ജയിച്ചു കയറാന്‍ ബ്ലാസ്‌റ്റേഴ്‌സ്, പഴംകഞ്ഞി കരുത്തില്‍ വിനീത്, പ്രകോപിപ്പിക്കാന്‍ ചെന്നൈ ഫാന്‍സ്, കരുതലോടെയിരിക്കാന്‍ മഞ്ഞപ്പട കൂട്ടം

പരിശീലനം തകൃതിയായി നടത്തുക മാത്രമല്ല,  പഴം കഞ്ഞി കുടിച്ച് സൂപ്പര്‍ സ്‌ട്രോങ് ആവുക കൂടിയാണ് വിനീത്
ജയിച്ചു കയറാന്‍ ബ്ലാസ്‌റ്റേഴ്‌സ്, പഴംകഞ്ഞി കരുത്തില്‍ വിനീത്, പ്രകോപിപ്പിക്കാന്‍ ചെന്നൈ ഫാന്‍സ്, കരുതലോടെയിരിക്കാന്‍ മഞ്ഞപ്പട കൂട്ടം

അവസാന ഹോം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്. സ്വന്തം കാണികള്‍ക്ക് മുന്നിലെ അവസാന ഹോം മത്സരം ജയിക്കുക എന്നതിനേക്കാള്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത്. 

ഇതിന് മുന്‍പ് ചെന്നൈയുമായി ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. ജിങ്കാന്റെ കയ്യില്‍ കൊണ്ടെന്ന് വിധിച്ച് റഫറി അനുവദിച്ച പെനാല്‍റ്റിയില്‍ പിടിച്ചായിരുന്നു ചെന്നൈയുടെ ഗോളെങ്കില്‍, ഇഞ്ചുറി ടൈമില്‍ ബോക്‌സിനുള്ളില്‍ കയറി ജിങ്കാന്‍ നല്‍കിയ പാസ് വലയിലേക്കെത്തിച്ചായിരുന്നു വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോള്‍ അടിച്ചത്. 

ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരമാണ് കൊച്ചിയിലേത്. തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ പൂര്‍ണമായും അടയും.  ചെന്നൈയ്ക്ക് ജയം സെമി ഉറപ്പിക്കും. എന്നാല്‍ അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താതെയാണ് ചെന്നൈ എത്തുന്നതെന്നത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കുന്നുണ്ട്. 

അങ്ങിനെ ജയം മാത്രം മുന്നില്‍ വെച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുമ്പോള്‍ കരുത്തുറ്റ കളി പുറത്തെടുക്കാന്‍ തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. പരിശീലനം തകൃതിയായി നടത്തുക മാത്രമല്ല,  പഴം കഞ്ഞി കുടിച്ച് സൂപ്പര്‍ സ്‌ട്രോങ് ആവുക കൂടിയാണ് വിനീത്. ഇന്‍സ്റ്റഗ്രം സ്‌റ്റേറ്റസിലാണ് പഴംകഞ്ഞിക്കഥ വിനീത് പറയുന്നത്. 

പഴം കഞ്ഞി കഴിച്ച് സൂപ്പര്‍ സ്‌ട്രോങ്ങിലെത്താന്‍ വിനീത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒരുങ്ങവെ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ക്ലബ് മഞ്ഞപ്പട ആരാധകര്‍ക്ക് കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. ചെന്നൈ ആരാധകരുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങളുണ്ടായേക്കാം. എന്നാല്‍ സംയമനത്തോടെ ഇരിക്കണമെന്നാണ് ആരാധക കൂട്ടത്തിനുള്ള നിര്‍ദേശം. ടീമിനെ ജയത്തിലേക്കെത്തിക്കുന്നതിനായി പിന്തുണയ്ക്കുക എന്നത് മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നും മഞ്ഞപ്പട കൂട്ടം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com