എങ്ങിനെ കളിക്കണമെന്ന് ദാ ഗോവയെ കണ്ട് പഠിക്ക്; ബ്ലാസ്റ്റേഴ്‌സിനോട് ഐ.എം.വിജയന്‍

ഗോളടിക്കാന്‍ മിടുക്കരാണെങ്കിലും ഗോവയുടെ പ്രതിരോധം ശക്തമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ അവര്‍ ആ കുറവും പരിഹരിച്ചു
എങ്ങിനെ കളിക്കണമെന്ന് ദാ ഗോവയെ കണ്ട് പഠിക്ക്; ബ്ലാസ്റ്റേഴ്‌സിനോട് ഐ.എം.വിജയന്‍

കൊച്ചി: സ്വന്തം മണ്ണില്‍ ഗ്യാലറി നിറച്ച മഞ്ഞപ്പടയ്ക്ക് മുന്നില്‍ ഗോവയോട് പ്രതികാരം തീര്‍ക്കാനിറങ്ങി തോറ്റു കയറിയ ബ്ലാസ്‌റ്റേഴ്‌സിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍. ഗോവ കളിച്ചു, നല്ല ഒന്നാന്തരം കളി. എങ്ങിനെയാണ് കളിക്കേണ്ടതെന്ന് ഗോവ ബ്ലാസ്‌റ്റേഴ്‌സിന് കാണിച്ചു കൊടുക്കുകയായിരുന്നുവെന്ന് മനോരമയിലെഴുതിയ കോളത്തില്‍ വിജയന്‍ പറയുന്നു. 

ബ്ലാസ്റ്റേഴ്‌സിന്റെ മണ്ണില്‍ വന്ന് ഇത്രയും ആത്മവിശ്വാസത്തോടെ കൂളായി കളിച്ച ഗോവന്‍ താരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സ്വന്തം കാണികള്‍ക്ക് മുന്നിലായിട്ട് പോലും പ്രസിങ് ഗെയിം പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മെനക്കെട്ടില്ലെന്ന് വിജയന്‍ ചൂണ്ടിക്കാട്ടുന്നു. 

ഗോളടിക്കാന്‍ മിടുക്കരാണെങ്കിലും ഗോവയുടെ പ്രതിരോധം ശക്തമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ അവര്‍ ആ കുറവും പരിഹരിച്ചു. ഡിഫന്‍സിലും വണ്‍ ടച്ച് ഫുട്‌ബോള്‍ കളിച്ച ഗോവന്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബാക്കിയുള്ള ആത്മവിശ്വാസം പോലും തകര്‍ത്തിട്ടുണ്ടാകുമെന്നും പറയുന്നു. 

തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഉണര്‍ന്നു കളിച്ചിരുന്നു. അതിന്റെ ഫലമായിട്ടാണ് വിനീതിന്റെ ഗോള്‍ പിറന്നത്. എന്നാല്‍ അതേ കളി നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഫിറ്റ്‌നെസിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരാജയമാണ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യങ്ങള്‍ മുതലാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും വിജയന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com