ഇനിയെങ്കിലും മഞ്ഞപ്പട അര്‍ഹിക്കുന്ന പരിശീലകനെ കൊടുക്കൂ; നറുക്ക് വീഴാന്‍ സാധ്യതയുള്ളവര്‍

ബ്ലാസ്റ്റേഴ്‌സിനെ സ്‌നേഹിക്കുന്ന മഞ്ഞപ്പടയ്ക്ക് അവരര്‍ഹിക്കുന്ന ടീമിനേയും പരിശീലകനേയുമല്ല മാനേജ്‌മെന്റ് നല്‍കിയതെന്ന വാദവും ആരാധകര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്
ഇനിയെങ്കിലും മഞ്ഞപ്പട അര്‍ഹിക്കുന്ന പരിശീലകനെ കൊടുക്കൂ; നറുക്ക് വീഴാന്‍ സാധ്യതയുള്ളവര്‍

റെനി മ്യുലന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സ് കൂടാരം വിട്ടതിന് പിന്നാലെ ആരാകും മഞ്ഞപ്പടയെ മേയ്ക്കാന്‍ ഇനിയെത്തുക എന്ന ആശങ്കയിലാണ് ആരാധകര്‍. ഒരു ജയം മാത്രമായി മുന്നോട്ടു പോകുന്ന ബ്ലാസ്‌റ്റേഴ്‌സിനെ പോയിന്റ് ടേബിളില്‍ മുകളിലേക്ക് കൊണ്ടുവരാന്‍ തന്ത്രങ്ങള്‍ മെനയാന്‍ ശേഷിയുള്ള ആരാളെ തന്നെ മാനേജ്‌മെന്റ് കൊണ്ടുവരുമെന്നാണ് മഞ്ഞപ്പടയുടെ ആരാധകരുടെ പ്രതീക്ഷ.

ബംഗളൂരു എഫ്‌സിയോട് സ്വന്തം തട്ടകത്തില്‍ നേരിടേണ്ടി വന്ന 3-1ന്റെ തോല്‍വി ആരാധകരില്‍ ടീമിലുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം തട്ടിയകറ്റുന്നതായിരുന്നു. പക്ഷേ പോയിന്റ് ടേബിളില്‍ അവസാനക്കാരായാലും ബ്ലാസ്‌റ്റേഴ്‌സിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്. 

ചങ്ക് കൊടുത്ത് ബ്ലാസ്റ്റേഴ്‌സിനെ സ്‌നേഹിക്കുന്ന മഞ്ഞപ്പടയ്ക്ക് അവരര്‍ഹിക്കുന്ന ടീമിനേയും പരിശീലകനേയുമല്ല മാനേജ്‌മെന്റ് നല്‍കിയതെന്ന വാദവും ആരാധകര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇതിനെല്ലാം ഇടയില്‍ ആരെയാകും പുതിയ കോച്ചായി നിയമിക്കുക  എന്നാണ് മഞ്ഞപ്പടയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ഇപ്പോഴത്തെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച താങ്‌ബോയ് സിങ്‌ടോ ആയിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ഇടക്കാല പരിശീലകന്റെ റോളിലേക്കെത്തുക എന്നാണ് സൂചനകള്‍. 

ആഷ്‌ലി വെസ്റ്റ്വുഡ്

ഇംഗ്ലണ്ടില്‍ 18 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറുള്ള മുന്‍ ഇംഗ്ലീഷ് താരം ആഷ്‌ലി വെസ്റ്റ്വുഡാണ് മ്യുലന്‍സ്റ്റീന് പകരക്കാരനായി  സച്ചിന്റെ ടീമിലെത്താന്‍ സാധ്യതയുള്ളവരില്‍ ഒരാള്‍. മഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രൊഡക്റ്റായ ആഷ്‌ലിയുടെ പ്രീമിയര്‍ ലീഗ് പരിചയം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയാല്‍ ടീമിന് ഗുണം ചെയ്‌തേക്കും. 

2013 ജൂലൈയില്‍ ഹീറോ ഐലിഗീല്‍ ബംഗളൂരു എഫ്‌സിയുടെ മാനേജറായും ആഷ്‌ലി പ്രവര്‍ത്തിച്ചിരുന്നു. ആദ്യ സീസണില്‍ തന്നെ ബംഗളൂരുവിനെ വിജയത്തിലേക്കെത്തിച്ചത് ആഷ്‌ലിയുടെ നേട്ടമായിരുന്നു. 

നെലോ വിന്‍ഗാട

മൂന്ന് ദശകത്തോളമായി ടീമുകളെ മേയ്ക്കുന്നതിന്റെ അനുഭവ സമ്പത്താണ് നെലോ വിന്‍ഗടെയെന്ന പോര്‍ച്ചുഗീസ് കോച്ചിന് മുന്‍തൂക്കം നല്‍കുന്നത്. പോര്‍ച്ചുഗീസ് ടീമായ ബെലെനെസെസിന്റെ പരിശീലകനായിട്ടായിരുന്നു നെലോയുടെ പരിശീലക സ്ഥാനത്തുള്ള അരങ്ങേറ്റം. 

പോര്‍ച്ചുഗല്‍, സൗദി, ജോര്‍ദാന്‍, മലേഷ്യ തുടങ്ങിയ ദേശീയ ഫുട്‌ബോള്‍ ടീമുകളുടെ കോച്ചായും നെലോ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്നു നെലോ. 

ഡേവിഡ് പ്ലാറ്റ്

ആഴ്‌സണല്‍, നോട്ടിങ്ഹാം, ആസ്റ്റന്‍ വില്ല, യുവന്റ്‌സ് എന്നിവിടങ്ങളില്‍ കളിച്ച പരിചയമുള്ള ഇംഗ്ലീഷ് താരമാണ് ഡേവിഡ് പ്ലാറ്റ്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായും പ്ലാറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീം കോച്ചായി പ്ലാറ്റ് എത്തിയെങ്കിലും മാസിനിയുടെ പോക്കിന് പിന്നാലെ സിറ്റി വിടുകയായിരുന്നു.

ഐഎസ്എല്ലിന്റെ രണ്ടാം സീസണില്‍ പുനെയുടെ മാനേജറായിരുന്നു പ്ലാറ്റ്. 

അലക്‌സ് മക്ലെയിഷ്

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തേക്ക എത്താന്‍ പരിചയമുള്ള പേരുകളില്‍ ഒന്നാണ് സ്‌കോട്ടിഷ് താരം അലക്‌സാണ്ടര്‍ മക്ലെയിഷ്. അബര്‍ഡീന്‍ എഫ്‌സിയുടെ പരിശീലകനായിരുന്ന അലക്‌സ് മൂന്ന സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് കിരീടവും അഞ്ച് സ്‌കോട്ടിഷ് കപ്പും ടീമിന് നേടിക്കൊടുത്തിരുന്നു. 

2012ല്‍ ബിര്‍മിങ്ഹാമിലൂടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയ  അലക്‌സ് ടീമിന് നേട്ടങ്ങള്‍ നേടിക്കൊടുത്താണ് ക്ലബ് വിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com