിന്നില്‍ മഞ്ഞപ്പട കൂട്ടത്തിന്റെ സ്‌നേഹമാണെന്ന് ഈ കളിക്കാര്‍ തന്നെ പറയുന്നുണ്ട്. ഇത്രയും ആരാധക പിന്തുണ വേറെ എവിടെ കിട്ടുമെന്നാണ് അവര്‍ ചോദിക്കുന്നത്.
രണ്ട് സീസണുകളില്‍ കേരളത്തിന്റെ ഭാഗമായിരുന്ന ജര്‍മ്മന്‍ ആറ് തവണയാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയിട്ടുള്ളത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ സെമി പ്രഫഷണല്‍ ക്ലബായ ഹെമല്‍ ഹെംസ്റ്റഡിന് വേണ്ടിയാണ് ജര്‍മന്‍ ബൂട്ടണിയുന്നത്.