പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കി കോഹ്‌ലിപ്പട; ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ
പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കി കോഹ്‌ലിപ്പട; ആദ്യ ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 

കേപ്ടൗണ്‍:  ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കി ഇന്ത്യ. 208 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 135 റണ്‍സിന് പുറത്തായി. 72 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. മത്സരം അവസാനിപ്പിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. 

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്‌നിര ഒന്നൊന്നായി തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നില തെറ്റി. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറായിരുന്നു കൂടുതല്‍ അപകടകാരി. മോര്‍ക്കലും റബാദയും രണ്ടുവിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി. 

6 റണ്‍സെടുത്ത ധവാനെ പുറത്താക്കി മോര്‍ക്കലാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 13 റണ്‍സുമായി മുരളി വിജയും ക്രീസ് വിട്ടു.ഫിലാന്‍ഡറിനായിരുന്നു വിക്കറ്റ്. നാല് റണ്‍സെടുത്ത പൂജാരയെ മോര്‍ക്കല്‍ തിരിച്ചയച്ചു. കോലി 28 റണ്‍സിന് പുറത്തായപ്പോള്‍ നാല് റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ഫിലാന്‍ഡര്‍ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ ഹാര്‍ദിക് പാണ്ഡ്യക്കും ഇത്തവണ പിഴച്ചു. ഒരു റണ്ണെടുത്ത് ഹാര്‍ദിക് മടങ്ങിയപ്പോള്‍ എട്ടു റണ്‍സിന് വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നീട് അശ്വിന്‍ ഇന്ത്യയെ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫിലാന്‍ഡര്‍ ആ പ്രതീക്ഷയും അവസാനിപ്പിച്ചു. 27 റണ്‍സുമായി അശ്വിന്‍ പുറത്തായി. അതേ ഓവറില്‍ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും മടക്കി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കി. 13 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. 

നേരത്തെ രണ്ട് വിക്കറ്റിന് 65 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 130 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബൂമ്രയും ഷാമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വറും പാണ്ഡ്യയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് ചുരുട്ടിക്കെട്ടിയത്. 35 റണ്‍സെടുത്ത് അവസാന ബാറ്റ്‌സ്മാനായി പുറത്തായ എ.ബി.ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഹാഷിം അംല(4), റബാഡ(5), ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(0), ക്വിന്റണ്‍ ഡീ കോക്ക്(8) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ മണിക്കൂറില്‍ തന്നെ നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായിരുന്നു. കേശവ് മഹാരാജും(15) ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടത്തി. എന്നാല്‍ മഹാരാജിനെ ഭുവി വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വഴിയടഞ്ഞു. നടക്കാന്‍പോലും വയ്യെങ്കിലും ഡിവില്ലിയേഴ്‌സിന് കൂട്ടാവാന്‍ അവസാന ബാറ്റ്‌സ്മാനായി ഡെയ്ല്‍ സ്‌റ്റെയിന്‍ ക്രീസിലെത്തി നാലു പന്തുകള്‍ നേരിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com