രഹാനെയെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ; ടീം സെലക്ഷനെ ന്യായീകരിച്ച് കോഹ്‌ലി

രഹാനെയെ ആദ്യ മല്‍സരത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി അത്ഭുതപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫ് ഡുപ്ലെസി
രഹാനെയെ ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ; ടീം സെലക്ഷനെ ന്യായീകരിച്ച് കോഹ്‌ലി

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ, ടീം സെലക്ഷനെതിരെ വിമര്‍ശനം ഉയര്‍ന്നു. ടെസ്റ്റ് ടീം ഉപനായകന്‍ അജിന്‍ക്യ രഹാനെയെ ഒഴിവാക്കിയ നടപടിയാണ് ഏറെ വിമര്‍ശന വിധേയമായത്. രഹാനെയെ ഒഴിവാക്കാനുള്ള തീരുമാനത്തെ ടെസ്റ്റിന്റെ ആദ്യദിനം തന്നെ നിരവധി പേര്‍ എതിര്‍ത്തിരുന്നു. രഹാനെയ്ക്ക് പകരം രോഹിത് ശര്‍മ്മയെയാണ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

രഹാനെയെ ആദ്യ മല്‍സരത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി തങ്ങളെ അത്ഭുതപ്പെടുത്തിയതായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫ് ഡുപ്ലെസി അഭിപ്രായപ്പെട്ടു. ഏകദിന, ട്വന്റി-20 മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് രോഹിത്. പക്ഷെ ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍, മികച്ച റെക്കോഡുള്ള രഹാനെയെ പരിഗണിക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. അതുപോലെ തന്നെ പരിചയസമ്പന്നരായവരെ തഴഞ്ഞ്, ജസ്പ്രീത് ബുംറയ്ക്ക് ടെസ്റ്റ് ക്യാപ് നല്‍കിയതും തങ്ങളെ അമ്പരപ്പിച്ചതായി ഡുപ്ലെസി പറഞ്ഞു. 

രഹാനെയ്ക്ക് പകരം ആദ്യ ഇലവനില്‍ ഇറങ്ങിയ രോഹിത് ശര്‍മ്മ രണ്ടി്‌നനിംഗ്‌സിലും നേടിയത് 11 ഉം, 10 ഉം റണ്‍സാണ്. ടെസ്റ്റില്‍ രോഹിതിന്റെ ബാറ്റിംഗ് ആവറേജ് 25.11 ആണ്. രഹാനെയുടേതാകട്ടെ 53.44 ഉം. വിദേശപിച്ചുകളില്‍ രോഹിത് ഇതുവരെ ഒരു സെഞ്ച്വറിയും ടെസ്റ്റില്‍ നേടിയിട്ടില്ല. അതേസമയം രഹാനെ, വെല്ലിംഗ്ടണ്‍, ലോര്‍ഡ്‌സ്, മെല്‍ബണ്‍, കൊളംബോ, കിംഗ്‌സ്റ്റണ്‍ എന്നിവിടങ്ങളില്‍ സെഞ്ച്വറി നേടിയ കാര്യം വിമര്‍ശകര്‍ ഉന്നയിക്കുന്നു. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തിയതും തെറ്റായ തീരുമാനമാണെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം രഹാനെയെ ഒഴിവാക്കിയ തീരുമാനത്തെ, തോല്‍വിക്ക് ശേഷവും ക്യാപ്ടന്‍ വിരാട് കോഹ്‌ലി ന്യായീകരിച്ചു. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഇലവനെ തെരഞ്ഞെടുത്തതെന്നാണ് കോഹ്‌ലിയുടെ വിശദീകരണം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫോമിന്റെ അടിസ്ഥാനത്തില്‍ ടീമിനെ തെരഞ്ഞെടുക്കുന്ന രീതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com