മെസിക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ തീര്‍ക്കുന്ന റെക്കോര്‍ഡുകളുടെ  കോട്ടയുണ്ട്; ഫുട്‌ബോള്‍ മിശിഹയ്ക്ക് തകര്‍ക്കാന്‍ കഴിയാത്തത്‌

ക്രിസ്റ്റിയാനോ തീര്‍ത്ത, മെസിക്ക അപ്രാപ്യമാകുമെന്ന് വിലയിരുത്തപ്പെടുന്ന ചില റെക്കോര്‍ഡുകള്‍
മെസിക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ തീര്‍ക്കുന്ന റെക്കോര്‍ഡുകളുടെ  കോട്ടയുണ്ട്; ഫുട്‌ബോള്‍ മിശിഹയ്ക്ക് തകര്‍ക്കാന്‍ കഴിയാത്തത്‌

റെക്കോര്‍ഡുകള്‍ വീതം വെച്ചെടുത്താണ് ക്രിസ്റ്റിയാനോയും മെസിയും ഫുട്‌ബോള്‍ ലോകത്തെ അടക്കിവാഴുന്നത്. എന്നാല്‍ പരസ്പരം തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകളും ഇരുവരും തീര്‍ത്തിട്ടുണ്ടെന്നാണ് ഫുട്‌ബോള്‍ ലോകത്തെ വിദഗ്ധരുടെ പക്ഷം. 

അഞ്ച് ബാലന്‍ ദി ഓറുകള്‍ സ്വന്തമാക്കിയ താരങ്ങള്‍, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ താരങ്ങള്‍(7), യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ഏറ്റവും കൂടുതല്‍ തവണ നേടിയവര്‍(4), തുടര്‍ച്ചയായ ഏഴ് സീസണുകളില്‍ ലാലീഗയില്‍ 25ന് മുകളില്‍ ഗോള്‍ സ്‌കോര്‍ ചെയ്തവര്‍...അങ്ങിനെ മെസിക്കും, ക്രിസ്റ്റിയാനോയ്ക്കും മാത്രം അവകാശപ്പെടാനാവുന്ന റെക്കോര്‍ഡുകള്‍ നിരവധിയുണ്ട്. 

എന്നാല്‍ മെസി തീര്‍ത്ത ചില റെക്കോര്‍ഡുകള്‍ ക്രിസ്റ്റിയാനോ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപ്രാപ്യമായത് പോലെ ക്രിസ്റ്റിയാനോയുടെ ചില റെക്കോര്‍ഡുകളിലേക്ക് മെസിക്കും നോട്ടമെത്തിക്കാനാവില്ല. അങ്ങിനെ ക്രിസ്റ്റിയാനോ തീര്‍ത്ത, മെസിക്ക അപ്രാപ്യമാകുമെന്ന് വിലയിരുത്തപ്പെടുന്ന ചില റെക്കോര്‍ഡുകള്‍ നോക്കാം. 

സ്ഥിരതയില്‍ ആരാണ് മുന്നില്‍?

മികച്ച കളിക്കാരന് ലോക ഫുട്‌ബോളിലെ ഒന്നാം നിരയിലേക്കെത്താന്‍ കളിക്കളത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനാവണം. സ്ഥിരതയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിനെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്നത്. 2009ല്‍ റയലിലേക്ക് എത്തിയ ക്രിസ്റ്റിയാനോ പിന്നീടങ്ങോട്ടുള്ള ഓരോ ലാലീഗ സീസണിലും 40 ഗോളുകള്‍ അടിച്ചു പറത്തിയിട്ടുണ്ട്. 

ലാലിഗയില്‍ ഏറ്റവും വേഗത്തില്‍ 150, 200 ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡും ക്രിസ്റ്റിയാനോയ്ക്ക് സ്വന്തം. തുടര്‍ച്ചയായ ആറ് സീസണുകളില്‍ 50 ഗോളിന് മുകളില്‍ പറത്താന്‍ റയല്‍ നായകന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മെസിക്കാകട്ടെ അഞ്ച് സീസണുകളില്‍ മാത്രമാണ് 50 ഗോള്‍ എന്ന നേട്ടത്തില്‍ എത്താനായത്. 

