ആ കിരീടം കേരളത്തിനു തന്നെ; താരനിര അണിനിരന്ന ഗ്യാലറിയില്‍ താരം അവരാണ്

ആ കിരിടം കേരളത്തിനു തന്നെ; താരനിര അണിനിരന്ന ഗ്യാലറിയില്‍ താരം അവരാണ്
ആ കിരീടം കേരളത്തിനു തന്നെ; താരനിര അണിനിരന്ന ഗ്യാലറിയില്‍ താരം അവരാണ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീം സെമി കാണാതെ പുറത്തേക്കുള്ള വഴിയിലാണെങ്കിലും കാണികളുടെ എണ്ണത്തില്‍ കീരീടം കേരളത്തിന്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഐഎസ്എല്‍ നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ വേദിയാവുകയാണ് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം.

ഒന്‍പതു മത്സരങ്ങള്‍ കാണാനായി മൂന്നു ലക്ഷത്തോളം പേരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഗ്രൗണ്ടിലെത്തിയത്. കൃത്യമായി 2,85,870 പേരാണ് കൊച്ചിയില്‍ കളി കാണാന്‍ വന്നത്. ഓരോ മത്സരത്തിലും ശരാശരി 31,763 പേര്‍. കേരള ടീമിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്ക്കാണ് ഇതിന്റെ മുഖ്യ ക്രെഡിറ്റും. 

്അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയില്‍ ഇത്തവണ ഒരു ലക്ഷത്തലേറെപ്പേര്‍ കാണികളായെത്തി. 1,10,856 പേരാണ് എട്ടു മത്സരങ്ങള്‍ കാണാന്‍ സാള്‍ട്ട്‌ലേക്കിലെത്തിയത്. 13,857 പേരാണ്, ഇവിടത്തെ ശരാശശരി കാണികള്‍. രണ്ടാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയേക്കാള്‍ ഇരട്ടിയിലേറെയാണ് മുന്നിലെത്തിയ കൊച്ചിയിലെ കാണികളുടെ എണ്ണം.

വെള്ളിയാഴ്ച അവസാന മത്സരത്തിന് നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്കൊപ്പം വ്ന്‍ താരനിരയാണ് കൊച്ചിയിലെ ഗ്യാലറിയില്‍ അണിനിരന്നത്. ഇരുടീമുകളുടെയും ഉടമകളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അഭിഷേക് ബച്ചനും ഗ്യാലറിയിലുണ്ടായിരുന്നു. 'ക്യാപ്റ്റനില്‍' വിപി സത്യനെ അവതരിപ്പിച്ച് തരംഗമായി മാറിയ നടന്‍ ജയസൂര്യയും ഒരൊറ്റ പാട്ടു രംഗം കൊണ്ട് ലോകശ്രദ്ധ നേടിയ നടി പ്രിയ പ്രകാശ് വാര്യരും ബ്ലാസ്റ്റേഴ്‌സ്-ചെന്നെ പോരാട്ടം കാണാന്‍ കൊച്ചിയിലെത്തി. 

കളിക്കു മുമ്പായി ഗ്രൗണ്ടില്‍ ഇറങ്ങിയ ജയസൂര്യയോടെ ആവേശത്തോടെയാണ് കാണികള്‍ പ്രതികരിച്ചത്. മകനൊപ്പം കളി കാണാനെത്തിയ നടന്, ജയസൂര്യ എന്നു പേരെഴുതിയ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി സച്ചിന്‍ സമ്മാനമായി നല്‍കി. ഓള്‍ ദ ബെസ്റ്റ് ക്യാപ്റ്റന്‍ എ്ന്നു സച്ചിന്‍ പറഞ്ഞത് കപ്പടിച്ച സന്തോഷമാണ് ഉണ്ടാക്കിയതെന്ന് ജയസൂര്യ പ്രതികരിച്ചു. 

ഒരൊറ്റ കണ്ണിറുക്കലിലൂടെ വന്‍ താരങ്ങളെ വെട്ടി മുന്നിലെത്തിയ പ്രിയയെ കണ്ട്, ബോളിവുഡിലെ മുന്‍നിര താരമായ അഭിഷേക് ബച്ചന്‍ കുശലാന്വേഷണം നടത്താനെത്തിയതും ശ്രദ്ധേയമായി. വിഐപി ഗ്യാലറിയില്‍ എത്തിയ ഉടനെ തന്നെ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനൊപ്പവും അഭിഷേക് കുറച്ചു സമയം സംസാരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com