അഞ്ച് മാസമായി ശമ്പളം പോലുമില്ല; റെയില്‍വേയുടെ പകപോക്കല്‍ സമ്മാനത്തില്‍ വലഞ്ഞ് ഹര്‍മന്‍പ്രീത്‌

ലോക കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ ഡിഎസ്പി റാങ്കില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു
അഞ്ച് മാസമായി ശമ്പളം പോലുമില്ല; റെയില്‍വേയുടെ പകപോക്കല്‍ സമ്മാനത്തില്‍ വലഞ്ഞ് ഹര്‍മന്‍പ്രീത്‌

വനിതാ ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യയ്ക്കായി തീപാറും പ്രകടനം നടത്തിയ ഹര്‍മന്‍പ്രീത് കൗറിനെ സ്‌നഹേവും, അഭിനന്ദനങ്ങളും സമ്മാനങ്ങളുമെല്ലാം കൊണ്ടു മൂടുകയായിരുന്നു രാജ്യം. പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങിനെയൊന്നുമല്ല. അഞ്ച് മാസമായി ശമ്പളം പോലും തനിക്ക് നല്‍കിയിട്ടില്ലെന്ന് പറയുകയാണ്‍ ഹര്‍മന്‍ പ്രീത്. 

ലോക കപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഹര്‍മന്‍പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ ഡിഎസ്പി റാങ്കില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. അതുവരെ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ സ്‌പോര്‍ട്‌സ് കോട്ടയില്‍ ലഭിച്ച ജോലിയായിരുന്നു ഹര്‍മന്‍പ്രീതിനുണ്ടായിരുന്നത്. 

2017ല്‍ ജൂലൈയില്‍ പഞ്ചാബ് പൊലീസില്‍ ഡിഎസ്പിയായി ഹര്‍മന്‍പ്രീതിന് ജോലി വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഇതുവരെ ജോയിന്‍ ചെയ്യാന്‍ ഈ പഞ്ചാബി ബാറ്റ്‌സ് വുമണിന് സാധിച്ചിട്ടില്ല. വെസ്റ്റേണ്‍ റെയില്‍വേയാണ് ഇവിടെ വില്ലനാവുന്നത്. തന്റെ രാജിക്കത്ത് സ്വീകരിക്കാന്‍ വെസ്റ്റേണ്‍ റെയില്‍വേ തയ്യാറാവുന്നില്ല എന്നതിന് പുറമെ, ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും തനിക്ക് നല്‍കുന്നില്ലെന്നും ഹര്‍മന്‍പ്രീത് പറയുന്നു. 

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഹര്‍മന് വെസ്റ്റേണ്‍ റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. എന്നാലിപ്പോള്‍ ഈ കരാര്‍ കാലാവധി അവസാനിക്കാതെ ജോലിയില്‍ നിന്നും ഹര്‍മന്‍പ്രീതിന് പിന്‍വാങ്ങാന്‍ സാധിക്കില്ലെന്ന നിലപാടാണ് വെസ്റ്റേണ്‍ റെയില്‍വേ സ്വീകരിക്കുന്നത്. 

അഞ്ച് വര്‍ഷത്തെ ബോണ്ട് കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ജോലിയില്‍ നിന്നും പിന്‍വാങ്ങണമെങ്കില്‍ 27 ലക്ഷം രൂപ നല്‍കണമെന്നാണ് വെസ്റ്റേണ്‍ റെയില്‍വേയുടെ നിലപാടെന്നും ഹര്‍മന്‍പ്രീത് പറയുന്നു. മൂന്ന് വര്‍ഷമാണ് ഞാന്‍ വെസ്റ്റേണ്‍ റെയില്‍വേയില്‍ ജോലി ചെയ്തത്. എന്നാല്‍ അഞ്ച് വര്‍ഷത്തെ ശമ്പളം തിരികെ നല്‍കണമെന്നാണ് അവര്‍ പറയുന്നത്. ലോക കപ്പിന് ശേഷം അഞ്ച് മാസം റെയില്‍വേയില്‍ നിന്നോ, പഞ്ചാബ് സര്‍ക്കാരില്‍ നിന്നോ തനിക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്ന് ഹര്‍മന്‍ പറയുന്നു. 

എന്നാല്‍ വെസ്റ്റേണ്‍ റെയില്‍വേയുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര റെയില്‍വേ മന്ത്രിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഹര്‍മന്‍പ്രീതിന്റെ കാര്യത്തിലെ വ്യത്യസ്ഥ സാഹചര്യം കണക്കിലെടുത്ത് രാജി റെയില്‍വേ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് അമരീന്ദര്‍ തിങ്കളാഴ്ച കത്തയക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com