ഒരു മാച്ചും കളിക്കാതെ പപ്പു യാദവിന്റെ മകന്‍ ടി20 ടീമില്‍; എംപിയുടെ മകനെ ഉള്‍പ്പെടുത്തിയത് ടോപ് സ്‌കോററെ ഒഴിവാക്കി

ബിഹാര്‍ എംപി പപ്പു യാദവിന്റെ മകന്‍ സാര്‍ദക് രഞ്ജനാണ് ഒരു കളിപോലും കളിക്കാതെ ടീമില്‍ ഇടം നേടിയത്
ഒരു മാച്ചും കളിക്കാതെ പപ്പു യാദവിന്റെ മകന്‍ ടി20 ടീമില്‍; എംപിയുടെ മകനെ ഉള്‍പ്പെടുത്തിയത് ടോപ് സ്‌കോററെ ഒഴിവാക്കി

സീസണില്‍ ഒരു മാച്ചില്‍ പൊലും കളിക്കാത്ത എംപിയുടെ മകനെ ഡല്‍ഹിയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. ബിഹാര്‍ എംപി പപ്പു യാദവിന്റെ മകന്‍ സാര്‍ദക് രഞ്ജനാണ് ഒരു കളിപോലും കളിക്കാതെ ടീമില്‍ ഇടം നേടിയത്. അണ്ടര്‍ 23 ടോപ് സ്‌കോററായ ഹിതെന്‍ ദലാലിനെ പുറത്തിരുത്തിയാണ് സാര്‍ദക്കിനെ ടീമില്‍ എടുത്തത്. 

മുന്‍ രാഷ്ട്രീയ ജനതാദള്‍ നേതാവും മദേപുരയില്‍ നിന്നുള്ള എംപിയുമാണ് പപ്പു യാദവ്. ഇപ്പോള്‍ ജന്‍ അധികാര്‍ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി ആരംഭിച്ചിരിക്കുകയാണ് യാദവ്. അദ്ദേഹത്തിന്റെ ഭാര്യ രന്‍ജീത് രഞ്ജന്‍ സുപോളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ്. 

അതുല്‍ വാസ്സന്‍, ഹരി ഗിധ്വാനി, റോബിന്‍ സിംഗ് ജൂനിയര്‍ എന്നിവരുടെ മൂന്നംഗ സെലക്ഷന്‍ കമ്മറ്റിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരെ ഒഴിവാക്കിക്കൊണ്ട് എംപിയുടെ മകന് സ്ഥാനം നല്‍കിയത്. കഴിഞ്ഞ മുസ്താഖ് അലി മാച്ചില്‍ ഡല്‍ഹിക്കുവേണ്ടി വളരെ മോശം പ്രകടനമാണ് സാര്‍ദക് കാഴ്ചവെച്ചത്. മൂന്ന് കളിയില്‍ നിന്നായി 10 റണ്ണാണ് സാര്‍ദക് നേടിയത്. 5, 3, 2 എന്നിങ്ങനെ നേടി സാര്‍ദക് തന്റെ കഴിവ് തെളിയിച്ചു. 

സീസണിന്റെ തുടക്കത്തില്‍ രഞ്ജി ട്രോഫി സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന സാര്‍ദക് സ്വയം പിന്‍വാങ്ങിയിരുന്നു. ഇതോടെ ക്രിക്കറ്റില്‍ സര്‍ദാക്കിനുള്ള താല്‍പ്പര്യം നഷ്ടപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നു. എന്നാല്‍ സീസണിന്റെ അവസാനം സാര്‍ദക്കിന്റെ അമ്മ രണ്‍ജീത് രഞ്ജന്‍ ഡിഡിസിഎ അഡ്മിനിസ്‌ട്രേറ്റര്‍ ജസ്റ്റിസ് വിക്രമജിത് സെന്നിന് മെയില്‍ അയച്ചു. തന്റെ മകന്‍ ഡിപ്രഷനില്‍ ആയിരുന്നെന്നും ഇപ്പോള്‍ കളിക്കാന്‍ തയാറാണെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു മെയില്‍. ഇതിനെത്തുടര്‍ന്നാണ് സികെ നായിഡു ട്രോഫി കളിക്കുന്ന അണ്ടര്‍ 23 ഡല്‍ഹി ടീമില്‍ സാര്‍ദക് ഇടം നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com