അര്‍ജുന്‍ തെന്‍ഡുല്‍ക്കറും സമിത് ദ്രാവിഡും വരെ നീളുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അച്ഛന്‍ മകന്‍ ബന്ധങ്ങള്‍ 

ക്രിക്കറ്റ് സ്വപ്‌നംകാണുന്ന ബഹഭൂരിപക്ഷം ആളുകളില്‍ ചുരുക്കംചിലര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യമാണ് അന്താരാഷ്ട്രമത്സരങ്ങളില്‍ ഭാഗമാകുക എന്നത്. എന്നാല്‍ ഇതേ ഭാഗ്യം മക്കളിലേക്കും പകരാന്‍ കഴിഞ്ഞ എത്ര താരങ്ങളുണ്ട
അര്‍ജുന്‍ തെന്‍ഡുല്‍ക്കറും സമിത് ദ്രാവിഡും വരെ നീളുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ അച്ഛന്‍ മകന്‍ ബന്ധങ്ങള്‍ 

ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് വികാരമാണ്, രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാകാന്‍ കൊതിക്കുന്ന നിരവധി പേരുണ്ട് ഇവിടെ. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന ഇക്കൂട്ടരില്‍ വളരെ ചുരുക്കം ചിലര്‍ക്കെ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാറൊള്ളു. അതിലും വിരളമാണ് തങ്ങളുടെ മക്കളിലേക്കും ഇതേ ക്രിക്കറ്റ് പാരമ്പര്യം പകരാന്‍ കഴിയുന്നവര്‍. 

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ - അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍

അച്ഛനെപോലെയല്ല മകന്‍, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിംഗ് ഇതിഹാസമായാണ് ക്രിക്കറ്റ് ആരാധകര്‍ സച്ചിനെ വാഴ്ത്തുന്നതെങ്കില്‍ മകന്‍ അര്‍ജുന്‍ തിളങ്ങുന്നത് ബോളിംഗിലാണ്. കൂച്ച് ബിഹര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിലൂടെ അര്‍ജുന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഒരു ഓള്‍ റൗണ്ടര്‍ തലത്തിലേക്ക് ഉയര്‍ന്നുവരുകയാണ് അര്‍ജുന്‍ എന്നാണ് വിലയിരുത്തലുകള്‍. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയ്ക്കായി ട്വന്റി ട്വന്റി മത്സരത്തില്‍ 27ബോളുകളില്‍ നിന്ന് 48റണ്‍സ് നേടിയ അര്‍ജുന്‍ ഇതേ മത്സരത്തില്‍ നാല് വിക്കറ്റുകളും നേടിയിരുന്നു.  

രാഹുല്‍ ദ്രാവിഡ്-സമിത് ദ്രാവിഡ്

കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബിടിആര്‍ കപ്പ് അണ്ടര്‍ 14 ഇന്റര്‍-സ്‌കൂള്‍ ടൂര്‍ണമെന്റിലൂടെയാണ് രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ശ്രദ്ധനേടുന്നത്. മത്സരത്തില്‍ 150 റണ്‍സാണ് സമിത് നേടിയത്. രണ്ട് വര്‍ഷം മുന്‍പുനടന്ന അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റില്‍ 125റണ്‍സ് നേടിയതും സമിത്തിനെ താരമാക്കിയിരുന്നു. 

ലാലാ അനര്‍നാഥ്- മൊഹീന്ദര്‍ അമര്‍നാഥ്

സ്വാതന്ത്യം നേടിയതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയ ആദ്യ താരമാണ് ലാലാ അമര്‍നാഥ്. ലാലയുടെ മകന്‍ മോഹീന്ദറാകട്ടെ 1983ല്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ടീം അംഗവും. ക്രിക്കറ്റ് കരിയറില്‍ 24 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനെ സാധിച്ചൊള്ളു എങ്കിലും പിന്നീട് മറ്റ് പല വേഷങ്ങളിലും തിളങ്ങി അദ്ദേഹം ക്രിക്കറ്റിനൊപ്പം നിന്നു. സെലക്ടര്‍, കോച്ച്, മാനേജര്‍ എന്നിങ്ങനെ നീളുന്നു ലാലാ വഹിച്ചിരുന്ന സ്ഥാനങ്ങള്‍. 69 ടെസ്റ്റ് മത്സരങ്ങളില്‍ 11 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 4378റണ്‍സ് നേടി മൊഹീന്ദര്‍ ക്രിക്കറ്റില്‍ തന്റേതായ ഇടം സ്ഥാപിച്ചെടുത്ത താരമാണ്.

