പരിശീലകര്‍ വാഴാതെ ഐഎസ്എല്‍ ; എടികെ കോച്ച് ടെഡി ഷെറിംഗ്ഹാമും പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2018 12:01 PM |
Last Updated: 25th January 2018 12:01 PM | A+A A- |

കൊല്‍ക്കൊത്ത : ഐഎസ്എല്‍ സീസണ്‍ മധ്യഘട്ടത്തിലെത്തിനില്‍ക്കെ, കൊല്‍ക്കത്ത ടീമായ എടികെ മുഖ്യപരിശീലകന്‍ ടെഡി ഷെറിംഗ്ഹാമിനെ പുറത്താക്കി. സീസണിലെ ടീമിന്റെ മോശം പ്രകടനം കണക്കിലെടുത്താണ് മാനേജ്‌മെന്റിന്റെ നടപടി. സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കെ, ടീമിന് പുറത്താകുന്ന മൂന്നാമത്തെ പരിശീലകനാണ് ടെഡി.
ചെന്നൈയിന്‍ എപ്‌സിക്കെതിരായ മല്‍സരത്തിനുള്ള പരിശീലനത്തിനിടെയാണ് ടെഡി ഷെറിംഗ്ഹാമിനെ പുറത്താക്കിയതായി ടീം മാനേജ്‌മെന്റ് പ്രസ്താവിച്ചത്. അസിസ്റ്റന്റ് കോച്ച് ആഷ്‌ലെ വെസ്റ്റ്‌വുഡ് ഇടക്കാല കോച്ചാകുമെന്നും എടികെ സഹ ഉടമ ഉത്സവ് പരേഖ് വ്യക്തമാക്കി.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്ട്‌സ്‌പെയര്‍ ടീമുകളുടെ സ്‌ട്രൈക്കറായി തിളങ്ങിയ ടെഡി ഷെറിംഗ്ഹാമിനെ കഴിഞ്ഞ ജൂലൈയിലാണ് എടികെ മുഖ്യ പരിശീലകനായി നിയമിച്ചത്. എന്നാല്‍ ടെഡിയുടെ കീഴില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെ, 10 കളികളില്‍ നാലു തോല്‍വിയും മൂന്നു സമനിലകളും അടക്കം പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
സീസണില്‍ എട്ടു മല്‍സരങ്ങള്‍ കൂടിയാണ് എടികെയ്ക്ക് അവശേഷിക്കുന്നത്. ഇതില്‍ നിന്നും അവസാന നാലില്‍ ടീമിനെ എത്തിക്കുക എന്ന ഹിമാലയന്‍ ദൗത്യമാണ് ഇടക്കാല പരിശീലകനായ അഷ്‌ലെ വെസ്റ്റ്‌വുഡിന്റെ ചുമലിലെത്തിയത്.
രണ്ടു ലോകകപ്പ് ടൂര്‍ണമെന്റ് അടക്കം ഇംഗ്ലണ്ടിന് വേണ്ടി 51 രാജ്യാന്തര മല്‍ഡസരങ്ങല്‍ കളിച്ച താരമാണ് ടെഡി ഷെറിംഗ്ഹാം. ഐ ലീഗില്‍ ബംഗലൂരു എഫ്‌സിയെ രണ്ടു വട്ടം ചാമ്പ്യന്മാരാക്കിയതും ടെഡിയുടെ പരിശാലനത്തിന് കീഴിലാണ്. ഐഎസ്എല്‍ സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കെ, ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമിന് പുറത്തുപോകേണ്ടി വന്ന മൂന്നാമത്തെ പരിശീലകനാണ് ടെഡി.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജോവ ഡി ഡ്യൂസാണ് ആദ്യം പുറത്താക്കപ്പെട്ട കോച്ച്. തൊട്ടുപിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ റെനെ മ്യൂലന്‍സ്റ്റീനും പരിശീലനപ്പണിയില്‍ നിന്നും തെറിച്ചിരുന്നു. മലേഷ്യന്‍ ദേശീയ ടീം പരിശീലകനായിരുന്ന നീലോ വിന്‍ഗാഡയാണ് നോര്‍ത്ത് ഈസ്റ്റിന്റെ പുതിയ പരിശീലകന്‍. ചെല്‍സിയ മുന്‍ മാനേജര്‍ അവ്രാം ഗ്രാന്‍ഡിനെ ഉപദേശകനായും നിയമിച്ചിട്ടുണ്ട്. അതേസമയം മുന്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന ചുമതല ഏല്‍പ്പിച്ചത്.