ചാമ്പ്യന്‍സ് ലീഗ് ക്രിസ്റ്റ്യാനോയുടെ കളിത്തട്ട്

ലാലിഗയിലും, പ്രീമിയര്‍ ലീഗിലും മാത്രമല്ല, യുവേഫ ചാമ്പ്യന്‍സ് ലീഗിലും മെസിക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ തന്നെ. മൂന്ന് തവണ, കലണ്ടര്‍ വര്‍ഷത്തില്‍ 15ല്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോയുടെ പേരിലാണ്. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളില്‍ എല്ലാ കളിയിലും സ്‌കോര്‍ ചെയ്ത താരവും ക്രിസ്റ്റിയാനോ തന്നെ.

ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോളുകള്‍ നേടുന്ന ഏക താരവും പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ തന്നെ. ഇതുവരെ 114 ഗോളുകള്‍ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗില്‍ നേടിക്കഴിഞ്ഞു, മെസിയേക്കാള്‍ 17 ഗോളുകള്‍ക്ക് മുന്നില്‍.

ഗോള്‍വേട്ടയിലെ ഒന്നാമന്‍

2011 മുതല്‍ 2014 വരെ ഓരോ കലണ്ടര്‍ വര്‍ഷവും തുടര്‍ച്ചയായി 60 ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോയുടെ പേരിലാണ് ഇപ്പോഴും. മെസിക്കാകട്ടെ രണ്ട് തവണ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്, 2010ലും, 2012ലും. എന്നാല്‍ 2012 മെസിക്ക് മികച്ച വര്‍ഷമായിരുന്നു. 91 ഗോളുകളോടെയായിരുന്നു അന്ന് മെസിയുടെ തേരോട്ടം. 

തുടര്‍ച്ചയായി ഏഴ് വര്‍ഷം 50ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന താരം ക്രിസ്റ്റിയാനോയാണ്, 2011 മുതല്‍ 2017 വരെയായിരുന്നു ഇത്. 

അന്താരാഷ്ട്ര ഫുട്‌ബോളിലും ക്രിസ്റ്റിയാനോ തന്നെ

അന്താരാഷ്ട്ര തലത്തില്‍ മെസിയേക്കാള്‍ നേട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റിയാനോയാണ്. 2016ല്‍ പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. 2017ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടീമിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. 

അര്‍ജന്റീനയെ നേട്ടങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുന്നതില്‍ മെസിക്ക് ജയിക്കാനായിട്ടില്ല. 2014ല്‍ ലോക കപ്പ് ഫൈനലിലേക്ക് എത്തിച്ചെങ്കിലും ജര്‍മനിക്ക മുന്നില്‍ മെസിയും മുട്ടുമടക്കി. അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോള്‍ നില പരിശോധിക്കുമ്പോള്‍ നേരിയ മുന്‍തൂക്കവും ക്രിസ്റ്റിയാനോയ്ക്ക് തന്നെ. 79 ഗോളുകളാണ് പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ നേടിയത്. മെസിയാവട്ടെ 61. 

കളിക്കനുസരിച്ചുള്ള ഗോള്‍ ശരാശരിയില്‍ ഇരുവരും നേരിയ വ്യത്യാസത്തിലാണ് മുന്നോട്ടു പോകുന്നത്. ഗോള്‍ പെര്‍ ഗെയിം അനുപാതമാണ് മെസി, ക്രിസ്റ്റ്യാനോ എന്നിവരുടെ കാലുകളിലേക്ക് ലോക ഫുട്‌ബോളിനെ ചുരുക്കുന്നത്. 279 ലാലിഗ മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റിയാനോ 289 ഗോളുകള്‍ നേടി. 401 ലാലിഗ കളിച്ച മെസി നേടിയത് 366 ഗോളുകളും. ലാലിഗയിലെ ഗോള്‍ പെര്‍ ഗെയിം അനുപാതത്തില്‍ മെസിയേക്കാള്‍ മുന്നില്‍ ക്രിസ്റ്റ്യാനോയാണ്. 0.91 ആണ് മെസിയുടെ ഗോള്‍ പെര്‍ ഗെയിലം അനുപാതമെങ്കില്‍ ക്രിസ്റ്റ്യാനോയുടേത് 1.04 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com