ഇഫ്തിക്കര്‍ അലി ഖാന്‍ പട്ടൗഡി - മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി

ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏക താരമാണ് ഇഫ്തിക്കര്‍ അലി ഖാന്‍ പട്ടൗഡി. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ നായക പദവിയില്‍ എത്തിയ താരമാണ് ഇഫ്തിക്കര്‍ അലി ഖാന്റെ മകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി. 21 വയസിലാണ് അദ്ദേഹം ഇന്ത്യന്‍ നായകനാകുന്നത്. 40 ടെസ്റ്റ് മത്സരങ്ങളില്‍ മന്‍സൂര്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. 1967ല്‍ രാജ്യത്തിന് പുറത്ത് ഇന്ത്യന്‍ ടീം ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോള്‍ ടീമിനെ നയിച്ചത് മന്‍സൂര്‍ അലി തന്നെ. 

വിജയ് മഞ്ജരേക്കര്‍-സഞ്ജയ് മഞ്ജരേക്കര്‍

ഫാസ്റ്റ് ബൗളുകളെ നേരിടുന്നതില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭകളില്‍ ഒന്നെന്നാണ് വിജയ് മഞ്ജരേക്കര്‍ വിശേഷിപ്പിക്കപ്പെടുന്നത്. 1952ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മുതല്‍ 55 ടെസ്റ്റുകളില്‍ നിന്നായി രാജ്യത്തിനായി 3208റണ്ണുകള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 37 ടെസ്റ്റുകളിലും 74 ഏകദിനങ്ങളുമാണ് സഞ്ജയ് ഇന്ത്യയ്ക്കായി ബാറ്റേന്തിയത്. ടെസ്റ്റില്‍ 2043റണ്‍സും ഏകദിനത്തില്‍ 1994റണ്‍സും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

സുനില്‍ ഗവാസ്‌കര്‍ - രോഹന്‍ ഗവാസ്‌കര്‍

ഇന്ത്യയില്‍ മാത്രമല്ല ലോകത്തിലെതന്നെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍ എന്ന വിശേഷണത്തിന് അര്‍ഹനാണ് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങുമ്പോഴൊക്കെ റെക്കോര്‍ഡുകള്‍ ഓരോന്നായി തിരുത്തയിരുന്ന താരം വരും തലമുറയ്ക്ക് മുന്നില്‍ നിരവധി പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുമുണ്ട്. ക്രിക്കറ്റില്‍ 10,000റണ്‍സ്, 30 സെഞ്ചരികള്‍ തൂടങ്ങിയ നേടങ്ങള്‍ ആദ്യമായി കീഴടക്കിയ താരമാണ് സുനില്‍ ഗവാസ്‌കര്‍. അച്ഛന്റെ പാത പിന്തുടര്‍ന്നു ക്രിക്കറ്റ് ലോകത്തേക്ക് കടക്കുകയായിരുന്നു മകന്‍ രോഹന്‍ ഗവാസ്‌കറും. എന്നാല്‍ അച്ഛനെ പോലെ ശോഭിക്കാന്‍ മകന് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. പക്ഷെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമാകാനുള്ള അവസരം രോഹന് ലഭിച്ചിരുന്നു. പക്ഷെ 11 മത്സരങ്ങളില്‍ മാത്രമേ രോഹന് അന്താരാഷ്ട്ര തലത്തില്‍ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചൊള്ളു. 

യോഗരാജ് സിംഗ്-യുവരാജ് സിംഗ്

പലപ്പോഴും അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള ദൗത്യവുമായാണ് മക്കള്‍ കളിക്കളത്തിലേക്കിറങ്ങുന്നതെങ്കില്‍ ഇവിടെ കാര്യം അല്‍പം വ്യത്യസ്തമാണ്. കാരണം അച്ഛനേക്കാള്‍ കളിക്കളത്തിലെ കേമന്‍ മകനാണ്. ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരവും ആറ് ഏകദിനങ്ങളും മാത്രമാണ് യോഗരാജ് കളിച്ചതെങ്കില്‍ ഇന്ത്യുടെ തകര്‍പ്പന്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലെ ആദ്യ പേരുകളില്‍ ഒന്നാണ് യുവരാജ്. ഒരോവറിലെ എല്ലാ പന്തുകളും സിക്‌സറിന് പറത്തിയ യുവരാജിന് ക്രിക്കറ്റ് ആസ്വദിക്കാത്തവര്‍പോലും ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

റോജര്‍ ബിന്നി-സ്റ്റുവാര്‍ട്ട് ബിന്നി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ എടുത്തുപറയേണ്ട പേരാണ് റോജര്‍ ബിന്നിയുടേത്. 1983ലെ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ റോജറിന്റെ പങ്ക് പ്രകടമായിരുന്നു. ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് ഇദ്ദേഹം 18വിക്കറ്റുകളാണ് നേടിയത്. അച്ഛനേപോലെതന്നെ സ്റ്റുവാര്‍ട്ടും മധ്യനിര ബാറ്റ്മാനായിരുന്നു. പക്ഷെ ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മാത്രം നിറഞ്ഞതായിരുന്നു താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com