ഗോള്‍ 2018: മൂവാറ്റുപുഴ നിര്‍മ്മല , തൃശൂര്‍ കേരളവര്‍മ്മ കോളേജുകള്‍ ക്വാര്‍ട്ടറില്‍ ; ശ്രേയസിന് ഹാട്രിക് 

ഗോള്‍ 2018 ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മ്മല കോളേജും, രണ്ടും തവണ ചാമ്പ്യന്മാരായ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജും ക്വാര്‍ട്ടറില്‍
ഗോള്‍ 2018: മൂവാറ്റുപുഴ നിര്‍മ്മല , തൃശൂര്‍ കേരളവര്‍മ്മ കോളേജുകള്‍ ക്വാര്‍ട്ടറില്‍ ; ശ്രേയസിന് ഹാട്രിക് 

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ 2018 ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മ്മല കോളേജും, രണ്ടും തവണ ചാമ്പ്യന്മാരായ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജും ക്വാര്‍ട്ടറില്‍. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കരുത്തരും ആതിഥേയരുമായ മഹാരാജാസ് കോളജിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിര്‍മ്മല കോളേജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്്. മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കുന്നതായിരുന്നു കേരള വര്‍മ്മ കോളേജിന്റെ പ്രകടനം. പത്ത് മിനിറ്റിനുളളില്‍ ഹാട്രിക് പ്രകടനം കാഴ്ച വെച്ച ശ്രേയസ് വി ജിയാണ് കേരള വര്‍മ്മയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്വാര്‍ട്ടറില്‍ നിര്‍മ്മല കോളേജിനെയാണ് കേരള വര്‍മ്മ എതിരിടുക.

മഹാരാജാസിന്റെ പ്രതിരോധത്തെ തകര്‍ത്ത് ജിതിന്‍ എമ്മും, അഭിരാം ഷാജിയും തൊടുത്ത എണ്ണം പറഞ്ഞ ഈ രണ്ടു ഗോളുകളാണ് നിര്‍മ്മല കോളേജിന് ക്വാര്‍ട്ടറിലേക്കുളള വഴി തുറന്നത്. 

കേരളത്തിന്റെ സന്തോഷ് ട്രോഫി കളിക്കാരന്‍ ജിതിന്‍ എംഎസാണ് കേരള വര്‍മ്മയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്നാംമിനിറ്റിലാണ് മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ വല ചലിച്ചത്. പിന്നിട് കേരള വര്‍മ്മയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഹാട്രിക് നേടിയ ശ്രേയസ് വി ജിയുടെ വിസ്മയ പ്രകടനത്തിനാണ് പിന്നിട് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. എട്ട്, 14, 17 മിനിറ്റുകളിലായിരുന്നു ശ്രേയസ് എതിരാളിയുടെ വല കുലുക്കിയത്. ആദ്യപകുതിയില്‍ ക്രിസ്റ്റി ഡേവിസും, ആദീബ് ബഷീറും ഓരോ ഗോളുകള്‍ വീതം നേടി കേരളവര്‍മ്മയുടെ ഗോള്‍ സ്‌കോര്‍ ആറാക്കി ഉയര്‍ത്തി. 

തിരിച്ചുവരാന്‍ മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ഒരു അവസരം പോലും നല്‍കാതെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കേരള വര്‍മ്മ പുറത്തെടുത്തത്. അവസാനം രണ്ടാംപകുതിയില്‍ ഒരു ആശ്വാസ ഗോള്‍ പോലും നേടാന്‍ അനുവദിക്കാതെ ഒരു ഗോള്‍ കൂടി നേടി കേരള വര്‍മ്മ സ്‌കോര്‍നില ഏഴായി ഉയര്‍ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com