സ്ലിപ്പില്‍ മികവുക്കാട്ടാനായില്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ വിജയമെന്ന സ്വപ്‌നം മറന്നേക്കൂ

ശിഖര്‍ ധവാനും വിരാട് കൊഹ്ലിയും രോഹിത് ശര്‍മയുമൊക്കെ ക്യാച്ചുകള്‍ വിട്ടുകളയുന്നതില്‍ ഒരുപോലെ ഉത്തരവാദികളാണ്
സ്ലിപ്പില്‍ മികവുക്കാട്ടാനായില്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ വിജയമെന്ന സ്വപ്‌നം മറന്നേക്കൂ

കഴിഞ്ഞ രണ്ടുവര്‍ഷമായി മികച്ച കളി പുറത്തെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കഴിയുന്നുണ്ടെങ്കിലും സ്ലിപ്പിലെ ടീമിന്റെ പ്രകടനം പരിതാപകരമാണ്. 2016-17ല്‍ 13ടെസ്റ്റുകള്‍ കളിച്ചതില്‍ 10ലും ഇന്ത്യയ്ക്ക് ജയം സ്വന്തമാക്കാനായെങ്കിലും സ്ലിപ്പ് ഫീല്‍ഡിംഗ് വളരെയധികം തലവേദന സൃഷ്ടിച്ചിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ സീരീസിലും ഇതേ പ്രശ്‌നം ടീമിനെ അലട്ടിയിരുന്നു. 

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ഈ പോരായ്മ നികത്താനായില്ലെങ്കില്‍ പേസിനെ അനുകൂലിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ ടീമിന് അത് ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന സിരീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്‌നം പരിഹരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നു.

'സ്ലിപ്പില്‍ ക്യാച്ചെടുക്കുന്നതില്‍ ഇന്ത്യന്‍ ടീം ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച്ചവയ്‌ക്കേണ്ടിയിരിക്കുന്നു. ബാറ്റ്‌സ്മാന്‍മാരെ ഔട്ടാക്കുന്ന രീതിക്ക് വലിയ മാറ്റമാണ് ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ സംഭവിക്കുക. ഈ സമയം സ്ലിപ്പ് ഫീല്‍ഡര്‍മാരുടെ കൈയ്യിലായിരിക്കും കളിയുടെ ജയപരാജയങ്ങള്‍. അതുകൊണ്ടുതന്നെ ഫീല്‍ഡര്‍മാര്‍ കൂടുതല്‍ ഗൗരവത്തോടെയുള്ള കളി പുറത്തെടുക്കണം കാരണം അവരുടെ കൈയ്യിലാണ് ഈ നിര്‍ണ്ണായക കളിയുടെ ഭാവി', ഗാംഗുലി പറഞ്ഞു.

ന്യൂ ഡല്‍ഹിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളില്‍ വളരെ നിര്‍ണായകമായ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തിയ കളിക്കാര്‍ സ്ലിപ്പിലെ ടീമിന്റെ പരാജയം അടിവരയിടുകയാണ്. ശിഖര്‍ ധവാനും വിരാട് കൊഹ്ലിയും രോഹിത് ശര്‍മയുമൊക്കെ ക്യാച്ചുകള്‍ വിട്ടുകളയുന്നതില്‍ ഒരുപോലെ ഉത്തരവാദികളാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ഇന്ത്യന്‍ സ്ലിപ് ഫീല്‍ഡര്‍മാര്‍ക്ക് ശോഭിക്കാനുള്ള അവസരമുണ്ടെന്നും ക്യാച്ചുകള്‍ നേരെ കൈയ്യിലേക്കെത്തുമ്പോള്‍ അവസരം വിട്ടുകളയാതിരിക്കാനാണ് ഇവര്‍ ശ്രദ്ധിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. 

വിരാട് കൊഹ്ലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി 9 വിജയങ്ങള്‍ നേടി കുതിക്കുന്ന ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ഈ സീരിസ് അക്ഷരാര്‍ത്ഥത്തില്‍ നിര്‍ണ്ണായകം തന്നെയാണ്. ഒരിക്കല്‍പോലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം നേടാന്‍ സാധിക്കാത്ത ഇന്ത്യന്‍ ചരിത്രം തിരുത്തികുറിക്കാനുള്ള ഉത്തരവാദിത്വമാണ് കൊഹ്ലിക്കും കൂട്ടര്‍ക്കും ഉള്ളത്. ക്യാപ്്റ്റനെന്ന നിലയില്‍ വിരാട് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ സീരീസെന്നും നിലവിലെ ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയമെന്ന ഇന്ത്യന്‍ കാത്തിരിപ്പിന് വിരാമമിടാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com